Quantcast

ജീവിതം തന്നെ സമരമാക്കി മാറ്റിയ പോരാളി

ആധുനിക കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തോട് ചേര്‍ത്തു പറയേണ്ട പേരാണ് കെ.ആർ ഗൗരിയമ്മയുടേത്

MediaOne Logo

Web Desk

  • Published:

    11 May 2021 11:34 AM GMT

ജീവിതം തന്നെ സമരമാക്കി മാറ്റിയ പോരാളി
X

ആധുനിക കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തോട് ചേര്‍ത്തു പറയേണ്ട പേരാണ് കെ.ആർ ഗൗരിയമ്മയുടേത്. സംസ്ഥാനം കണ്ട ഏറ്റവും ശക്തയായ ഭരണാധികാരികളിലൊരാള്‍. കേരളീയ സമൂഹ്യജീവിതത്തിന്‍റെ ഗതി മാറ്റിയ നിരവധി ഭരണ പരിഷ്കാരങ്ങളുടെ ശില്‍പി. എല്ലാറ്റിലുമുപരി ജീവിതം തന്നെ സമരമാക്കി മാറ്റിയ പോരാളി. അങ്ങനെ വിശേഷണങ്ങള്‍ അനവധിയുണ്ട് കളത്തിപ്പറമ്പില്‍ രാമന്‍ ഗൌരിയെന്ന കെ ആര്‍ ഗൌരിയമ്മക്ക്.

കര്‍ഷക സമരഭൂമിയായ ആലപ്പുഴയില്‍ 1919 ജൂലൈയില്‍ ആയിരുന്നു ഗൌരിയമ്മയുടെ ജനനം. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയപ്രവേശം. 1953ലെ തിരുവിതാംകൂര്‍ നിയമസഭഗത്വമാണ് പാര്‍ലമെന്‍ററി രാഷ്ട്രീയത്തിന്‍റെ തുടക്കം. തൊട്ടടുത്ത വര്‍ഷം തിരു-കൊച്ചി നിയമസഭയിലെത്തി. 1956ല്‍ ഐക്യകേരളത്തിന്‍റെ ആദ്യമന്ത്രിസഭയില്‍ അംഗമായി. 1957-ലെ പ്രഥമകേരള മന്ത്രിസഭയിലെ റെവന്യൂ വകുപ്പുമന്ത്രി . ഇക്കാലത്താണ് കേരളത്തിന്‍റെ ജാതകം തിരുത്തിയ കേരളകാർഷിക പരിഷ്കരണനിയമവും ഭൂമി പതിച്ചുകൊടുക്കൽ നിയമവും നിയമസഭയിൽ അവതരിപ്പിച്ചതും പാസ്സാക്കിയതും .

ആരെയും അത്ഭുതപ്പെടുത്തുന്ന രാഷ്ട്രീയ നേട്ടങ്ങളുടെ ഉടമ കൂടിയാണ് ഗൌരിയമ്മ. പതിനൊന്ന് തവണ നിയമാസഭാംഗം, അഞ്ച് തവണ മന്ത്രിയായി. ജീവിതയാത്രയിലുടനീളം ഒരു പോരാളിയായിരുന്നു ഗൌരിയമ്മ. പാര്‍ട്ടിക്ക് വേണ്ടിയും പാര്‍ട്ടിക്കുള്ളിലും അവര്‍ ഒരു പോലെ പൊരുതി. പുരുഷാധിപത്യ രാഷ്ട്രീയ യുക്തിക്ക് അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു ഗൌരിയമ്മയുടെ പല നിലപാടുകളും. അതു കൊണ്ടു തന്നെയാകണം അര്‍ഹതപ്പെട്ട പല വാതിലുകളുംഗൌരിക്ക് മുന്നില്‍ തുറന്നില്ല. നിലപാടിലെ കാർക്കശ്യം അവർക്ക് പാർട്ടിയില്‍ നിന്ന് പുറത്തേക്കുള്ള വഴിയൊരുക്കി.

1994 ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തനം ആരോപിച്ച് ഗൌരിയമ്മയെ സിപിഎം പുറത്താക്കി. തുടർന്ന് ജെ.എസ്.എസ് രൂപീകരിച്ച് യുഡിഎഫിനൊപ്പം ചേർന്നു. 2001ലെ എ.കെ ആന്‍റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ അംഗമായി. പിന്നീട് യുഡിഎഫുമായി അകന്നു. പ്രായത്തിന്‍റെ പരിമിതികള്‍ ഗൌരിയെ തളര്‍ത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം യു.ഡി.എഫില്‍ നിന്ന് പുറത്തേക്ക് നടന്നു. അവസാനം സിപിഎമ്മിന്‍റെ തണലിലേക്ക് തന്നെ അവർ അഭയം തേടി. അസാധാരണമായ മനക്കരുത്തും അക്ഷീണമായ ലക്ഷ്യബോധവുമായിരുന്നു കെ ആര്‍ ഗൌരിയെ മലയാളികളുടെ ഗൌരിയമ്മയാക്കിയത്. ഐക്യ കരളം പിച്ചവെച്ച് തുടങ്ങിയ നാള്‍ മുതല്‍ കരുത്തും കരുതലുമായി അതിനൊപ്പം നടന്ന രാഷ്ട്രീയമാതൃഭാവമാണ് ഗൗരിയമ്മയുടെ വിയോഗത്തോടെ ഓർമ്മയാകുന്നത്. ഗൗരിയമ്മക്ക് അന്ത്യാഭിവാദ്യം.

TAGS :

Next Story