Quantcast

ശ്വേതയും സാന്ദ്രയും ജയിച്ചാല്‍ സ്വര്‍ണ ലിപിയില്‍ രേഖപ്പെടുത്തണം; ചരിത്രം കടപ്പെട്ടിരിക്കുന്നത് ഡബ്ല്യുസിസിയോടും 18 സ്ത്രീകളോടും: കെ.ആര്‍ മീര

ഡബ്ല്യു സി സി എന്ന സംഘടനയോടും സ്വന്തം ജോലിയും നിലനിൽപ്പും പണയം വച്ച് അതിനു രൂപം നൽകിയ പതിനെട്ടു സ്ത്രീകളോടും ചരിത്രം കടപ്പെട്ടിരിക്കുന്നു

MediaOne Logo

Web Desk

  • Published:

    29 July 2025 4:28 PM IST

ശ്വേതയും സാന്ദ്രയും ജയിച്ചാല്‍ സ്വര്‍ണ ലിപിയില്‍ രേഖപ്പെടുത്തണം; ചരിത്രം കടപ്പെട്ടിരിക്കുന്നത് ഡബ്ല്യുസിസിയോടും 18 സ്ത്രീകളോടും:  കെ.ആര്‍ മീര
X

കോട്ടയം: താരസംഘടനയായ അമ്മയുടെയും നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെയും തെരഞ്ഞെടുപ്പുകളിൽ പ്രതികരണവുമായി എഴുത്തുകാരി കെ.ആര്‍ മീര. അമ്മ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോനും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സാന്ദ്ര തോമസും ജയിച്ചാൽ സ്വർണലിപികളിൽ രേഖപ്പെടുത്തേണ്ടതാണെന്ന് മീര ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മലയാള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്കു സാന്ദ്ര തോമസ് മൽസരിക്കുന്നു. എ എം എം എ പ്രസിഡന്‍റ് സ്ഥാനത്തേക്കു ശ്വേത മേനോനും. ചരിത്രത്തിൽ ആദ്യമായാണ് ഈ സ്ഥാനങ്ങളിലേക്കു രണ്ടു വനിതാ സ്ഥാനാർത്ഥികൾ. ഇവർ വിജയിച്ചാൽ അതു സ്വർണലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെങ്കിലും മലയാള സിനിമയിലെ ഈ രണ്ടു സംഘടനകളിൽ പ്രധാന സ്ഥാനങ്ങളിൽ സ്ഥാനാർത്ഥികളാകാൻ സ്ത്രീകൾക്ക് അവസരമുണ്ടായതിനു ഡബ്ല്യു സി സി എന്ന സംഘടനയോടും സ്വന്തം ജോലിയും നിലനിൽപ്പും പണയം വച്ച് അതിനു രൂപം നൽകിയ പതിനെട്ടു സ്ത്രീകളോടും ചരിത്രം കടപ്പെട്ടിരിക്കുന്നു.

രണ്ടു സംഘടനകളും താരതമ്യം ചെയ്യുമ്പോൾ, കടുത്ത പോരാട്ടം സാന്ദ്ര തോമസിന്റേതാണ്. സാന്ദ്രയുടെ ജീവിതം തന്നെ പോരാട്ടമാണ്. ആദ്യ സിനിമയെടുക്കുമ്പോൾ വെറും ഇരുപത്തഞ്ചാം വയസ്. പന്ത്രണ്ടു വർഷമായി തുടർച്ചയായി സിനിമയെടുക്കുന്നു.

പത്തുമുപ്പതു വർഷമായി ഒരേ ആളുകൾ നയിക്കുന്ന സംഘടന എന്നതാണു ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രധാന സവിശേഷത. ഭാരവാഹികളായ നാലുപേർ തനിക്കെതിരേ ചെയ്ത ഗുരുതരമായ കുറ്റകൃത്യത്തിനെതിരേ സാന്ദ്ര തോമസ് പരാതിപ്പെട്ടു. സാന്ദ്രയെ സംഘടന പുറത്താക്കി. സാന്ദ്ര കോടതിയിൽ പോയി. കോടതി നടപടി സ്റ്റേ ചെയ്തു. തനിക്കെതിരെ കുറ്റകൃത്യം ചെയ്തവർക്കെതിരേ സാന്ദ്ര പോലീസിൽ പരാതി നൽകി. പൊലീസ് കുറ്റകൃത്യം അന്വേഷിച്ചു തെളിവുസഹിതം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ ജാമ്യമെടുത്തു. പക്ഷേ, അവർ ഭാരവാഹികളായി തുടരുന്നു. മാത്രമല്ല. ഇപ്പോഴത്തെ തിരഞ്ഞെടുപ്പിൽ വീണ്ടും അതേ പദവികളിലേക്കു മൽസരിക്കുകയും ചെയ്യുന്നു. അതിൽ പ്രതിഷേധിച്ചാണു സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്കു സാന്ദ്ര തോമസ് പാനൽ ഉണ്ടാക്കി മൽസരിക്കുന്നത്.

(എ.എം.എം.എയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി മൽസരിക്കുന്ന നടന്റെ പേരിലും ലൈംഗികാതിക്രമ കേസ് നിലവിലുണ്ട്. ) നാമനിർദ്ദേശപത്രിക നൽകാൻ സാന്ദ്ര തോമസ് പോയതു കറുത്ത പർദ്ദധരിച്ചാണ്. സ്വാഭാവികമായും മാധ്യമങ്ങളുടെ ചോദ്യങ്ങളെല്ലാം വസ്ത്രത്തെ കേന്ദ്രീകരിച്ചായി. വസ്ത്രമാണ് ലൈംഗികാതിക്രമങ്ങൾക്കു പ്രേരകമെന്ന സന്ദേശമല്ലേ നൽകുന്നത്, പർദ്ദയാണു സ്ത്രീക്ക് ഏറ്റവും സുരക്ഷിത വസ്ത്രമെന്നു തെളിയിക്കുകയാണോ തുടങ്ങിയ ചോദ്യങ്ങൾ.

സാന്ദ്രയുടെ മറുപടി കൃത്യമായിരുന്നു : സംഘടനയുടെ നിലവിലെ സാഹചര്യങ്ങളിൽ ഈ വസ്ത്രമാണ് സുരക്ഷിതമെന്നും, ഞാൻ ക്രിസ്ത്യാനിയാണ്, ബൈബിളിലെ സാറയുടെ വേഷവും ഇതായിരുന്നു എന്നും. ബൈബിളിലെ സാറ ഒരു സങ്കീർണമായ കഥാപാത്രമാണ്. ബിസി ഒന്നാം സഹസ്രാബ്ദത്തിലോ രണ്ടാം സഹസ്രാബ്ദത്തിലോ ആണു സാറ ജീവിച്ചിരുന്നത്. അതായത്, കൊടിയ പിതൃമേധാവിത്വത്തിന്റെയും ആൺമേൽക്കോയ്മയുടെയും ഗോത്രജീവിതത്തിന്റെയും കാലം.

സാമൂഹികമായും ബൌദ്ധികമായും അന്നത്തെ അവസ്ഥയിലാണ് ഇത്തരം സംഘടനകളിലെ പ്രമാണിമാരും. ചരിത്രവും പൌരധർമവും ഭരണഘടനയുമൊന്നും അവരുടെ തലച്ചോറിൽ കടന്നു ചെന്നിട്ടില്ല. സ്ത്രീയെ വ്യക്തിയായോ പൌരനായോ അവർ കാണുന്നില്ല. ശരീരമായും വസ്ത്രമായും മാത്രമേ കാണുന്നുള്ളൂ. പാവങ്ങൾക്ക് അതിനുംമാത്രം അറിവും ബോധവുമേ ഉള്ളൂ. കൂടുതൽ പോരാട്ടങ്ങൾക്കു സാന്ദ്ര തോമസിനും ശ്വേത മേനോനും നൻമ നേരുന്നു.

TAGS :

Next Story