ജാമ്യമാണ് നിയമമെന്ന കൃഷ്ണയ്യരുടെ തത്വം കോടതികൾ മറന്നു തുടങ്ങി; ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്
വിചാരണത്തടവുകാരെ ദീർഘകാലം ജയിലിൽ താമസിപ്പിക്കുന്നതിനെ ജസ്റ്റിസ് അയ്യർ എതിർത്തിരുന്നതായി കേരള ഹൈക്കോടതിയിൽ വെച്ച് നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഓർത്തെടുത്തു

കൊച്ചി: ജാമ്യമാണ് നിയമം ജയിൽ അപവാദവുമെന്ന കൃഷ്ണയ്യരുടെ തത്വം കോടതികൾ മറന്നു തുടങ്ങിയിരിക്കുന്നുവെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്. 'മൗലികാവകാശങ്ങളും സംസ്ഥാന നയത്തിന്റെ നിർദേശക തത്വങ്ങളും സന്തുലിതമാക്കുന്നതിൽ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെ പങ്ക്' എന്ന വിഷയത്തിൽ 11ാമത് കൃഷ്ണയ്യർ അനുസ്മരണ പരിപാടിക്കിടെയാണ് പരാമർശം. വിചാരണത്തടവുകാരെ ദീർഘകാലം ജയിലിൽ താമസിപ്പിക്കുന്നതിനെ ജസ്റ്റിസ് അയ്യർ എതിർത്തിരുന്നതായി കേരള ഹൈക്കോടതിയിൽ വെച്ച് നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഓർത്തെടുത്തു.
'ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ പുതിയ വഴിത്തിരിവുകൾ സൃഷ്ടിച്ച വ്യക്തിയാണ് കൃഷ്ണയ്യർ. ജാമ്യമാണ് നിയമമെന്നും ജയിൽ അപവാദമാണെന്നും പറഞ്ഞ് നീതിന്യായ വ്യവസ്ഥയുടെ ചിന്താഗതിയിൽ മാറ്റം കൊണ്ടുവന്ന വ്യക്തി. എന്നാൽ സമീപ കാലങ്ങളിൽ ഈ തത്വം പലരും മറന്നിരിക്കുന്നുവെന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷേ അടുത്തിടെ നടന്ന പ്രേം പ്രകാശ്, മനീഷ് സിസോദിയ, കവിത എന്നിവരും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റും തമ്മിലുള്ള കേസിൽ കൃഷ്ണയ്യരുടെ തത്വങ്ങൾ നടപ്പിലാക്കാൻ എനിക്ക് സാധിച്ചു' എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.
നിയമശാസ്ത്രത്തിലെ കവിയും പൊതുജീവിതത്തിൽ ദീർഘവീക്ഷണമുള്ള വ്യക്തിയുമാണ് ജസ്റ്റിസ് അയ്യരെന്ന് ഗവായ് അഭിപ്രായപ്പെട്ടു. വിചാരണത്തടവുകാരെ ദീർഘകാലം ജയിലിൽ അടക്കുന്നതിനെ അവകാശ ലംഘനമാണെന്ന് ജസ്റ്റിസ് അയ്യർ വിശ്വസിച്ചിരുന്നതായും ഭരണഘടനയെ സാമൂഹിക പരിവർത്തനത്തിനുള്ള ഉപകരണമായിട്ടാണ് അദ്ദേഹം കണ്ടിരുന്നതെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് പേരുകേട്ട വ്യക്തിയാണ് കൃഷ്ണയ്യരെന്നും തന്റെ 22 വർഷത്തെ നിമയ കരിയറിലുടനീളം സാമൂഹിക സാമ്പത്തിക നീതി നടപ്പാക്കുന്നതിൽ കൃഷ്ണയ്യർ പിന്തുടർന്നിരുന്ന തത്വങ്ങൾ പാലിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഗവായ് പറഞ്ഞു. ശാരദ കൃഷ്ണ സദ്ഗമയ ഫൗണ്ടേഷൻ ഫോർ ലോ ആൻഡ് ജസ്റ്റിസ് ആണ് പരിപാടി സംഘടിപ്പിച്ചത്.
Adjust Story Font
16

