Quantcast

'സ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാവകാശമാണ്'; വിവാദങ്ങൾക്കിടെ കെ.ടി ജലീൽ

കശ്മീർ പോസ്റ്റ് വിവാദങ്ങൾക്കിടെ ഡൽഹിയിലെ പരിപാടികൾ റദ്ദാക്കി ജലീൽ ഇന്ന് നാട്ടിൽ തിരിച്ചെത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    14 Aug 2022 3:59 PM GMT

സ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാവകാശമാണ്; വിവാദങ്ങൾക്കിടെ കെ.ടി ജലീൽ
X

തിരുവനന്തപുരം: വിവാദ കശ്മീർ പരാമർശത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ മന്ത്രി കെ.ടി ജലീൽ. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായാണ് ജലീലിന്റെ പുതിയ പോസ്റ്റ്. സ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാവകാശമാണെന്നും ശക്തിയും ആയുധവും കൊണ്ട് ബലവാന്മാർ എത്രയോ നൂറ്റാണ്ടുകൾ മറ്റുള്ളവർക്കത് നിഷേധിച്ചുവെന്നും ജലീൽ കുറിച്ചു.

''ലോകമൊട്ടുക്കും സാമ്രാജ്യത്വത്തിന്റെയും അടിമത്തത്തിന്റെയും കരാളഹസ്തങ്ങളിൽനിന്നുള്ള മോചനത്തിനായി പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങൾ അരങ്ങേറി. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ബലിക്കല്ലിൽ ലക്ഷക്കണക്കിന് മനുഷ്യരാണ് പിടഞ്ഞുമരിച്ചത്. സമരത്തിൽ പങ്കെടുത്ത് ജീവിതം കശക്കിയെറിയപ്പെട്ടവർക്ക് കൈയും കണക്കുമില്ല. ധീരകേസരികളുടെ തുല്യതയില്ലാത്ത ത്യാഗത്തെ അഭിമാനപൂർവം നമുക്ക് അനുസ്മരിക്കാം. ധീരരക്തസാക്ഷികളേ, ബിഗ് സല്യൂട്ട്, ജയ്ഹിന്ദ്.''-ജലീൽ കുറിച്ചു.

കശ്മീർ പോസ്റ്റ് വിവാദങ്ങൾക്കിടെ ഡൽഹിയിലെ പരിപാടികൾ റദ്ദാക്കി ജലീൽ ഇന്ന് നാട്ടിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ, മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം ഡൽഹിയിലും നാട്ടിലും തയാറായില്ല. വിവാദ പരാമർശത്തിൽ ജലീലിനെതിരെ ഡൽഹിയിലും തിരുവനന്തപുരത്തുമായി പൊലീസിൽ രണ്ട് പരാതികളുണ്ട്.

വിവാദ പോസ്റ്റ് ജലീൽ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. കശ്മീർ യാത്രാകുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തിയെന്നാണ് ജലീൽ വിശദീകരിച്ചത്. താനുദ്ദേശിച്ചതിനു വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും കുറിപ്പിലെ വരികൾ നാടിന്റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുമായി പിൻവലിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സ്വാതന്ത്ര്യം മനുഷ്യൻ്റെ ജൻമാവകാശമാണ്. ശക്തിയും ആയുധവും കൊണ്ട് ബലവാൻമാർ എത്രയോ നൂറ്റാണ്ടുകൾ അവർക്കത് നിഷേധിച്ചു....

Posted by Dr KT Jaleel on Sunday, August 14, 2022

നിയമസഭയുടെ പ്രവാസി ക്ഷേമകാര്യ സമിതിയുടെ ഇതര സംസ്ഥാന നിയമസഭാ സന്ദർശനങ്ങളുടെ ഭാഗമായാണ് ജലീൽ കശ്മീരിലെത്തിയത്. സമിതി ചെയർമാനായ മുൻ മന്ത്രി എ.സി മൊയ്തീനാണ് യാത്രയ്ക്കു നേതൃത്വം നൽകുന്നത്. യാത്രയുടെ ഭാഗമായി പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലും എം.എൽ.എമാർ സന്ദർശിച്ചിരുന്നു.

Summary: 'Freedom is the birthright of man'; KT Jaleel says in a Facebook post amid the controversy over the Kashmir remarks

TAGS :

Next Story