Quantcast

'കെ.ടി ജലീൽ ഇടതുപക്ഷത്തിനുവേണ്ടി മുസ്‌ലിം ആഭ്യന്തര ഭിന്നതകളിൽ കുളംകലക്കി മീൻപിടിക്കുന്നു'

'പ്രബല സുന്നി വിഭാഗങ്ങൾക്കിടയിലെ ഭിന്നതകളെ ഇടതു രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന ജലീലിന്റെ മുസ്‌ലിം സോഷ്യൽ എഞ്ചിനീയറിങ് പരസ്യമായ രഹസ്യമാണ്.'

MediaOne Logo

Web Desk

  • Published:

    20 Feb 2023 1:11 PM GMT

KTJaleelJamaateIslamicriticism, SolidarityagainstKTJaleel
X

കോഴിക്കോട്: മുസ്‌ലിം സമുദായത്തിൽനിന്ന് ഉയർന്നുവരുന്ന ഭരണകൂടവിരുദ്ധ സമീപനങ്ങളെ മറികടക്കാനാണ് കെ.ടി ജലീൽ ഇപ്പോൾ ജമാഅത്തെ ഇസ്‌ലാമിയെ മുൻനിർത്തി കുരച്ചുചാടുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്. മുസ്‌ലിം സമുദായത്തിനകത്തെ ആഭ്യന്തര ഭിന്നതകളിൽ കക്ഷിചേർന്ന് ഇടതുപക്ഷത്തിനുവേണ്ടി കുളംകലക്കി മീൻപിടിക്കുകയാണ് ജലീലെന്നും അദ്ദേഹം വിമർശിച്ചു.

ജമാഅത്തുവിരോധവും ഇടതുവിധേയത്വവും മൂലം പഠിച്ച ചരിത്രമൊക്കെ മടക്കിവെക്കുകയാണ് ജലീലെന്നും അദ്ദേഹം വിമർശിച്ചു. അതുകൊണ്ടാണ് ജംഇയ്യത്തുൽ ഉലമയടക്കം അഖിലേന്ത്യാ തലത്തിലെ പ്രമുഖ മുസ്‌ലിം സംഘടനാ പ്രതിനിധികൾ കൂടിയാലോചിച്ച് പങ്കെടുത്ത ചർച്ചയെ ജമാഅത്തെ ഇസ്‌ലാമി-ആർ.എസ്.എസ് ചർച്ചയാക്കി അവതരിപ്പിച്ച് ജമാഅത്തെ ഇസ്‌ലാമി മുസ്‌ലിംകളുടെ ബാപ്പയാകണ്ട എന്നൊക്കെ തട്ടിവിടുന്നത്-ഫേസ്ബുക്ക് കുറിപ്പിൽ സുഹൈബ് ചൂണ്ടിക്കാട്ടി.

സുഹൈബ് സി.ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എം.എൽ.എയും മന്ത്രിയുമൊക്കെയാകും മുമ്പ് ചരിത്ര അധ്യാപകനായിരുന്നു കെ.ടി ജലീൽ എന്നാണ് കേട്ടിട്ടുള്ളത്. ആ നിലക്ക് ജംഇയ്യത്തുൽ ഉലമ എന്ന സംഘടനയുടെ ചരിത്രവും സ്വാധീനവും അറിയാത്ത ആളല്ല ടിയാൻ. പക്ഷേ ജമാഅത്ത് വിരോധവും ഇടതുവിധേയത്വവും മൂലം പഠിച്ച ചരിത്രമൊക്കെ പലപ്പോഴും മടക്കിവെക്കാറാണ് പതിവ്. അതുകൊണ്ടാണല്ലോ ജംഇയ്യത്തുൽ ഉലമയടക്കം അഖിലേന്ത്യാ തലത്തിലെ പ്രമുഖ മുസ്‌ലിം സംഘടനാ പ്രതിനിധികൾ കൂടിയാലോചിച്ച് പങ്കെടുത്ത ചർച്ചയെ ജമാഅത്തെ ഇസ്‌ലാമി-ആർ.എസ്.എസ് ചർച്ചയാക്കി അവതരിപ്പിച്ച് ജമാഅത്തെ ഇസ്‌ലാമി മുസ്‌ലിംകളുടെ ബാപ്പയാകണ്ട എന്നൊക്കെ തട്ടിവിടുന്നത്.

മുസ്‌ലിം സമുദായത്തിനകത്തെ ആഭ്യന്തര ഭിന്നതകളിൽ കക്ഷിചേർന്ന് ഇടതുപക്ഷത്തിന് വേണ്ടി കുളംകലക്കി മീൻപിടിക്കാനുള്ള പണി എടുത്തുകൊണ്ടിരിക്കുന്നയാളാണ് കെ.ടി ജലീൽ. വഖഫ് വിഷയത്തിൽ മുസ്‌ലിം സംഘടനകളെല്ലാം ഭരണകൂട നിലപാടിനെതിരെ ഒരുമിച്ചിറങ്ങിയ ഘട്ടത്തിൽ 'വഖ്ഫ് സുന്നികളുടെ കാര്യമാണ്, അതിൽ മുജാഹിദുകൾക്കെന്ത് കാര്യമെന്ന' ചോദ്യമുന്നയിച്ച് കുത്തിത്തിരിപ്പുമായി ഇദ്ദേഹം വന്നതൊക്കെ എല്ലാവർക്കും ഓർമ കാണും. പ്രബല സുന്നി വിഭാഗങ്ങൾക്കിടയിലെ ഭിന്നതകളെ ഇടതു രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന ഇദ്ദേഹത്തിന്റെ മുസ്‌ലിം സോഷ്യൽ എഞ്ചിനീയറിങ് പരസ്യമായ രഹസ്യമാണ്. മുസ്‌ലിം സമുദായത്തിന്റെ ഭാഗത്തുനിന്ന് ഈയിടെ ഉയർന്നുവരുന്ന ഭരണകൂടവിരുദ്ധ സമീപനങ്ങളെ മറികടക്കാൻ ജമാഅത്തെ ഇസ്‌ലാമിയെ മുൻനിർത്തി കളിക്കാൻ കിട്ടിയ അവസരമെന്ന നിലയ്ക്കാണ് ഇപ്പോഴുള്ള ഈ കുരച്ചുചാടലൊക്കെ.

മിസ്റ്റർ കെ.ടി ജലീൽ, ഇവിടാരാണ് മുസ്‌ലിം സുദായത്തിന്റെ ഉമ്മയും ബാപ്പയുമാകാൻ ശ്രമിക്കുന്നതെന്നു നോക്കുന്നതിനിടയിൽ മുസ്‌ലിം സമുദായത്തിലേക്കുള്ള ഇടതുപക്ഷ ബ്രോക്കറെന്ന നിലയ്ക്കുള്ള ഓവർടൈം പണിയുടേതടക്കം കമ്മിഷൻ കൃത്യമായി കിട്ടുന്നില്ലേന്ന് ഉറപ്പുവരുത്താൻ ഇദ്ദേഹം മറന്നുപോകണ്ട.

Summary: ''KT Jaleel is criticizing Jamaat-e-Islami to overcome the anti-government attitudes emerging from the Muslim community.'', says Solidarity state president CT Suhaib

TAGS :

Next Story