Quantcast

'ദുരഭിമാനം ആരെയും നരകത്തിലേക്ക് നയിക്കാതിരിക്കട്ടെ'; വഖഫ് ബോർഡ് ചെയർമാൻ വിവാദത്തില്‍ കെ.ടി ജലീൽ

പുതിയ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ സക്കീർ ജന്മനാടായ പെരുമ്പടപ്പ് പുത്തൻപള്ളിയിൽ ജുമുഅയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന ചിത്രം പങ്കുവച്ചാണ് ജലീലിന്റെ ആവശ്യം

MediaOne Logo

Web Desk

  • Updated:

    2023-08-11 12:36:25.0

Published:

11 Aug 2023 11:48 AM GMT

KT Jaleel on Kerala State Wakf Board Chairman Adv. MK Sakeer issue, KT Jaleel on Wakf Board Chairman Adv. MK Sakeer issue, Kerala State Wakf Board Chairman, Adv. MK Sakeer, Wakf Board Chairman controversy
X

കോഴിക്കോട്: വഖഫ് ബോർഡ് നിയുക്ത ചെയർമാൻ അഡ്വ. എം.കെ സക്കീറിനെ അവിശ്വാസിയും നിരീശ്വരവാദിയുമാക്കുന്നവർ വാദങ്ങൾ പിൻവലിച്ചു ക്ഷമാപണം നടത്തണമെന്ന് കെ.ടി ജലീൽ. സകീർ ഇന്ന് സ്വന്തം നാടായ പെരുമ്പടപ്പ് പുത്തൻപള്ളിയിൽ ജുമുഅയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന ചിത്രം പങ്കുവച്ചാണ് ജലീൽ ഇക്കാര്യം ആവശ്യപ്പെട്ടത്. വഖഫ് ബോർഡിൽ സുന്നി-ഷിയാ മതപണ്ഡിതന്റെ ക്വാട്ടയിൽ വരുന്നത് നിരീശ്വരവാദിയാണെന്ന തരത്തിലുള്ള വാർത്തകളോടും പ്രചാരണങ്ങളോടും പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സത്യം ബോധ്യമായ സ്ഥിതിക്ക് ഡോ. ബഹാഉദ്ദീൻ നദ്‌വിയും അഡ്വ. സക്കീറിനെതിരെ തെറ്റായ പ്രചാരണം നടത്തിയവരും, അതിനെല്ലാം കാരണമായ 'ചന്ദ്രിക' ദിനപത്രത്തിൽ വന്ന വാർത്തയുടെ സൂത്രധാരനും പറഞ്ഞതു പിൻവലിച്ച് ക്ഷമാപണം നടത്തട്ടെ. അല്ലെങ്കിൽ അതെന്നും അവരുടെ ദേഹത്ത് ഒരു കറയായി അവശേഷിക്കും. വിശ്വാസിയായ ഒരാളെ അവിശ്വാസിയെന്ന് മുദ്രകുത്തി സമൂഹത്തിൽ പ്രചരിപ്പിക്കുന്ന കുറ്റത്തിന്റെ 'ഇസ്‌ലാമിക വിധി' എന്താണെന്ന് ബന്ധപ്പെട്ടവർ മതഗ്രന്ഥങ്ങൾ മറിച്ചുനോക്കുന്നത് നന്നായിരിക്കും. പറ്റിയ തെറ്റ് ഏറ്റുപറയാനും തിരുത്തി പോസ്റ്റ് ഇടാനും അസത്യം വിളിച്ചുപറഞ്ഞവർ തയാറാകുന്നില്ലെങ്കിൽ അത് സമൂഹത്തിനു നൽകുന്ന സന്ദേശം അതീവ ഗൗരവമുള്ളതാകുമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

ഇസ്ലാമിക നിയമസംഹിതകളും പ്രമാണങ്ങളും സംബന്ധിച്ച് പൊതുവെയും വഖഫ് നിയമങ്ങളെക്കുറിച്ച് സവിശേഷമായും കൃത്യമായ പരിജ്ഞാനമുള്ളവരായിരിക്കണം വഖഫ് ചുമതലകൾ ഏൽപിക്കപ്പെടേണ്ടതെന്ന് നേരത്തെ സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീൻ നദ്‌വി ചൂണ്ടിക്കാട്ടിയിരുന്നു. മതവിഷയങ്ങളിൽ അവഗാഹവും കാഴ്ചപ്പാടും ഇസ്ലാമിക ജീവിതരീതികളുമുള്ള വ്യക്തികൾ വഹിച്ചിരുന്ന കേരളത്തിലെ വഖഫ് ചെയർമാൻ പദവിയിൽ, മതനിരാസവക്താക്കളും ദൈവത്തെ തള്ളിപ്പറയുന്നവരുമായവരെ നിയമിക്കാൻ ഇടതുപക്ഷ സർക്കാർ പ്രത്യേകം താത്പര്യം കാണിക്കുന്നതിനു പിന്നിലെ അജണ്ട വ്യക്തമാണ്. ഇസ്ലാമിക കർമശാസ്ത്ര വിധിപ്രകാരം വഖഫുമായി ബന്ധപ്പെട്ട ചുമതല നിർവഹിക്കുന്നവർ മതവിശ്വാസികളും ഇസ്ലാമിക നിയമങ്ങളോട് നീതിപുലർത്തുന്നവരും ആകണമെന്നു കണിശമായി നിഷ്‌കർഷിക്കുന്നുണ്ട്. എന്നാൽ, ഏറെ സൂക്ഷ്മത പുലർത്തേണ്ട ഒരു പദവിയിൽ മതബോധമോ സംസ്‌കാരമോ ഇല്ലാത്ത ഒരാളെ നിയമിക്കുക വഴി ഒരു സമുദായത്തെ തന്നെ അപഹസിക്കുന്ന സമീപനമാണ് ഇടതുസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും ഡോ. ബഹാഉദ്ദീൻ നദ്‌വി ആക്ഷേപിച്ചിരുന്നു.

കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പണ്ഡിതർ ക്ഷമാപണം നടത്തട്ടെ

പുതിയ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. മുഹമ്മദ് സക്കീർ തന്റെ മഹല്ലായ പെരുമ്പടപ്പ് പുത്തൻപള്ളിയിൽ ജുമുഅക്ക് ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന ചിത്രമാണ് ഇമേജിൽ.

സത്യം ബോധ്യമായ സ്ഥിതിക്ക് ഡോ. ബഹാവുദ്ദീൻ നദ്‌വി സാഹിബും അഡ്വ. സക്കീറിനെതിരെ തെറ്റായ പ്രചാരണം നടത്തിയവരും, അതിനെല്ലാം കാരണമായ 'ചന്ദ്രിക' ദിനപത്രത്തിൽ വന്ന വാർത്തയുടെ സൂത്രധാരനും പറഞ്ഞതു പിൻവലിച്ച് ക്ഷമാപണം നടത്തട്ടെ. അല്ലെങ്കിൽ അതെന്നും അവരുടെ ദേഹത്ത് ഒരു കറയായി അവശേഷിക്കും.

വിശ്വാസിയായ ഒരാളെ അവിശ്വാസിയെന്ന് മുദ്രകുത്തി സമൂഹത്തിൽ പ്രചരിപ്പിക്കുന്ന കുറ്റത്തിന്റെ 'ഇസ്‌ലാമിക വിധി' എന്താണെന്ന് ബന്ധപ്പെട്ടവർ 'കിതാബ്' മറിച്ചുനോക്കുന്നത് നന്നായിരിക്കും. പറ്റിയ തെറ്റ് ഏറ്റുപറയാനും തിരുത്തി പോസ്റ്റ് ഇടാനും അസത്യം വിളിച്ചുപറഞ്ഞവർ തയാറാകുന്നില്ലെങ്കിൽ അത് സമൂഹത്തിനു നൽകുന്ന സന്ദേശം അതീവ ഗൗരവമുള്ളതാകും.

'ആരെയെങ്കിലും നിങ്ങൾ തെറ്റായ കാര്യങ്ങൾ പറഞ്ഞ് വേദനിപ്പിച്ചാൽ അയാളോട് ക്ഷമാപണം നടത്തി പൊരുത്തപ്പെടീച്ചില്ലെങ്കിൽ പടച്ച തമ്പുരാൻ പോലും ആ പാപം നിങ്ങൾക്ക് പൊറുത്തുതരില്ലെന്ന്' വിശ്വാസികളെ പഠിപ്പിച്ച പ്രവാചകന്റെ വചനങ്ങൾ കഥയില്ലായ്മയാണെന്ന് ജനങ്ങൾ തെറ്റിദ്ധരിക്കും. ആളുകളെ അകാരണമായി നിരീശ്വരവാദിയാക്കലും നിഷേധികളാക്കലും തുടർക്കഥയാകും. പള്ളി മഹല്ലുകളിൽ അത് ഭിന്നിപ്പിന്റെ വിത്ത് പാകും.

പ്രവാചകന്മാരുടെ പിന്മുറക്കാരാണ് യഥാർത്ഥ പണ്ഡിതരെന്നാണ് തിരുവചനം. മാതൃക കാണിക്കേണ്ടവർ അതിന് തയാറാവുക. അതല്ലെങ്കിൽ ഇസ്‌ലാം പറയാൻ മാത്രമുള്ളതാണെന്നും പ്രാവർത്തികമാക്കാനുള്ളതല്ലെന്നും മാലോകർ കരുതും. അത് മതത്തിന്റെ വിശ്വാസ്യതയെ ദുർബലമാക്കും.

'ദുരഭിമാനം ആരെയും നരകത്തിലേക്ക് നയിക്കാതിരിക്കട്ടെ'.

Summary: KT Jaleel asks those who spread false propaganda on the new Kerala State Wakf Board Chairman Adv. MK Sakeer to apologize

TAGS :

Next Story