Quantcast

അനുമോദന ചടങ്ങിൽ വിദ്യാർഥികളെ അപമാനിച്ച സംഭവം; കെ.ടി ജലീലിന് തെറ്റുപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

കെ.ടി ജലീൽ തെറ്റ് തിരിച്ചറിയണമെന്നും കുട്ടികളോട് ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും ബിന്ദു കൃഷ്ണ

MediaOne Logo

Web Desk

  • Updated:

    2026-07-14 05:34:39

Published:

14 July 2026 10:58 AM IST

അനുമോദന ചടങ്ങിൽ വിദ്യാർഥികളെ അപമാനിച്ച സംഭവം;  കെ.ടി ജലീലിന് തെറ്റുപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്
X

തിരുവനന്തപുരം: അനുമോദന ചടങ്ങിൽ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച സംഭവത്തിൽ മുൻ മന്ത്രി കെ.ടി ജലീലിന് തെറ്റുപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം നടത്തിയ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന് വനിത ശിശുക്ഷേമ വകുപ്പ് വ്യക്തമാക്കി. കെ.ടി ജലീൽ തെറ്റ് തിരിച്ചറിയണമെന്നും കുട്ടികളോട് ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.


അതേസമയം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന പരിപാടികളിൽ വിദ്യാർഥികളുമായി സംവദിക്കുന്ന ശീലം തനിക്കുണ്ട്. താനൊരു അധ്യാപകനാണെന്നും ജലീൽ പറഞ്ഞു. ''വിദ്യാർഥികളോട് പല ചോദ്യങ്ങളും ചോദിച്ചു. കുട്ടികൾക്ക് അറിവുണ്ടെങ്കിലും പൊതുവായന കുറവാണെന്ന് തോന്നി. കുട്ടികൾക്ക് പൊതുവായന കുറഞ്ഞു വരികയാണ്. അതൊരു പൊതുപ്രശ്നമാണ്. അപ്പോഴേ സമൂഹത്തെക്കുറിച്ച് അവർക്ക് അവബോധം ഉണ്ടാകൂ. കുട്ടികളുമായി അധ്യാപകൻ എന്ന നിലയിലാണ് സംസാരിച്ചത്. ചെവിക്ക് സാധാരണ പിടിക്കുന്നത് പോലെ പിടിച്ചതാണ്. വേദനിപ്പിക്കാൻ വേണ്ടി പിടിച്ചില്ല. അങ്ങനെ ആ കുട്ടിക്കും തോന്നിയിട്ടില്ല. അതിൽ ഏതെങ്കിലും കുട്ടിയോ രക്ഷിതാവോ അപമാനം തോന്നി എന്ന് പറഞ്ഞാൽ ക്ഷമ ചോദിക്കും.

അക്ഷരം അറിയാം എഴുതാൻ അറിയില്ലേ എന്നാണ് ചോദിച്ചത്. എഴുതാൻ പറഞ്ഞ കുട്ടികളൊക്കെ ശരിയായി എഴുതി. ഒരാളാണ് തെറ്റിച്ചത്. അപ്പോൾ രസകരമായി ചെവിക്ക് പിടിക്കുകയാണ് ചെയ്തത്. ആരും അക്കാര്യത്തിൽ ഒരു പരാതി പറഞ്ഞിട്ടില്ല. ആരും അക്കാര്യത്തിൽ ഒരു പരാതി പറഞ്ഞിട്ടില്ല. ഇതിനെ വലിയ രീതിയിൽ വിവാദമാക്കി. എംഎസ്‌എഫ് ഇതിൽ ബാലാവകാശ കമ്മീഷന് പരാതി നൽകി. ബാലാവകാശ കമ്മീഷൻ കേസെടുക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. താൻ ജാമ്യത്തിന് പോകില്ല. ജയിലിൽ പോകാൻ തയ്യാറാണ്. വിവാദത്തിലൂടെ പൊതുവിദ്യാഭ്യാസത്തെ താറടിക്കാനും പലരും ശ്രമിച്ചു. കുട്ടികളെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെടുന്നയാളാണ് താൻ. കഴിഞ്ഞ 10 വർഷം പഠിച്ചയാളായതുകൊണ്ടാണോ ഒരാൾ കേരളത്തെ കാരളം എന്ന് എഴുതിയത്. മയ,കുയി,പുയ എന്നൊക്കെ മുതിർന്നവർ പോലും പറയുന്നത് കഴിഞ്ഞ 10 വർഷം പഠിച്ചവരാണോ. ഇവർക്കൊന്നും ഇങ്ങനെ കറക്ട് ചെയ്ത് കൊടുക്കാൻ ആളില്ലാത്തതുകൊണ്ടാണ് പ്രശ്‌നം'' ജലീൽ വിശദമാക്കി.

മണ്ണാർക്കാട് നഗരസഭയിലെ വിജയോത്സവം ഉദ്ഘാടന വേളയിലായിരുന്നു സംഭവം. പ്ലസ് ടു, പത്താം ക്ലാസ്സ്‌ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിലാണ് കുട്ടികളെ അപമാനിച്ചു വിട്ടത്. അക്ഷരത്തെറ്റ് വരുത്തിയ കുട്ടിയെ സ്റ്റേജിൽ വിളിച്ചു വരുത്തി ചെവിയിൽ നുള്ളുന്നതും ദൃശ്യങ്ങളിൽ കാണാം. ജലീലിന്റെ നടപടി ബാലാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി എംഎസ്എഫ് രംഗത്തെത്തിയിരുന്നു.



TAGS :

Next Story