'പെരിന്തൽമണ്ണയിൽ മത്സരിച്ചാലും കെ.ടി ജലീൽ വിജയിക്കും' ; പാലോളി മുഹമ്മദ് കുട്ടി
പി. വി അൻവറിന് മാനസിക പ്രശ്നം ഉള്ളതായി സംശയം ഉണ്ടെന്നും പാലോളി മുഹമ്മദ് കുട്ടി മീഡിയവണിനോട് പറഞ്ഞു

പാലക്കാട്: കെ .ടി ജലീലിനെ മത്സരിപ്പിക്കാൻ പാർട്ടി ശ്രമിക്കുമെന്ന് മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി . പെരിന്തൽമണ്ണയിൽ ജലീൽ മത്സരിച്ചാലും വിജയിക്കും . പി. വി അൻവറിന് മാനസിക പ്രശ്നം ഉള്ളതായി സംശയം ഉണ്ടെന്നും പാലോളി മുഹമ്മദ് കുട്ടി മീഡിയവണിനോട് പറഞ്ഞു.
''പെരിന്തൽമണ്ണ തവനൂര് പോലെയല്ല, നന്നായിട്ട് പ്ലാൻ ചെയ്തിട്ടുണ്ടെങ്കിൽ വിജയിക്കാൻ സാധിക്കും. ജലീൽ നിൽക്കുകയാണെങ്കിൽ തീര്‍ച്ചയായും ജയിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ നല്ല ഭൂരിപക്ഷത്തോടെ എൽഡിഎഫിന് വിജയിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. പ്രചാരണ കോലാഹലങ്ങളൊക്കെ എതിരായി നടക്കുന്നുണ്ടെങ്കിലും എൽഡിഎഫിന്‍റെ കഴിഞ്ഞ 10 കൊല്ലത്തെ ഭരണം അടിസ്ഥാനപരമായി പരിശോധിച്ചിട്ടുണ്ടെങ്കിൽ കേരളത്തിന്‍റെ വികസനത്തിൽ വലിയ സംഭാവന ചെയ്തിട്ടുള്ള സര്‍ക്കാരാണ്.
ആ വികസനം എന്നുള്ളത് സാധാരണ പാവപ്പെട്ട ജനങ്ങളിൽ ഊന്നിക്കൊണ്ട് മുന്നോട്ടുപോയതാണ്. ഈ അടിസ്ഥാനത്തിൽ തീര്‍ച്ചയായും ഈ സര്‍ക്കാരിനെ വീണ്ടും അധികാരത്തിൽ കൊണ്ടുവരാൻ തയാറാകും എന്നാണ് ഞാൻ കരുതുന്നത്. ഇപ്പോഴത്തെ നിലയിൽ പിണറായി തന്നെയാണ് നയിക്കേണ്ടത്. ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന നേതാവാണ്.
ജലീൽ കഴിഞ്ഞ തവണ മത്സരത്തിൽ നിന്നും മാറിനിൽക്കാൻ ശ്രമിച്ചയാളാണ്. നിര്‍ബന്ധിച്ചാണ് നിര്‍ത്തിയത്. ഇത്തവണ അദ്ദേഹം നിൽക്കുന്നില്ലെന്ന് പത്രത്തിൽ കണ്ടു. അദ്ദേഹത്തെ മത്സരിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ പാര്‍ട്ടി തുടരും. ജലീൽ നിൽക്കുമ്പോഴാണ് വിജയസാധ്യതയുള്ളത്. കഴിഞ്ഞ തവണ 38 വോട്ടിനാണ് നജീബ് കാന്തപുരം ജയിച്ചത്. യഥാര്‍ഥത്തിൽ അത് എൽഡിഎഫിന്‍റെ വിജയമാണ്. വോട്ടിൽ നടന്ന കൃത്രിമമാണ് വിജയത്തിന് അടിസ്ഥാനം.
Adjust Story Font
16

