Quantcast

തൃശൂരിൽ കടലിന്‍റെ നിറവിത്യാസം; ചുവപ്പ് നിറത്തിന് കാരണം നോക്റ്റിലൂക്കയുടെ സാന്നിധ്യമെന്ന് കുഫോസ്

Noctiluca സാധാരണയായി സമുദ്രജലത്തിൽ ഉണ്ടാകാറുള്ള ഒരു സൂക്ഷ്മജീവി ആണ്

MediaOne Logo

Web Desk

  • Published:

    7 Aug 2025 5:49 PM IST

തൃശൂരിൽ കടലിന്‍റെ നിറവിത്യാസം; ചുവപ്പ് നിറത്തിന് കാരണം നോക്റ്റിലൂക്കയുടെ സാന്നിധ്യമെന്ന് കുഫോസ്
X

കൊച്ചി: തൃശൂർ ജില്ലയിലെ എടക്കഴിയൂർ ബീച്ചിൽ നിന്ന് എറണാകുളം ജില്ലയിലെ പുതുവൈപ്പ് (വളപ്പ്) ബീച്ചുവരെ അടുത്ത ദിവസങ്ങളിൽ കടലിൻ്റെ നിറത്തിൽ വലിയ വ്യത്യാസം കണ്ട സംഭവത്തിൽ വിശദീകരണവുമായി കുഫോസ്(കേരള ഫിഷറീസ് ആന്‍റ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല). കുഫോസ് നടത്തിയ ജല സാമ്പിള്‍ പരിശോധനയിൽ നോക്റ്റിലൂക്ക എന്ന സൂക്ഷ്മ ജീവിയുടെ വളരെ കൂടുതലായ സാന്നിധ്യമാണ് കണ്ടെത്തിയത്. ഇത് സാധാരണയായി "റെഡ് ടൈഡ്‌" എന്നറിയപ്പെടുന്ന പ്രകൃതിദത്തമായ സംഭവമാണ്.

നോക്റ്റിലൂക്ക സാധാരണയായി സമുദ്രജലത്തിൽ ഉണ്ടാകാറുള്ള ഒരു സൂക്ഷ്മജീവി ആണ് . ചില സാഹചര്യങ്ങളിൽ അതിന്‍റെ എണ്ണം വർധിക്കുകയും കടൽചുവപ്പായി തോന്നാൻ കാരണമാവുകയും ചെയ്യാറുണ്ട് . പ്രാദേശിക മത്സ്യത്തൊഴിലാളികളുമായി നടത്തിയ അന്വേഷണങ്ങളിൽ, ഈ പ്ലവഗങ്ങൾ ഉള്ള പ്രദേശത്ത് മത്സ്യ ലഭ്യത കുറഞ്ഞിരുന്നതായി അവർ അറിയിച്ചു. ഇവർ ഈ പ്ലവഗങ്ങളെ "പോള" എന്ന പേരിലാണ് സാധാരണയായി വിളിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി ഇൻകോയിസുമായി (INCOIS) ബന്ധപ്പെടുകയും ചെയ്തു.

പക്ഷേ, മേഘാവൃതമായ കാലാവസ്ഥയാൽ ഉപഗ്രഹസഹായം ഉപയോഗിച്ചുള്ള ഡാറ്റ ശേഖരണം കഠിനമായതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകാനായില്ല. അതിനിടെ, കുഫോസിന്‍റെ ഗവേഷകസംഘം സംഭവത്തിന് പിന്നിലുള്ള പരിസ്ഥിതി ഘടകങ്ങൾ വ്യക്തമാക്കുന്നതിനായി വിശദമായ പരിശോധന തുടരുകയാണ്.

TAGS :

Next Story