Quantcast

'ബി.ജെ.പി നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നു, ഹീന ശ്രമങ്ങൾ വിലപ്പോവില്ല': കുമ്മനം രാജശേഖരൻ

കുഴൽപ്പണ കേസിന്റെ മറവിൽ കോൺഗ്രസ് - സി.പി.എം കക്ഷികൾ നടത്തുന്ന ബിജെപി വിരുദ്ധ പ്രചരണവും, വേട്ടയാടലും എല്ലാം സീമകളും ലംഘിച്ചു കഴിഞ്ഞെന്ന് കുമ്മനം രാജശേഖരന്‍

MediaOne Logo

Web Desk

  • Published:

    3 Jun 2021 10:20 AM GMT

ബി.ജെ.പി നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നു, ഹീന ശ്രമങ്ങൾ വിലപ്പോവില്ല: കുമ്മനം രാജശേഖരൻ
X

കുഴൽപ്പണ കേസിന്റെ മറവിൽ കോൺഗ്രസ് - സി.പി.എം കക്ഷികൾ നടത്തുന്ന ബിജെപി വിരുദ്ധ പ്രചരണവും, വേട്ടയാടലും എല്ലാം സീമകളും ലംഘിച്ചു കഴിഞ്ഞെന്ന് കുമ്മനം രാജശേഖരന്‍. വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്ന ബിജെപി പ്രവർത്തകരെ പൊതുജനമധ്യത്തിൽ അപഹാസ്യരാക്കുക മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. അധികാരശക്തി ഉപയോഗിച്ച് നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കി പക തീർക്കാൻ സി.പി.എം നടത്തുന്ന ഹീന ശ്രമങ്ങൾ വിലപ്പോവില്ലെന്നെന്നും കുമ്മനം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നുണപ്രചരണം ബിജെപിയെ നശിപ്പിക്കാൻ

ബിജെപിക്കെതിരെ സംഘടിതവും ആസൂത്രിതവുമായി ചിലശക്തികൾ നടത്തുന്ന മാധ്യമ വിചാരണയും, നുണ പ്രചരണവും പാർട്ടിയെ നശിപ്പിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടു കൂടിയിട്ടുള്ളതാണ്. ധാർമ്മികമൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന ഈ ഗീബൽസ്യൻ തന്ത്രങ്ങൾക്കെതിരെ ജന മനസ്സാക്ഷി ഉണരുമെന്നതിൽ സംശയിക്കേണ്ടതില്ല. താൽക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി കെട്ടിച്ചമച്ച ഈ കഥകൾക്ക് ഒട്ടും ആയുസുഉണ്ടാവില്ല.

എൻ.ഡി.എ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നേരിട്ടത് യു.ഡി.എഫിനേയും, എൽ.ഡി.എഫിനേയും തുറന്ന് കാണിച്ചുകൊണ്ടാണ്. ഇതേത്തുടർന്ന് വളർന്നുവരുന്ന ജന ശക്തിയെ പരാജയപ്പെടുത്തേണ്ടത് ഈ രണ്ട് മുന്നണികളുടേയും ആവശ്യമായിവന്നു. ഒത്തുതീർപ്പു രാഷ്ട്രീയത്തിലൂടെ പരസ്പരം സഹായിച്ചും, അടവുനയങ്ങൾ പ്രയോഗിച്ചും എൻ.ഡി.എ സ്ഥാനാർത്ഥികളെ തോൽപ്പിക്കുക എന്നതായിരുന്നു അവരുടെ പ്രധാന അജണ്ട. ഭാവിയിൽ തങ്ങൾക്ക് ഭീഷണിയായേക്കാവുന്ന ബിജെപിയെ തകർക്കേണ്ടത് യു.ഡി.എഫിന്റേയും, എൽ.ഡി.എഫിന്റേയും രാഷ്ട്രീയ ആവശ്യമായിത്തീർന്നു.

തെരഞ്ഞെടുപ്പിനുശേഷം ബിജെപിയെയും കേന്ദ്രസർക്കാരിനെയും എതിർക്കുന്നതിൽ അവർ ഒറ്റക്കെട്ടായി നിന്നു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, ഓക്സിജൻ-വാക്സിൻ വിതരണം തുടങ്ങിയ കേന്ദ്ര സർക്കാർ നടപടികളെ വിമർശിച്ചും, തെറ്റിദ്ധരിപ്പിച്ചും അവർ സംയുക്ത പ്രചരണം നടത്തി വരികയാണ്. ലക്ഷദ്വീപ് വിഷയത്തിൽ പച്ച നുണകളാണ് പ്രചരിപ്പിച്ചത്. ഈ കാര്യങ്ങളിലെല്ലാം നിയമസഭയിൽ ഭരണ പ്രതിപക്ഷ കക്ഷികൾ തോളോട് ചേർന്ന് പ്രമേയം പാസാക്കി. ഇത്തരത്തിൽ എന്തിനുമേതിനും ബിജെപിയെ കുറ്റപ്പെടുത്തുന്നത് ഒരു സ്ഥിരം പ്രവർത്തന അജണ്ടയായി മാറിയിരിക്കുകയാണ്.

കുഴൽപ്പണ കേസിന്റെ മറവിൽ കോൺഗ്രസ് - സി.പി.എം കക്ഷികൾ നടത്തുന്ന ബിജെപി വിരുദ്ധ പ്രചരണവും, വേട്ടയാടലും എല്ലാം സീമകളും ലംഘിച്ചു കഴിഞ്ഞു. വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്ന ബിജെപി പ്രവർത്തകരെ പൊതുജനമധ്യത്തിൽ അപഹാസ്യരാക്കുക മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. അധികാരശക്തി ഉപയോഗിച്ച് നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കി പക തീർക്കാൻ സി.പി.എം നടത്തുന്ന ഹീന ശ്രമങ്ങൾ വിലപ്പോവില്ലെന്ന് ഓർമ്മപ്പെടുത്തുന്നു.

TAGS :

Next Story