യൂത്ത് കോൺഗ്രസ് നേതാവിനെതിരായ പൊലീസ് അതിക്രമം; മർദനം സ്ഥിരീകരിച്ച് ക്രൈം റെക്കോർഡ്സ് ബ്യൂറോ
ക്രൈം റെക്കോർഡ് ബ്യൂറോ അസിസ്റ്റന്‍റ് കമ്മീഷണർ സേതു കെ.സി നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്

തൃശൂര്‍: യൂത്ത് കോൺഗ്രസ് നേതാവ് വി.എസ് സുജിത്തിന് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദനമേറ്റ സംഭവത്തിൽ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. മര്‍ദനം സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. ക്രൈം റെക്കോർഡ് ബ്യൂറോ അസിസ്റ്റന്‍റ് കമ്മീഷണർ സേതു കെ.സി നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
പൊലീസുകാർ സുജിത്തിനെ സ്റ്റേഷനിൽ എത്തിച്ചു മര്‍ദിച്ചുവെന്ന് റിപ്പോർട്ടിൽ കണ്ടെത്തൽ. സ്റ്റേഷനിൽ എത്തുന്നതിനുമുമ്പ് വഴിയിൽ നിർത്തി മർദിച്ചു എന്ന ആരോപണവും റിപ്പോർട്ട് ശരിവെക്കുന്നു. ഒറീന ജംഗ്ഷനിൽ ജീപ്പ് നിർത്തി മർദിച്ചു എന്നതായിരുന്നു ആരോപണം.
ജിഡി ചാർജ് ഉണ്ടായിരുന്ന ശശിധരൻ സ്റ്റേഷന് പുറത്തുനിന്ന് നടന്നുവരുന്നത് മർദനം നടന്നു എന്നതായി കരുതാം എന്നതാണ് നിഗമനം. സ്റ്റേഷന്‍റെ മുകളിലത്തെ നിലയിൽ എത്തിച്ച് എസ്ഐയുടെ നേതൃത്വത്തിൽ മർദനം നടന്നിട്ടുണ്ടാകുമെന്നും റിപ്പോർട്ടിൽ പരാമർശം. ചൂരലുമായി എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ മുകളിലേക്ക് പോയെന്ന് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അടിമുടി പൊലീസ് വീഴ്ച എണ്ണിപ്പറയുന്നതാണ് അന്വേഷണ റിപ്പോർട്ട്.
അതേസമയം സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. അതിക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വരികയും സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്തിട്ടും ആഭ്യന്തരവകുപ്പ് നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്നാണ് തീരുമാനം. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന സ്റ്റേഷനിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം. ഇന്ന് തൃശൂരിൽ എത്തുന്ന കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മർദനമേറ്റ സുജിത്തിനെ സന്ദർശിക്കും. വിഷയത്തിൽ കേസെടുത്ത മനുഷ്യവകാശ കമ്മീഷൻ അടിയന്തരമായി അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകണമെന്ന് തൃശൂർ എസ്‍പിക്ക് നിർദേശം നൽകി.
Adjust Story Font
16

