കുന്നംകുളം സ്റ്റേഷന്‍ മര്‍ദനം: സസ്പെൻഷന് പിന്നാലെ പൊലീസുകാർക്കെതിരെ തുടർനടപടികളിലേക്ക് കടക്കാൻ നീക്കം
ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതടക്കമുള്ള നടപടിയാണ് പരിശോധിക്കുന്നത്

തിരുവനന്തപുരം: കുന്നംകുളം സ്റ്റേഷനിലെ മർദനത്തിൽ സസ്പെൻഷന് പിന്നാലെ പൊലീസുകാർക്കെതിരെ തുടർനടപടികളിലേക്ക് കടക്കാൻ പൊലീസ്. ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നത് അടക്കമുള്ള നടപടിയാണ് പരിശോധിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഉത്തര മേഖല ഐജി നിർദേശം നൽകിയിട്ടുണ്ട്.
തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കറിന്റെ റിപ്പോർട്ടും സംസ്ഥാന പൊലീസ് മേധാവി രവാഡാ ചന്ദ്രശേഖറിന് ലഭിച്ച നിയമോപദേശവും പരിശോധിച്ച ശേഷമായിരുന്നു കുന്നംകുളം സ്റ്റേഷനിലെ പൊലീസുകാരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള തീരുമാനമെടുത്തത്. മൂന്ന് പൊലീസുകാരുടെ രണ്ടു വർഷത്തെ ശമ്പള വർധനവ് തടഞ്ഞത് നാമമാത്രമായ ശിക്ഷാനടപടി എന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ്കൂടുതൽ നടപടികളിലേക്ക് പൊലീസ് കടക്കുന്നത്.
തരംതാഴ്ത്തലോ പിരിച്ചുവിടലോ പ്രതീക്ഷിക്കാം. ഇതിന്റെ ഭാഗമായി പൊലീസുകാർക്ക് നോട്ടീസ് നൽകും. മറുപടി പരിശോധിച്ച ശേഷംമാകും തുടർനടപടി സ്വീകരിക്കുക. പൊലീസുകാരെ സർവീസിൽ നിന്ന് നീക്കണമെന്നാണ് സുജിത്ത് ആവശ്യപ്പെടുന്നത്. ഇവരെ പുറത്താക്കുന്നത് വരെ പ്രക്ഷോഭം തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം.
കുന്നംകുളം സ്റ്റേഷനിലെ ഡ്രൈവറായിരുന്ന സുഹൈറും മർദിച്ചു എന്നാണ് സുജിത്ത് ആരോപിക്കുന്നത്. പൊലീസിൽ നിന്ന് രാജിവച്ച സുഹൈർ ഇപ്പോൾ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ വിഇഒ ആണ്. സുഹൈറിനെയും ജോലിയിൽ നിന്ന് പുറത്താക്കണമെന്നാണ് സുജിത്തിന്റെ ആവശ്യം.
Adjust Story Font
16

