Quantcast

കുന്നംകുളം സ്റ്റേഷൻ മർദനം;അച്ചടക്ക നടപടിയെടുത്തതിൽ പൊലീസ് ഒത്തുകളി

പ്രതി ചേർത്തതിൽ മൂന്നുപേർക്കെതിരെ മാത്രമാണ് അച്ചടക്ക നടപടി സ്വീകരിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-09-05 04:19:19.0

Published:

5 Sept 2025 6:37 AM IST

കുന്നംകുളം സ്റ്റേഷൻ മർദനം;അച്ചടക്ക നടപടിയെടുത്തതിൽ പൊലീസ് ഒത്തുകളി
X

തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിലെ മർദനത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെനടപടി സ്വീകരിച്ചതിലും ഒത്തുകളി. കോടതി പ്രതിചേർത്ത സിപിഒ ശശിധരനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചില്ല. പ്രതിചേർത്തതിൽ മൂന്നുപേർക്കെതിരെ മാത്രമാണ് അച്ചടക്കനടപടി സ്വീകരിച്ചത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സുജിത്ത് വി.എസിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളിൽ ഇല്ലെന്ന പേരിലാണ് ശശിധരനെ ഒഴിവാക്കിയത്. എന്നാൽ ഈ വാദം തള്ളുന്നതാണ് പുറത്തുവന്ന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ അന്വേഷണ റിപ്പോർട്ട്. സുജിത്തിനെ പോലീസ് സ്റ്റേഷനിൽ എത്തിക്കുമ്പോൾ ശശിധരൻ പുറത്തുനിന്ന് കയറിവരുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

ജിഡി ചാർജിൽ ഉണ്ടായിരുന്ന ശശിധരൻ പുറത്തുനിന്ന് വന്നതിനാൽ സുജിത്തിനെ ദേഹോപദ്രവം ഏൽപ്പിച്ചു എന്ന കാര്യം സംഭവിക്കാൻ സാധ്യതയുള്ളതാണെന്നാണ് അന്വേഷണ റിപ്പോർട്ടിലെ നിഗമനം. അന്വേഷണ റിപ്പോർട്ട് നിലനിൽക്കെയാണ് ശശിധരനെതിരായ നടപടി ഒഴിവാക്കിയത്. ബാക്കി ഉദ്യോഗസ്ഥരുടെ രണ്ടുവർഷത്തെ ഇൻഗ്രിമെൻറ് തടഞ്ഞു വെക്കുന്നതായിരുന്നു ശിക്ഷാനടപടി.

അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുജിത്തിനെ പോലീസ് സ്റ്റേഷനിൽ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. ഇന്ന് തൃശൂർ ഡിഐജി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തും. സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി എടുക്കാത്തതിലാണ് പ്രതിഷേധം.

നേരത്തെ വകുപ്പുതല നടപടിയെടുത്തതിനാൽ കൂടുതൽ നടപടികൾ സാധ്യമാകുമോ എന്ന് പോലീസ് പരിശോധിക്കുകയാണ്. മർദ്ദനമേറ്റ സുജിത്തിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വൈകുന്നേരം കുന്നംകുളത്ത് സന്ദർശിക്കും.

TAGS :

Next Story