'ആനയെ കണ്ട് മാറിനടന്നപ്പോള്‍ വഴി തെറ്റി, രാത്രി മുഴുവനും പാറക്കെട്ടിന് മുകളിലായിരുന്നു'; വനത്തിലകപ്പെട്ട സ്ത്രീകള്‍
കാണാതായ പശുവിനെ തിരഞ്ഞ് പോയ മൂവരും 14 മണിക്കൂറാണ് ഉൾവനത്തിൽ കുടുങ്ങിയത്
കൊച്ചി: എറണാകുളം കുട്ടമ്പുഴ വനമേഖലയിൽ കാണാതായ സ്ത്രീകളെ തിരികെയെത്തിച്ചു. ആറുകിലോമീറ്റർ ഉള്ളിൽ അറക്കമുത്തിയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ആനക്കൂട്ടത്തെ കണ്ട് വഴിമാറിനടന്നതിനാലാണ് വനത്തിൽ കുടുങ്ങിയതെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. രാത്രിമുഴുവൻ പാറക്കെട്ടിന് മുകളിലാണ് കഴിച്ചുകൂട്ടിയതെന്നും രക്ഷപ്പെട്ടവർ പറഞ്ഞു. കാണാതായ പശുവിനെ തിരഞ്ഞ് പോയ മൂവരും 14 മണിക്കൂറാണ് ഉൾവനത്തിൽ കുടുങ്ങിയത്.
''ഞങ്ങള്‍ സ്ഥിരം പോകുന്ന വഴിയാണ്. വഴിയൊക്കെ അറിയാമായിരുന്നു. ആനയെ കണ്ട് മാറിനടന്നപ്പോള്‍ വഴി തെറ്റി. രാത്രി മുഴുവന്‍ പാറക്കെട്ടിന് മുകളിലായിരുന്നു. രാത്രി മുഴുവനും ആന ഓടിക്കലും ഒച്ചപ്പാടുമൊക്കെയായിരുന്നു. ആന ഓടിച്ചിരുന്നു. ആന അടുത്ത് വന്നപ്പോൾ ഞങ്ങൾ മരത്തിന്‍റെ മറവിൽ ഒളിച്ചു നിന്നു. ആന കാരണമാണ് തിരിച്ചുവരാന്‍ സാധിക്കാതിരുന്നത്. രാവിലെയാണ് ഞങ്ങളെ തിരഞ്ഞെത്തിയവരെ കണ്ടത്. പേടിയുണ്ടായിരുന്നു.
പശുവിനെ അന്വേഷിച്ച് പോയതായിരുന്നു. പക്ഷെ ഞങ്ങളെക്കാള്‍ മുന്‍പ് പശു വീട്ടിലെത്തിയിരുന്നു. ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല, പ്രാര്‍ഥിക്കുകയായിരുന്നു. വലിയൊരു പാറയിലാണ് കയറി ഒളിച്ചത്. ആന എത്ര ശ്രമിച്ചാലും പിടിക്കാന്‍ പറ്റാത്ത ഉയരത്തിലുള്ളതാണ് പാറ. പിന്നെ ഇരുട്ടും. തൊട്ടടുത്തിരിക്കുന്ന ആളെപ്പോലും കാണാന്‍ സാധിക്കില്ലായിരുന്നു. നടക്കാന്‍ ഇച്ചിരി വിഷമമുണ്ടായിരുന്നു'' സ്ത്രീകള്‍ പറഞ്ഞു.
ബുധനാഴ്ച മുതല്‍ കാണാതായ പശുവിനെ തിരഞ്ഞ് ഇന്നലെ ഉച്ചയോടെയാണ് മൂന്ന് പേരും കാടിനുള്ളിലേക്ക് പോയത്. മാളേക്കുടി മായാ ജയൻ, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് ഇന്നലെ കാണാതായത്. കാട്ടാനക്കൂട്ടം സമീപത്തുണ്ടെന്ന മായയുടെ അവസാന സന്ദേശത്തിന് പിന്നാലെ ഫോൺ ഓഫായിരുന്നു. വനപാലകരും പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇവർക്കായി ഇന്നലെ രാത്രിയിലും തിരച്ചിൽ നടത്തിയിരുന്നു.
Adjust Story Font
16