'അറബിയും മഹൽഭാഷയും പുറന്തള്ളി ത്രിഭാഷാ സംവിധാനം ഏർപ്പെടുത്തുന്നതിനെ നിയമപരമായി നേരിടും'; ലക്ഷദ്വീപ് എംപി
കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ പത്മാകർ റാം ത്രിപാഠി ത്രിഭാഷ പദ്ധതി നടപ്പിലാക്കാൻ ഉത്തരവിട്ടത്

കൊച്ചി: ലക്ഷദ്വീപിൽ അറബിയും മഹൽഭാഷയും പുറന്തള്ളി ത്രിഭാഷാ സംവിധാനം ഏർപ്പെടുത്തുന്നതിന് എതിർപ്പുമായി ലക്ഷദ്വീപ് എംപി ഹംദുല്ല സഈദ്. പദ്ധതി വിദ്യാർഥികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും നിയമപരമായി നേരിടുമെന്നും ലക്ഷദ്വീപ് എംപി മീഡിയവണിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ പത്മാകർ റാം ത്രിപാഠി ത്രിഭാഷ പദ്ധതി നടപ്പിലാക്കാൻ ഉത്തരവിട്ടത്. ഇത് പ്രകാരം കേരള സിലബസിലും സിബിഎസ്ഇയിലും മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ മാത്രമാകും പഠിപ്പിക്കുക. പദ്ധതി നടപ്പിൽ വരുന്നതോടെ മിനിക്കോയ് ദ്വീപിലെ സംസാരഭാഷയായ മഹൽഭാഷപഠനവും വഴിമുട്ടും. നിലവിൽ 3092 വിദ്യാർഥികളാണ് ലക്ഷ്വദീപിൽ അറബി പഠിച്ചിരുന്നത്. പദ്ധതിയെ എതിർക്കുമെന്നും കുട്ടികൾക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ലക്ഷദ്വീപ് എംപി പറഞ്ഞു
ദ്വീപിൽ ജൂൺ 9ന് സ്കൂൾ തുറക്കുമ്പോൾ കഴിഞ്ഞ വർഷം വരെ അറബ് പഠിച്ച കുട്ടികൾ ഈ വർഷം മുതൽ ഹിന്ദി പഠിക്കേണ്ടിവരും. ഇത് വിദ്യാർഥികളിൽ പഠന പ്രതിസന്ധി ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകരും രക്ഷിതാക്കളും കോടതിയെ സമീപിക്കുന്നത്.
Adjust Story Font
16

