Quantcast

ഭൂമി തരംമാറ്റിക്കിട്ടാന്‍ എന്തുചെയ്യണം?

ഇടനിലക്കാരില്ലാതെ റവന്യു ഓഫീസുകള്‍ വഴി ഭൂമി തരം മാറ്റുന്ന നിയമപരമായ രീതി പരിശോധിക്കാം

MediaOne Logo

Web Desk

  • Published:

    8 Nov 2021 10:50 AM IST

ഭൂമി തരംമാറ്റിക്കിട്ടാന്‍ എന്തുചെയ്യണം?
X

ഭൂമി തരംമാറ്റിക്കിട്ടാന്‍ എന്തുചെയ്യണം? തരംമാറ്റാവുന്ന ഭൂമിയും തരംമാറ്റാന്‍ കഴിയാത്ത ഭൂമിയുമുണ്ടോ? എന്തൊക്കെയാണ് വ്യവസ്ഥകള്‍? ഏതൊക്കെ ഓഫീസുകളെയാണ് സമീപിക്കേണ്ടത്? ഇടനിലക്കാരില്ലാതെ റവന്യു ഓഫീസുകള്‍ വഴി ഭൂമി തരം മാറ്റുന്ന നിയമപരമായ രീതി വിശദീകരിക്കുകയാണ് ഈ റിപ്പോർട്ടിലൂടെ..

റവന്യു രേഖകളില്‍ നിലം എന്ന് രേഖപ്പെടുത്തിയ ഭൂമിയില്‍ നിർമാണ പ്രവർത്തനത്തിന് അനുമതി ലഭിക്കില്ല. അതിനെ പുരയിടം എന്ന് തരം മാറ്റിയാലേ നിർമാണം സാധ്യമാകൂ. ഇതിനായാണ് പ്രധാനമായും തരംമാറ്റല്‍ ആവശ്യമായി വരുന്നത്. കൃഷിയോഗ്യമായ ഭൂമിയുടെ വിവരങ്ങള്‍ ഡാറ്റാ ബാങ്കായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഈ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ ഭൂമി തരം മാറ്റുന്നതിന് മറ്റു തടസമില്ല. ആർഡിഒക്ക് അപേക്ഷ നല്‍കി രേഖകളില്‍ മാറ്റം വരുത്തിയാല്‍ മാത്രം മതിയാകും.

ഡാറ്റാ ബാങ്കിലുണ്ടെങ്കിലും 2008ന് മുമ്പെ നികത്തിയ ഭൂമിയാണെങ്കില്‍ തരംമാറ്റുന്നതിന് തടസമില്ല. എന്നാല്‍ ആദ്യം ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കാനായി ആർഡിഒക്ക് പ്രത്യേക അപേക്ഷ നല്‍കണം. ഉപഗ്രഹ ചിത്രം പരിശോധിച്ച് കൃഷി ഓഫീസറാണ് ഡേറ്റ ബാങ്കില്‍ നിന്ന് ഒഴിവാക്കാന്‍ ശിപാർശ ചെയ്യേണ്ടത്. ആർഡിഒ റിപ്പോർട്ട് ഡേറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കി ഉത്തരവിറക്കും. ഡാറ്റാ ബാങ്കില്‍ ഒഴിവാക്കിയാല്‍ വീണ്ടും ആർഡിഒക്ക് അപേക്ഷ നല്‍കി തരംമാറ്റല്‍ നടത്താം.

തരംമാറ്റല്‍ അപേക്ഷ ലഭിച്ചാല്‍ ആർഡിഒ വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് തേടും. അതിന്‍റെ അടിസ്ഥാനത്തിലാണ് തരം മാറ്റല്‍ ഉത്തരവ് പുറത്തിറക്കുക. പിന്നീട് ഭൂരേഖയില്‍ മാറ്റം വരുത്തുകയും ചെയ്യും. അടുത്ത തവണ നികുതി അടക്കുന്നതോടെ തരം മാറ്റല്‍ പ്രയോഗത്തില്‍ വരികയും ചെയ്യും.

25 സെന്‍റില്‍ താഴെയുള്ള ഭൂമിക്ക് തരം മാറ്റുന്നതിന് ഫീസടക്കേണ്ടതില്ല. 25 സെന്‍റിന് മുകളില്‍ ന്യായ വിലയുടെ നിശ്ചിത ശതമാനമാണ് ഫീസായി അടക്കേണ്ടത്. അതെ ഭൂമി തരം മാറ്റാം. റവന്യു ഓഫീസ് മുഖേന ഇടനിലക്കാരില്ലാതെ തന്നെ.

Next Story