Quantcast

'കര്‍മം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ് പൂജാരിമാര്‍ പറഞ്ഞത്'; സ്വയംസന്നദ്ധനായി വന്നത് ചാലക്കുടി സ്വദേശി

"മനുഷ്യന്മാര്‍ തന്നെയല്ലേ? അപ്പോ ഞാന്‍ വിചാരിച്ചു ഞാന്‍ തന്നെ കര്‍മം ചെയ്യാം. ഒരു മരണത്തിനേ ഇതിനു മുന്‍പ് കര്‍മം ചെയ്തിട്ടുള്ളൂ"- രേവത് വികാരാധീനനായി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    30 July 2023 8:06 AM GMT

last rites of five year old girl killed in aluva done by chalakudy native
X

ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിക്ക് അന്ത്യകർമങ്ങൾ ചെയ്തത് ചാലക്കുടി സ്വദേശിയായ രേവത് ആണ്. കർമം ചെയ്യാൻ പല പൂജാരിമാരും തയ്യാറാകാതിരുന്നപ്പോൾ രേവത് സ്വയം സന്നദ്ധനായി മുന്നോട്ട് വരികയായിരുന്നു

"ആലുവ പോയി, മാള പോയി, കുറമശ്ശേരി ഭാഗത്തൊക്കെ അലഞ്ഞു. ഒരു പൂജാരിയും വരാന്‍ തയ്യാറായില്ല. അവരൊന്നും മനുഷ്യന്മാരല്ല. അവര് ചോദിച്ചത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ്. ഹിന്ദിക്കാരുടെ കുട്ടിയാണെങ്കിലും മനുഷ്യന്മാര്‍ തന്നെയല്ലേ? അപ്പോ ഞാന്‍ വിചാരിച്ചു നമ്മുടെ മോള്‍ക്ക് ഞാന്‍ തന്നെ കര്‍മം ചെയ്യാം. ഞാന്‍ ഒരു മരണത്തിനേ ഇതിനു മുന്‍പ് കര്‍മം ചെയ്തിട്ടുള്ളൂ"- രേവത് വികാരാധീനനായി പറഞ്ഞു. ഈ വാക്കുകള്‍ കേട്ട അന്‍വര്‍ സാദത്ത് എം.എല്‍.എ രേവതിനെ ചേര്‍ത്തുപിടിച്ചു.

അതിക്രൂരമായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിക്ക് കേരളം കണ്ണീരോടെയാണ് വിട നൽകിയത്. കുട്ടി പഠിച്ചിരുന്ന തായിക്കാട്ടുകര സ്കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ അധ്യാപകരും സഹപാഠികളും നാട്ടുകാരുമടക്കം നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു. രണ്ട് മാസം മുൻപ് അധ്യാപികയുടെ കൈപിടിച്ച് നടന്നു കയറിയ ക്ലാസ് മുറിയിൽ തന്നെയായിരുന്നു പൊതുദർശനം. കരഞ്ഞു തളർന്ന അമ്മയ്ക്ക് മുന്നിൽ ചലനമറ്റ മകളെ എത്തിച്ചപ്പോൾ വാക്കുകൾക്കതീതമായ വൈകാരിക നിമിഷകൾക്കാണ് സ്കൂൾ അങ്കണം സാക്ഷിയായത്. കീഴ്മാട് പൊതുശ്മശാനത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം.

കുട്ടിയെ കൊലപ്പെടുത്തിയ പ്രതി അസ്ഫാക്കിനെ ആലുവയിലെ മജിസ്ട്രേറ്റിന്‍റെ വസതിയിൽ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. 7 ദിവസത്തെ കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം സമർപ്പിച്ചിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ കുറ്റവും ചുമത്തിയിട്ടുള്ളതിനാൽ പോക്സോ കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക.

പ്രതിയെ കസ്റ്റഡിയിൽ ലഭിച്ച ശേഷം വിശദമായ ചോദ്യംചെയ്യലിലേക്കും തെളിവെടുപ്പിലേക്കും കടക്കും. ലൈംഗിക പീഡനം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി പെൺകുട്ടിയെ ആലുവ മാർക്കറ്റിൽ എത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനുള്ള ചോദ്യംചെയ്യലും ഉണ്ടാകും. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

അതിനിടെ അസ്ഫാക്കിന്‍റെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അന്വേഷണ സംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥർ ഉടൻ ബിഹാറിലേക്ക് പോകും. പോക്സോ, കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ അടക്കം 9 വകുപ്പുകളാണ് അസ്ഫാക്കിനെതിരെ ചുമത്തിയിരിക്കുന്നത്.



TAGS :

Next Story