Quantcast

ജെ.ബി കോശി റിപ്പോർട്ട്: '200 നിർദേശങ്ങൾ എവിടെയാണ് നടപ്പാക്കിയത്?, ആർക്കാണ് ഗുണം ലഭിച്ചതെന്ന് സർക്കാർ വ്യക്തമാക്കണം'; ലത്തീന്‍ സഭ

തെരഞ്ഞെടുപ്പ് സമ്മർദ സമയം ആണെന്നും സമ്മർദങ്ങൾക്ക് ഭരണകൂടം വഴങ്ങേണ്ടി വരുമെന്നും ഫാ.യൂജിൻ പേരര പറഞ്ഞു

MediaOne Logo

Web Desk

  • Published:

    25 Feb 2026 2:34 PM IST

ജെ.ബി കോശി റിപ്പോർട്ട്:  200 നിർദേശങ്ങൾ എവിടെയാണ് നടപ്പാക്കിയത്?, ആർക്കാണ് ഗുണം ലഭിച്ചതെന്ന് സർക്കാർ വ്യക്തമാക്കണം; ലത്തീന്‍ സഭ
X

തിരുവനന്തപുരം: ജെ.ബി കോശി റിപ്പോർട്ടിൽ 200 നിർദേശങ്ങൾ നടപ്പാക്കിയെന്ന് പറയുമ്പോൾ എവിടെയാണ് നടപ്പാക്കിയത് ആർക്കാണ് ഗുണം ലഭിച്ചതെന്നും സർക്കാർ വ്യക്തമാക്കണമെന്നും ലത്തീൻ സഭാ വികാരി ജനറൽ ഫാ. യൂജിൻ പേരര. എന്നാൽ സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു. 24ാം മണിക്കൂറിൽ പ്രഖ്യാപിക്കുമ്പോൾ ഉത്തരവ് ചുവപ്പ് നാടകളിൽ കുടുങ്ങാൻ സാധ്യതയുണ്ട്. വരുന്ന രണ്ടാഴ്ചക്കുള്ളിൽ ഇനിയും ഇത്തരം ഉത്തരവുകൾ ഉണ്ടാകുമോ എന്ന് സംശയമുണ്ട്. തെരഞ്ഞെടുപ്പ് സമ്മർദ സമയം ആണെന്നും സമ്മർദങ്ങൾക്ക് ഭരണകൂടം വഴങ്ങേണ്ടി വരുമെന്നും ഫാ.യൂജിൻ പേരര പറഞ്ഞു.

ഇന്നലെയാണ് ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിന് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകിയത് . റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനകം തീരുമാനം കൈക്കൊണ്ട ശിപാർശകൾക്ക് പുറമെ 32 എണ്ണത്തിൽ കൂടി മന്ത്രിസഭാ യോഗം തീരുമാനമെടുക്കുകയും ചെയ്തു.

ക്ഷേമ പെൻഷൻ 1,600 രൂപയിൽ നിന്ന് 2000 രൂപ ആക്കി വർധിപ്പിച്ച സാഹചര്യത്തിൽ ഗവൺമെന്റ് ഗ്രാന്റായി ഓർഫനേജുകൾക്കും അന്തേവാസികൾക്കും നൽകി വന്ന തുക ആനുപാതികമായി വർധിപ്പിച്ച് 1100 രൂപയിൽ നിന്ന് 1375 രൂപയിലേക്ക് ഉയർത്തി. ഒഇസി ലിസ്റ്റിൽ ഉൾപ്പെടുന്നതിനാൽ ജാതി അടിസ്ഥാനത്തിൽ ലഭിക്കുന്ന സ്റ്റൈപ്പന്റും ലംപ്സം ഗ്രാന്റും സ്കോളർഷിപ്പ് അല്ലയെന്നു വ്യക്തമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കും.

1947 ന് മുൻപ് ലത്തീൻ കത്തോലിക്ക വിശ്വാസികളായവര്‍ക്കും അവരുടെ പിന്‍മുറക്കാര്‍ക്കും മാത്രമേ ലത്തീൻ സമുദായ സര്‍ട്ടിഫിക്കറ്റ് നൽകാവൂയെന്ന മാനദണ്ഡം മന്ത്രിസഭ മാറ്റി. നിബന്ധന അശാസ്ത്രീയമെന്ന് വിലയിരുത്തിയാണ് ഈ തീരുമാനം. ബിഷപ്പുമാര്‍ നൽകുന്ന സര്‍ട്ടിഫിക്കറ്റ് റവന്യൂ അധികാരികള്‍ പരിഗണിക്കണം. വില്ലേജ് ഓഫീസര്‍മാര്‍ നടത്തുന്ന പ്രാദേശിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ സമുദായ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്യാം. ബിപിഎൽ കുടുംബങ്ങളുടെ വീടുകള്‍ക്ക് ഗ്രൂപ്പ് ഇൻഷുറന്‍സ് പദ്ധതിക്കും മന്ത്രിസഭ തീരുമാനിച്ചു.


TAGS :

Next Story