Quantcast

സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിന് പഴയ ഏജൻസി മതിയെന്ന് നിയമ വകുപ്പ്

പഴയ ഏജൻസികളെ നിയമിക്കാൻ മുഖ്യമന്ത്രി നേരത്തെ അനുമതി നൽകിയിരുന്നു

MediaOne Logo

Web Desk

  • Published:

    7 Oct 2022 1:33 PM GMT

സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിന് പഴയ ഏജൻസി മതിയെന്ന് നിയമ വകുപ്പ്
X

തിരുവനന്തപുരം: സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിന് പഴയ ഏജൻസി മതിയെന്ന് നിയമവകുപ്പ്. ഇതിന് മന്ത്രിസഭയുടെ അനുമതി അഭികാമ്യമെന്നും നിയമവകുപ്പ് നിർദ്ദേശിച്ചു. പഴയ ഏജൻസികളെ നിയമിക്കാൻ മുഖ്യമന്ത്രി നേരത്തെ അനുമതി നൽകിയിരുന്നു.

സിൽവർലൈൻ സാമൂഹികാഘാത പഠനത്തിന് പഴയ ഏജൻസികളെ ചുമതലപ്പെടുത്തുന്നതിൽ തെറ്റില്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. ഇതിനെ തുടർന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസങ്ങളിൽ ഫയലുകൾ പരിശോധിക്കുകയും അനുമതിയുണ്ടെന്ന കാര്യം നിയമവകുപ്പിനെ അറിയിക്കുകയും ചെയ്തു. നിയമവകുപ്പാണ് സർക്കാരിന് മുന്നിൽ പുതിയ നിർദ്ദേശം വെച്ചിരിക്കുന്നത്.

വിഷയത്തിൽ മന്ത്രിസഭാ അനുമതി കൂടി ഉണ്ടാകേണ്ടത് അഭികാമ്യമാണെന്ന് നിയമവകുപ്പ് സർക്കാരിനെ അറിയിച്ചു. സാങ്കേതികപരമായ എന്തെങ്കിലും പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടായാൽ അവയെ മറികടക്കാൻ വേണ്ടിയാണിതെന്നാണ് വിശദീകരണം. ഇതോടെ സംസ്ഥാനത്ത് സാമൂഹികാഘാത പഠനം നടത്തിയ ആറ് ഏജൻസികൾ തന്നെയായേക്കും പഠനം നടത്തുക. ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അതേസമയം, സിൽവർ ലൈൻ പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഓഫീസുകളുടെ കാലാവധി സർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടി. റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സ്‌പെഷ്യൽ തഹസിൽദാരുടെ ഓഫീസുമായി ബന്ധപ്പെട്ട പതിനൊന്ന് സ്ഥലമേറ്റെടുക്കൽ യൂണിറ്റുകളുടെ കാലാവധി 18-08-2022ൽ പൂർത്തിയായിരുന്നു. ഇതാണ് പുതിയ ഉത്തരവ് പ്രകാരം ഒരു വർഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.

TAGS :

Next Story