അഭിഭാഷക വേഷത്തിൽ ലഹരിക്കച്ചവടം; എംഡിഎംയുമായി നിയമ വിദ്യാർഥി പിടിയിൽ
നെയ്യാറ്റിൻകര എക്സൈസ് സംഘം തച്ചോട്ടുകാവിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്

നെയ്യാറ്റിൻകര: ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി. മലയം സ്വദേശി ജിനേഷ് വിജയനെയാണ് നെയ്യാറ്റിൻകര എക്സൈസ് സംഘം പിടികൂടിയത്. പ്രതിയിൽ നിന്ന് 4.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
തച്ചോട്ടുകാവിൽ വെച്ചാണ് എക്സൈസ് സംഘം ജിനേഷിനെ കസ്റ്റഡിയിലെടുത്തത്. താൻ അഭിഭാഷകനാണെന്നാണ് ഇയാൾ പൊലീസിനോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. പൊലീസിന്റെയും എക്സൈസിന്റെയും പരിശോധനകളിൽ നിന്ന് രക്ഷപ്പെടാനും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനുമായി വെളുത്ത ഷർട്ടും കറുത്ത പാന്റും ധരിച്ചായിരുന്നു ഇയാളുടെ ലഹരിക്കച്ചവടം.
സംഭവത്തിൽ എക്സൈസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാൾക്ക് എവിടെ നിന്നാണ് ലഹരി ലഭിച്ചത്, പിന്നിൽ മറ്റ് വിദ്യാർഥികളോ സംഘങ്ങളോ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ എക്സൈസ് സംഘം പരിശോധിച്ചുവരികയാണ്.
Next Story
Adjust Story Font
16

