മുസ്‍ലിം സംവരണം തടയണമെന്ന് ഹരജി; 'ലൗ ജിഹാദ്' വക്കീലിന് 25000 രൂപ പിഴ

കൊച്ചിയിലെ ഹിന്ദുസേവാ കേന്ദ്രം ട്രഷറർ ശ്രീകുമാർ മാങ്കുഴിയാണ് മെഡിക്കൽ വിദ്യാർഥികളുടെ നൃത്തം ലവ് ജിഹാദായി ചിത്രീകരിച്ച ' വിവാദത്തിലായ അഭിഭാഷകൻ ആർ. കൃഷ്ണരാജ് മുഖേന സംവരണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

MediaOne Logo

ഷബ്ന സിയാദ്

  • Updated:

    2021-07-25 02:18:04.0

Published:

25 July 2021 2:18 AM GMT

മുസ്‍ലിം സംവരണം തടയണമെന്ന് ഹരജി; ലൗ ജിഹാദ് വക്കീലിന് 25000 രൂപ പിഴ
X

മുസ്‍ലിം സംവരണം തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ഹൈക്കോടതി തള്ളി. കൊച്ചിയിലെ ഹിന്ദുസേവാ കേന്ദ്രം ട്രഷറർ ശ്രീകുമാർ മാങ്കുഴി നൽകിയ പൊതു താൽപര്യ ഹരജിയാണ് കോടതി പിഴയോടെ തള്ളിയത്. 25000 രൂപ പിഴയടക്കാനാണ് കോടതി ഉത്തരവ്. പിഴത്തുക അപൂർവ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സാ സഹായ ഫണ്ടിലേക്ക് ഒരുമാസത്തിനകം നൽകാനാണ് നിർദേശം.

കൊച്ചിയിലെ ഹിന്ദുസേവാ കേന്ദ്രം ട്രഷറർ ശ്രീകുമാർ മാങ്കുഴിയാണ് മെഡിക്കൽ വിദ്യാർഥികളുടെ നൃത്തം ലവ് ജിഹാദായി ചിത്രീകരിച്ച ' വിവാദത്തിലായ അഭിഭാഷകൻ ആർ. കൃഷ്ണരാജ് മുഖേന സംവരണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചണ് 25000 രൂപ പിഴയടക്കാൻ ഉത്തരവിട്ടത്. പിഴത്തുക അപൂർവ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സാ സഹായത്തിനായി രൂപം നൽകിയ ഫണ്ടിലേക്ക് ഒരുമാസത്തിനകം നൽകാനാണ് നിർദേശം. പിഴയൊടുക്കിയില്ലെങ്കിൽ റവന്യൂ റിക്കവറി നടപടികളിലൂടെ ഈടാക്കാൻ നടപടിയെടുക്കണമെന്നും കോടതി.

മുസ്‍ലിം, ലത്തീൻ കത്തോലിക്ക, ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ സ്ഥിതി കണക്കിലെടുത്താൽ ഇവരെ പിന്നാക്ക വിഭാഗമായി കാണാൻ കഴിയില്ലെന്നായിരുന്നു ഹരജിയിലെ വാദം. പട്ടിക ജാതിയിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് മാറുന്നവർക്ക് സംവരണാനുകൂല്യങ്ങൾ നൽകുന്നത് മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സാമ്പത്തിക, സാമൂഹിക അവസ്ഥ പരിഗണിച്ച് പുതിയ ന്യൂനപക്ഷ പട്ടിക തയാറാക്കണം. സച്ചാർ, പാലൊളി കമ്മിറ്റി ശിപാർശ പ്രകാരം ഈ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിലും സാമൂഹിക ക്ഷേമ പരിപാടികൾക്കും നൽകുന്ന സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കാൻ ഉത്തരവിടണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ന്യൂനപക്ഷ കമ്മിഷൻ നിയമനത്തെക്കുറിച്ചും ഉത്തരവാദിത്തം സംബന്ധിച്ചും സുപ്രീം കോടതി ഉത്തരവുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട പല നിയമങ്ങളും നിലവിലുണ്ട്. ഇതിൻെറ അടിസ്ഥാനത്തിലാണ് സംവരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നടപ്പാക്കിയിട്ടുള്ളതെന്ന് സർക്കാർ അറിയിച്ചു. സച്ചാർ -പാലൊളി കമീഷനുകൾ, ജസ്റ്റിസ് നരേന്ദ്രൻ കമീഷൻ റിപ്പോർട്ടുകൾ എന്നിവയും ഇതിൻെറ അടിസ്ഥാനത്തിലാണ് നടപ്പാക്കിയതെന്ന സർക്കാർ വാദവും കോടതി ശരിവെച്ചു.

ന്യൂനപക്ഷങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ലാതെയാണ് സംവരണം നൽകുന്നതെന്ന രീതിയിലാണ് അവരെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഹരജിക്കാരൻ ഉന്നയിച്ചിരിക്കുന്നത്. ഇവരെ ഉൾപ്പെടുത്തിയത് ഭരണഘടനക്ക് വിരുദ്ധമാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. തെറ്റിദ്ധാരണയുടേയും ന്യായമല്ലാത്ത വാദമുഖങ്ങളുടേയും അടിസ്ഥാനത്തിലുള്ളതാണ് ഈ ഹരജിയെന്ന് ചൂണ്ടിക്കാട്ടിയ ഡിവിഷൻബെഞ്ച് ഈ ആവശ്യങ്ങൾ കോടതിക്ക് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി.

ഒരു പഠനവും നടത്താതെയാണ് ഹരജി നൽകിയിട്ടുള്ളത്. മറാത്ത കേസിലെ നിയമ വശം പോലും പഠിച്ചിട്ടില്ല. ന്യൂനപക്ഷ സമുദായങ്ങളുടെ പട്ടിക പ്രഖ്യാപിക്കാൻ ഇന്ത്യൻ പ്രസിഡൻറിനാണ് അധികാരമെന്നിരിക്കെ, കോടതിക്ക് ഹരജിയിലെ ഒരു ആവശ്യവും അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി പിഴയോടെ തള്ളി ഉത്തരവിടുകയായിരുന്നു. കോടതികളെ ഹരജിക്കാർ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ജഡ്ജിമാർ ഉറപ്പു വരുത്തണമെന്ന ഇന്ത്യൻ കൗൺസിൽ ഓഫ് എൻവിറോ -ലീഗൽ ആക്ഷൻ കേസിലെ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് പിഴ ചുമത്തിയതെന്നും ഉത്തരവിൽ പറയുന്നു.

TAGS :

Next Story