തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല, പക്ഷേ 2026ലെ സൂര്യൻ ചുവക്കും: കെ.ടി ജലീൽ
'വൈകാരിക വിഷയങ്ങൾ ഉയർത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനും വിഭാഗീകരിക്കാനും യുഡിഎഫിനും ബിജെപിക്കും ഒരു പരിധി വരെ സാധിച്ചു'.

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടെങ്കിലും എൽഡിഎഫ് 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് കെ.ടി ജലീൽ എംഎൽഎ. 2026ലെ സൂര്യൻ ചുവക്കുമെന്നും ഇടതുപക്ഷ പ്രവർത്തകർ സധൈര്യം മുന്നോട്ടു പോവണമെന്നും കെ.ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
'തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ കഴിഞ്ഞില്ല. വൈകാരിക വിഷയങ്ങൾ ഉയർത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനും വിഭാഗീകരിക്കാനും യുഡിഎഫിനും ബിജെപിക്കും ഒരു പരിധി വരെ സാധിച്ചു. എല്ലാ മത- ജാതി- സമുദായ വിഭാഗങ്ങളിലെ ഇടതുപക്ഷ മനസുള്ളവരും എൽഡിഎഫിൻ്റെ കൂടെ ഉറച്ചുനിന്നു'.
'ഇതിലും വലിയ പരാജയമാണ് 2010ൽ വി.എസ് സർക്കാരിൻ്റെ കാലത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായത്. തൊട്ടടുത്ത വർഷം 2011ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിൻ്റെ നാലയലത്ത് പോലും എത്താൻ യുഡിഎഫിനായില്ല'.
അന്ന് കേവലം രണ്ടു സീറ്റുകളുടെ വ്യത്യാസമേ എൽഡിഎഫും യുഡിഎഫും തമ്മിൽ ഉണ്ടായിരുന്നുള്ളൂ എന്നും കെ.ടി ജലീൽ പറഞ്ഞു. 2026 എൽഡിഎഫിന്റേതാണെന്നും ചുവപ്പിൻ്റെ മൂന്നാമൂഴത്തിനു ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും കെ.ടി ജലീൽ പ്രവർത്തകരോട് പറഞ്ഞു. 2010ലെയും 2025ലേയും തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലത്തിന്റെ കണക്ക് പങ്കുവച്ചാണ് കെ.ടി ജലീലിന്റെ പോസ്റ്റ്.
Adjust Story Font
16

