Quantcast

ഹരിത വിവാദം അന്തിമ തീരുമാനത്തിലെത്താനാവാതെ ലീഗ് നേതൃത്വം

പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടിയെടുത്തതില്‍ എതിര്‍പ്പുമായി ചില ഭാരവാഹികള്‍ ഹൈദരലി തങ്ങളെ സമീപിച്ചതായാണ് വിവരം. ഭാരവാഹികളായ എം.കെ മുനീര്‍, കെ.പി.എ മജീദ്, എം.സി മായിന്‍ ഹാജി, കുട്ടി അഹമ്മദ്കുട്ടി എന്നിവരാണ് ഹൈദരലി തങ്ങളെ കണ്ടതെന്നാണ് സൂചന.

MediaOne Logo

Web Desk

  • Updated:

    2021-09-18 14:28:52.0

Published:

18 Sep 2021 1:55 PM GMT

ഹരിത വിവാദം അന്തിമ തീരുമാനത്തിലെത്താനാവാതെ ലീഗ് നേതൃത്വം
X

ഹരിത വിവാദത്തില്‍ അന്തിമ തീരുമാനത്തിലെത്താനാവാതെ ലീഗ് നേതൃത്വം. നേതാക്കള്‍ക്കിടയിലെ ആശയക്കുഴപ്പമാണ് വിഷയം പരിഹരിക്കുന്നതിന് തടസ്സമാവുന്നത്. നേരത്തെ ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട ലീഗ് നേതൃത്വം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നു. തീരുമാനത്തില്‍ അതൃപ്തി അറിയിച്ച ഫാത്തിമ തഹ്‌ലിയയെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. ഇതോടെ ഹരിത വിഷയത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു ലീഗ്.

ഇതിന് പിന്നാലെയാണ് ഹരിത നേതാക്കള്‍ കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തിയത്. തങ്ങളുന്നയിച്ച പ്രശ്‌നങ്ങള്‍ അക്കമിട്ട് നിരത്തിയ അവര്‍ പാര്‍ട്ടി വിടില്ലെന്നും വ്യക്തമാക്കി. പാര്‍ട്ടി നേതൃത്വത്തിന്റെ ചില തീരുമാനങ്ങളോട് മാത്രമാണ് എതിര്‍പ്പെന്നും പാര്‍ട്ടിയെ തള്ളിപ്പറയില്ലെന്നും പറഞ്ഞ ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ മുസ്‌ലിം ലീഗ് രാഷ്ട്രീയത്തെ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ടായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല പാര്‍ട്ടിയിലെത്തിയതെന്നും പാര്‍ട്ടി വിടുന്ന പ്രശ്‌നമില്ലെന്നും ഫാത്തിമ തഹ്‌ലിയയും വ്യക്തമാക്കി.

വാര്‍ത്താസമ്മേളനം കഴിഞ്ഞതോടെ ഹരിത നേതാക്കള്‍ക്ക് വലിയ പിന്തുണ കിട്ടിയതാണ് ലീഗില്‍ വീണ്ടും ഹരിത വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യമുയരാന്‍ കാരണം. ഹരിതയിലുള്ളത് തങ്ങള്‍ വളര്‍ത്തിയ കുട്ടികളാണെന്നും വിഷയം വീണ്ടും ചര്‍ച്ച ചെയ്യുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ ലീഗ് അന്തിമ തീരുമാനത്തിലെത്തിയെന്നായിരുന്നു സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത്.

ഇതിന് പിന്നാലെ വിഷയം വീണ്ടും ചര്‍ച്ച ചെയ്യുമെന്ന നിലപാടുമായി കെ.പി.എ മജീദ് രംഗത്തെത്തി. മുസ്‌ലിം ലീഗിന്റെ ആശയാദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളെയും കേള്‍ക്കാനും പരിഗണിക്കാനും കഴിയുന്ന പ്രസ്ഥാനമാണിത്. നീതി തേടി വരുന്നവര്‍ക്ക് നീതി ഉറപ്പാക്കലാണ് പാര്‍ട്ടിയുടെ പാരമ്പര്യം. ഒരു ചര്‍ച്ചയുടെയും വാതിലുകള്‍ അടഞ്ഞിട്ടില്ല. ഏത് വിഷയവും ഇനിയും ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ഒരുക്കമാണ്. നിരന്തര ചര്‍ച്ചകളിലൂടെയും നീതിപൂര്‍വ്വകമായ പരിഹാരങ്ങളിലൂടെയുമാണ് മുസ്ലിം ലീഗ് വളര്‍ച്ചയുടെ പാതകള്‍ പിന്നിട്ടത്. നേതാക്കളും പ്രവര്‍ത്തകരും ക്ഷമിച്ചും സഹിച്ചും നിലകൊണ്ടതിന്റെ ഫലമായിട്ടാണ് അഭിമാനകരമായ നേട്ടങ്ങള്‍ നാം സ്വന്തമാക്കിയത്. ഈ ആദര്‍ശ പതാക മുറുകെ പിടിച്ച്, പരസ്പരം സ്നേഹവും ബഹുമാനവും നിലനിര്‍ത്തി നമുക്ക് മുന്നേറാം-കെ.പി.എ മജീദ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

എന്നാല്‍ ഇന്ന് മാധ്യമങ്ങളെ കണ്ട പി.കെ കുഞ്ഞാലിക്കുട്ടി വീണ്ടും മലക്കം മറിഞ്ഞു. ഹരിത വിഷയത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനത്തിലെത്തിയതാണെന്നും പാണക്കാട് തങ്ങള്‍മാര്‍ ഒരു വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയാല്‍ പിന്നെ അതില്‍ ചര്‍ച്ചയില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

അതിനിടെ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടിയെടുത്തതില്‍ എതിര്‍പ്പുമായി ചില ഭാരവാഹികള്‍ ഹൈദരലി തങ്ങളെ സമീപിച്ചതായാണ് വിവരം. ഭാരവാഹികളായ എം.കെ മുനീര്‍, കെ.പി.എ മജീദ്, എം.സി മായിന്‍ ഹാജി, കുട്ടി അഹമ്മദ്കുട്ടി എന്നിവരാണ് ഹൈദരലി തങ്ങളെ കണ്ടതെന്നാണ് സൂചന. ഹരിത വിവാദത്തിലെ അടിസ്ഥാന കാരണം എം.എ്‌സ്.എഫിലെ വിഭാഗീയതയാണെന്ന അഭിപ്രായം ലീഗിലെ ഒരു വിഭാഗത്തിനുണ്ട്. വേണ്ടത്ര ആലോചനകളില്ലാതെ ഹരിത വിഷയത്തില്‍ തീരുമാനമെടുത്തത് പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി എന്നാണ് ഇവരുടെ നിലപാട്.

വിവാദത്തിന്റെ തുടക്കം മുതല്‍ ഹരിത ഭാരവാഹികള്‍ക്ക് അനൂകൂലമായ നിലപാടാണ് ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ മുനീര്‍, കുട്ടി അഹമ്മദ് കുട്ടി, കെ.പി.എ മജീദ് തുടങ്ങിയവര്‍ സ്വീകരിച്ചത്. പിന്നീട് പാര്‍ട്ടി തീരുമാനം എതിരായതോടെ ഇവരും പിന്തുണക്കുകയായിരുന്നു.

TAGS :

Next Story