സംഘർഷത്തിന്റെ വഴി വെടിഞ്ഞ് സംവാദത്തിന്റെ വഴി തുറക്കുക: ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീർ
പ്രബുദ്ധ കേരളത്തിൽ രാഷ്ട്രീയകൊലപാതകം ഇതാദ്യമായിട്ടല്ല. അതിലെല്ലാം കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും പങ്കാളികളാണ്

സംഘർഷത്തിന്റെ വഴി വെടിഞ്ഞ് സംവാദത്തിന്റെ വഴിയിലേക്ക് എത്തണമെന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീർ പി മുജീബുറഹ്‌മാൻ. പ്രബുദ്ധ കേരളത്തിൽ രാഷ്ട്രീയകൊലപാതകം ഇതാദ്യമായിട്ടല്ല. അതിലെല്ലാം കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും പങ്കാളികളാണ്. ആരാണതിലെ കേമൻമാരെന്നത് മലയാളികൾക്കറിയാം.അതിനായി പാർട്ടി ക്വട്ടേഷൻ സംഘങ്ങളും ബോംബ് നിർമാണ യൂണിറ്റുകളും കേരളത്തിൽ ഭംഗിയായി സ്ഥാപിച്ച് നിലനിർത്തി പോന്നിട്ടുണ്ട്. പക്ഷേ,ഇതുവഴി അനാഥരാക്കപ്പെട്ട നിരവധി കുഞ്ഞുങ്ങളും വിധവകളാക്കപ്പെട്ട സ്ത്രീകളും നമ്മുടെ മുമ്പിലുണ്ട്. അവരുടെ നഷ്ടം നികത്താൻ ഒരു പാർട്ടിക്കും ഇന്നുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സംഘർഷത്തിന്റെ വഴി വെടിഞ്ഞ് സംവാദത്തിന്റെ വഴി തുറക്കുക
പ്രബുദ്ധ കേരളത്തിൽ രാഷ്ട്രീയകൊലപാതകം ഇതാദ്യമായിട്ടല്ല. നിരവധി കൊലപാതകങ്ങൾ വളരെ പ്രാകൃതരീതിയിൽ അരങ്ങേറിയ സംസ്ഥാനമാണ് കേരളം. അതിലെല്ലാം കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും പങ്കാളികളാണ്. ആരാണതിലെ കേമൻമാരെന്നത് മലയാളികൾക്കറിയാം.
അതിനായി പാർട്ടി ക്വട്ടേഷൻ സംഘങ്ങളും ബോംബ് നിർമാണ യൂണിറ്റുകളും കേരളത്തിൽ ഭംഗിയായി സ്ഥാപിച്ച് നിലനിർത്തി പോന്നിട്ടുണ്ട്. അത്തരം കൊലക്കത്തി രാഷ്ട്രീയം നൽകിയ രക്തസാക്ഷികളെ വെച്ച് പല പാർട്ടികളും തടിച്ച് കൊഴുത്തിട്ടുണ്ട്. പക്ഷെ,ഇതുവഴി അനാഥരാക്കപ്പെട്ട നിരവധി കുഞ്ഞുങ്ങളും വിധവകളാക്കപ്പെട്ട സ്ത്രീകളും നമ്മുടെ മുമ്പിലുണ്ട്. അവരുടെ നഷ്ടം നികത്താൻ ഒരു പാർട്ടിക്കും ഇന്നുവരെ സാധിച്ചിട്ടില്ല.
ഒരു ബഹുസ്വര സമൂഹത്തിൽ ഭിന്ന വീക്ഷണങ്ങൾ സ്വാഭാവികമാണ്. അവ തമ്മിലുള്ള മത്സരവുമുണ്ടാവാം. പക്ഷെ അത് നടക്കേണ്ടത് പ്രാകൃത രീതികളിലല്ല. മറിച്ച്,ആശയതലത്തിൽ തന്നെയാവണം;ജനാധിപത്യപരവും ആരോഗ്യപരവുമായ സംവാദത്തിലൂടെയാവണം.ബുദ്ധിയും ചിന്തയും കാഴ്ചപ്പാടുമുള്ള മനുഷ്യരുടെ പ്രബുദ്ധതക്ക് നേരെ ഇനിയുമാരും വാളോങ്ങരുത്,കത്തി ചൂണ്ടരുത്. ആലപ്പുഴ സംഭവത്തിൽ അനുശോചിച്ച മുഖ്യമന്ത്രിയുൾപ്പടെ മുഴുവൻ മത രാഷ്ട്രീയ നേതാക്കളും നെഞ്ചത്ത് കൈവെച്ച് ആത്മപരിശോധന നടത്തുക. ഇന്ന് നേരം പുലർന്നപ്പോഴേക്കും വൈധവ്യം പേറേണ്ടിവന്ന രണ്ട് സ്ത്രീകളുടെയും അനാഥരാക്കപ്പെട്ട കുട്ടികളുടെയും കാര്യത്തിൽ ഇത്തരമൊരു രാഷ്ട്രീയസംസ്‌കാരം വളർത്തുന്നതിൽ പങ്കുവഹിച്ച നിങ്ങളെല്ലാവരും പ്രതികളാണ്. അതിനാൽ പ്രസ്താവന മത്സരം നടത്തി ഇതിൽനിന്നും എങ്ങിനെ രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്ന് ചിന്തിക്കുന്നതിനു പകരം ആയുധങ്ങൾ ദൂരെയെറിഞ്ഞ് ആശയങ്ങളെ ആയുധമാക്കാൻ എല്ലാവരും വിവേകം കാണിക്കണം.
Adjust Story Font
16

