Quantcast

ഗവര്‍ണര്‍ക്ക് കോടതികളില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടി നേരിടുന്നത് ആയുധമാക്കാന്‍ ഇടത് മുന്നണി

സാങ്കേതികസര്‍വ്വകലാശാലയിലും കേരള സര്‍വ്വകലാശാലയിലും അടക്കം ഗവര്‍ണര്‍ എടുത്ത തീരുമാനങ്ങള്‍ കോടതി റദ്ദാക്കിയതാണ് ഭരണപക്ഷത്തിന്‍റെ ആയുധം

MediaOne Logo

Web Desk

  • Published:

    25 March 2023 1:24 AM GMT

LDF Meeting
X

ഇടതുമുന്നണി യോഗം

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ തുറന്നപോരിനിറങ്ങിയ ഗവര്‍ണര്‍ക്ക് കോടതികളില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടി നേരിടുന്നത് ആയുധമാക്കാന്‍ ഇടത് മുന്നണി. സാങ്കേതികസര്‍വ്വകലാശാലയിലും കേരള സര്‍വ്വകലാശാലയിലും അടക്കം ഗവര്‍ണര്‍ എടുത്ത തീരുമാനങ്ങള്‍ കോടതി റദ്ദാക്കിയതാണ് ഭരണപക്ഷത്തിന്‍റെ ആയുധം.എന്നാല്‍ വിട്ടുവീഴ്ചക്ക് തയ്യാറാകാതെ സര്‍ക്കാരിനെ നേരിടാന്‍ നിയമപരമായുള്ള തുടര്‍നടപടികളാണ് രാജ്ഭവന്‍ ആലോചിക്കുന്നത്.

ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് വാഗ്വാദങ്ങള്‍ക്കപ്പുറം നിയമപരമായ പരിശോധനയിലേക്ക് എത്തിയതോടെ ആര്‍ക്കായിരിക്കും വിജയം എന്ന് ഏവരും ശ്രദ്ധയോടെ നോക്കിയിരുന്നു. ബില്ലുകള്‍ ഒപ്പിടാതെ പിടിച്ച് വച്ചിരിക്കുന്ന ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അതിന്‍റെ നടപടികൾ പൂര്‍ത്തീകരിച്ചിട്ടില്ല. വിവിധ സര്‍വ്വകലാശാലാകളുടെ ഭരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ നടത്തിയ ഇടപെടലുകളെ അതാത് സര്‍വ്വകലാശാലകളോ ,ബന്ധപ്പെട്ട വ്യക്തികളോ ആണ് കോടതിയില്‍ ചോദ്യം ചെയ്തത്. ഇതില്‍ മിക്കതിലും ഗവര്‍ണര്‍ക്ക് തിരിച്ചടി നേരിട്ടത് ആയുധമാക്കാനാണ് എല്‍.ഡി.എഫ് നീക്കം.

സാങ്കേതിക സര്‍വ്വകലാശാല താത്കാലിക വിസി നിയമനത്തില്‍ സര്‍ക്കാരിന് അനൂകൂലമായി ഹൈക്കോടതി വിധിയില്‍ പരാമര്‍ശമുണ്ടായി. സര്‍ക്കാര്‍ പാനലില്‍ നിന്നാണ് ചാന്‍സലര്‍ നിയമനം നടത്തേണ്ടത് എന്നായിരുന്നു കോടതി നിരീക്ഷണം. കെടിയു സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കിയ നടപടിയിലും ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടു. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെ സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കിയ നടപടി നിയമപരമല്ലെന്ന് കോടതി വിധിച്ചു. ഇതിന് പിന്നാലെയാണ് കടുത്ത തിരിച്ചടി ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് ഇന്നലെ നേരിടേണ്ടി വന്നത്.

കേരള സര്‍വ്വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയതിലും വിസി നിയമനത്തില്‍ രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിലും ഗവര്‍ണറുടെ തീരുമാനങ്ങള്‍ ഹൈക്കോടതി തള്ളിക്കളഞ്ഞു. ഇതെല്ലാം രാഷ്ട്രീയ വിഷയമാക്കി ഉയര്‍ത്താനാണ് ഭരണപക്ഷത്തെ നീക്കം. ഗവര്‍ണര്‍ നിയമപരമായിട്ടല്ല പ്രവര്‍ത്തിക്കുന്നതെന്ന തങ്ങളുടെ വാദങ്ങള്‍ ശരിവെയ്ക്കുന്നതാണ് കോടതി തീരുമാനങ്ങളെന്നാണ് എല്‍.ഡി.എഫ് നേതാക്കള്‍ പറയുന്നത്.



TAGS :

Next Story