'ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരി, കള്ളക്കേസിൽ കുടുക്കാൻ പദ്ധതിയിട്ടു'; ലിവിയയുടെ മൊഴി നിർണായകമാകും
പാസ്പോർട്ട് റദ്ദാക്കാൻ സാധ്യതയുള്ളതിനാൽ രഹസ്യമായി നാട്ടിലെത്തിയതായിരുന്നു ലിവിയ

തൃശൂര്‍:ചാലക്കുടി വ്യാജ ലഹരി കേസിൽ മുഖ്യ ആസൂത്രകയായ ലിവിയയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. മുംബൈയിൽ പിടിയിലായ ലിവിയയെ പുലർച്ചയാണ് കൊടുങ്ങല്ലൂരിൽ എത്തിച്ചത്.കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കുന്നതിൽ ലിവിയയുടെ മൊഴി നിർണായകമാണ്.
വ്യാജ ലഹരിക്കേസിൽ അറസ്റ്റിലായ ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ. കുടുംബ വഴക്കിനെ തുടർന്ന് ഷീലാ സണ്ണിയെ കള്ളക്കേസിൽ കുടുക്കാൻ ലിവിയയാണ് പദ്ധതി ഇട്ടത് എന്നാണ് പൊലീസ് പറയുന്നത്. സുഹൃത്ത് നാരായൺ ദാസുമായി ഗൂഢാലോചന നടത്തിയതിന്റെ അനന്തരഫലമായാണ് ഷീല സണ്ണിയുടെ വീട്ടിൽ ലഹരി സ്റ്റാമ്പ് എത്തിയതും അവർ അറസ്റ്റിലായതും.
ദുബൈയിലേക്ക് നാടുവിട്ട ലിവിയെ കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. പാസ്പോർട്ട് റദ്ദാക്കാൻ സാധ്യതയുള്ളതിനാൽ രഹസ്യമായി നാട്ടിലെത്തിയതായിരുന്നു ലിവിയ. കേസുമായി ഷീല സണ്ണിയുടെ മകനോ മരുമകൾക്കോ ബന്ധമുണ്ടോ, മറ്റാരെങ്കിലും ഇടപെട്ടിട്ടുണ്ടോ, ആരിൽ നിന്നാണ് ലഹരി സ്റ്റാമ്പ് വാങ്ങിയത്, ഇതിന് ആര് പണം മുടക്കി തുടങ്ങി നിരവധി കാര്യങ്ങൾ അന്വേഷണസംഘത്തിന് അറിയേണ്ടതുണ്ട്.
ലിവിയയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണത്തിന്റെ അടുത്തഘട്ടം തുടങ്ങുക. വ്യാജ ലഹരി കേസിൽ അറസ്റ്റിലായ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണി ചെയ്യാത്ത കുറ്റത്തിന് 72 ദിവസമാണ് ജയിലിൽ കിടന്നത്. ലിവിയക്കും നാരായൺ ദാസിനും മാത്രമായി ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കാൻ ആവില്ലെന്നാണ് പൊലീസ് അനുമാനം.
Adjust Story Font
16

