‘ജപ്തിയാകുന്ന ആയുസ്’; യുവാക്കളുടെ ജീവനെടുക്കുന്ന ലോൺ ആപ്പുകൾ
ഫോണിൽ സേവ് ചെയ്ത കോൺടാക്‌ടുകളിലേക്കും ഇവർക്ക് ആക്സസ് ലഭിക്കുന്നു. ഗാലറിയിലുള്ള ഫോട്ടോസ്, വിഡിയോസ് എന്നിവ അവരുടെ സെർവറിലേക്ക് കോപ്പി ചെയ്യുന്നു

- Updated:
2026-02-26 15:05:36.0

photo: special arrangement
സാമ്പത്തിക ആവശ്യങ്ങൾക്കായി ലോൺ എടുക്കുന്നവർ നിരവധിയാണ്. രേഖകളുമായി ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ദിവസങ്ങളോളം കയറി ഇറങ്ങേണ്ടി വരും എന്നതാണ് ഇതിൻ്റെ ഏറ്റവും പ്രയാസമായി ആളുകൾ കാണുന്നത്. എന്നാൽ ഈ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ വീട്ടിലിരുന്നു ലോൺ എടുക്കാൻ കഴിയുന്ന പുതിയ കാലത്താണ് നമ്മൾ ജീവിക്കന്നത്. മിനിറ്റുകൾക്കകം ലോൺ ലഭിക്കുന്ന ലോൺ ആപ്പുകളുടെ വളയത്തിൽ ജീവിതം തകർന്ന അനേകം പേരുടെ വാർത്തകളാണ് ചുറ്റും.
എളുപ്പത്തിൽ പണം ലഭിക്കാനുള്ള ആഗ്രഹമാണ് മലയാളികളടക്കം ഓൺ ലൈൻ ആപ്പുകളെ തേടി പോകാൻ കാരണം. ആധാർ കാർഡും പാൻ കാർഡും മാത്രം രേഖയായി നൽകിയാൽ ശരാശരി സിബിൽ സ്കോർ പോലുമില്ലാതെ ആപ്പിലൂടെ ലോൺ ലഭിക്കും. ഓരോ ആപ്പുകളിലും ഓരോ പലിശ രീതികളാണ് പരീക്ഷിക്കുന്നത്. ലോൺ നൽകുന്നതിനും തിരിച്ചടവിനും വ്യത്യസ്ഥ മാർഗങ്ങളാണ് സ്വീകരിക്കുന്നതും. വലിയ രേഖകൾ ഒന്നും ആവശ്യമില്ലാതെ വായ്പകൾ വാഗ്ദാനം ചെയ്യുന്ന ഈ ആപ്പുകൾ, പലപ്പോഴും 100 ശതമാനത്തിൽ കൂടുതൽ പലിശ വരെ ഈടാക്കുന്നു. പിന്നീട് വായ്പകൾ യഥാസമയം തിരിച്ചടയ്ക്കാൻ കഴിയാത്ത ഉപഭോക്താക്കളെ ഭീമമായ പലിശ നിരക്കിൽ ഭീഷണിപ്പെടുത്തുന്നു. മിക്ക ആപ്പുകളും ഉപയോക്താക്കളോട് ടെക്സ്റ്റുകൾ, ചിത്രങ്ങൾ, കോൺടാക്റ്റുകൾ എന്നിവ ഇൻസ്റ്റാൾ ചെയ്യുമ്പോൾ, ക്യാമറയിലേക്ക് പോലും ആക്‌സസ് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു. തുടർന്ന് ആപ്പുകൾ കോൺടാക്റ്റ് ലിസ്റ്റുകളും ഫോട്ടോകളും പകർത്തി ഇരകളെ ഉപദ്രവിക്കാൻ ഉപയോഗിക്കുന്നു. ഇതാണ് സാധാരണയായി കണ്ടുവരുന്ന രീതി.
സിങ്കിൾ, ഡ്യുവൽ എന്നിങ്ങനെയാണ് ആപ്പുകളുടെ പ്രവർത്തനം. സിങ്കിൾ ആപ്പുകളിൽ നിന്ന് അയ്യായിരത്തിൽ താഴെ മാത്രമെ വായ്‌പയായി നൽകും. ഡ്യുവൽ ആപ്പുകൾ ആമ്പതിനായിരം വരെ നൽകും. ഒരാഴ്ചക്കുള്ളിൽ തുക തിരിച്ചടക്കണം. അവസാന ദിവസത്തിന് തൊട്ട് മുമ്പ് പണം തിരികെ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം എത്തി തുടങ്ങും. കൃത്യമായി തിരികെ നൽകിയില്ലെങ്കിൽ പിന്നെ പല തരത്തിലുള്ള ഭീഷണികളായിരിക്കും ഉണ്ടാവുക. പല രൂപത്തിലും ഭാവത്തിലും നമുക്ക് ചുറ്റുമുള്ള ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ സ്ത്രീകൾ,തൊഴിൽ രഹിതർ എന്നിവരെയാണ് ലക്ഷ്യം വയ്ക്കുന്നത്.
ലോണെടുക്കാൻ സാധാരണയായി ബാങ്കിനെയോ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തെയോ സമീപിച്ചാൽ രേഖകളും ക്രെഡിറ്റ് സ്കോറും പരിശോധിക്കുക പതിവാണ്. മുഴുവൻ സാമ്പത്തിക വിവരങ്ങളും പരിശോധിച്ചാണ് സിബിൽ സ്കോർ ലഭിക്കുന്നത്. മിനിമം സ്കോർ എങ്കിലും ഉണ്ടെങ്കിലേ ഇവിടങ്ങളിൽ ലോണും ക്രെഡിറ്റ് കാർഡും അനുവദിക്കൂ. എന്നാൽ, ലോൺ ആപ്ലിക്കേഷനിൽനിന്ന് ലോൺ എടുക്കാൻ സിബിൽ സ്കോറിന്റെ ആവശ്യമില്ല. രേഖകളൊന്നും നൽകുകയും വേണ്ട. അപ്പോൾ തന്നെ അതിന്റെ ചതികുഴിയും മനസിലാക്കാം.
കോവിഡിന്റെ കാലത്താണ് ഈ ആപ്പുകളുടെ ഉപയോഗം വർധിച്ചത്, പല ബിസിനസുകളും അടച്ചുപൂട്ടുകയോ നഷ്ടത്തിലാവുകയോ ചെയ്തതോടെ, ഗണ്യമായ ആളുകൾ തൊഴിലില്ലാത്തവരും സാമ്പത്തിക ബുദ്ധിമുട്ടുള്ളവരുമായി. 2020 ജൂലൈ മുതൽ 2022 ജൂൺ വരെ ലോക്കൽ സർക്കിൾ നടത്തിയ ഒരു സർവേ പ്രകാരം, ഇന്ത്യക്കാരിൽ 14 ശതമാനം പേർ രണ്ട് വർഷത്തിനിടെ ഇത്തരം ആപ്പുകൾ ഉപയോഗിച്ചു എന്നാണ്. ലോൺ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ, ഉപയോക്താക്കൾ ഈ ആപ്പുകൾക്ക് കോൺടാക്റ്റ് ഡാറ്റ ആക്‌സസ് ചെയ്യുന്നതിനോ ഫോണിന്റെ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതിനോ പോലും യാന്ത്രികമായി അനുമതി നൽകുന്ന പ്രവണത കാണിക്കുന്നു. എന്നിരുന്നാലും ആപ്പ് പ്രവർത്തിക്കുന്നതിന് ഈ അനുമതികളിൽ ചിലത് നിർബന്ധമല്ല.
മലയാളികൾക്ക് ഇടയിൽ ലോൺ ആപ്പുകളുടെ ഉപയോഗം സാധാരണമാണ്. മറ്റു സൈബർ തട്ടിപ്പുകളിൽ പെടുന്നതിൽ പ്രായം ഒരു ഘടകം അല്ലെങ്കിലും ലോൺ ആപ്പ് കാരണം ദുരിതം അനുഭവിച്ചവരിൽ ഏറിയവരും യുവാക്കളാണ്. ഒട്ടേറെ യുവാക്കളാണു ലോൺ ആപ്പിന്റെ ചതിക്കുഴിയിൽ വീഴുന്നത്. കോവിഡ് കാലത്ത് വ്യാപകമായ ലോൺ ആപ്പുകൾ അവസാനമായി മലയാളികളെ ഞെട്ടിച്ചത് 2026 ജനുവരിയിൽ പാലക്കാട് മേനോൻ പാറ സ്വദേശി അജീഷ് (33 ) ജീവനൊടുക്കിയപ്പോഴാണ്.
ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയാണ് അജീഷ് മരിക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ഭീഷണിയുണ്ടായെന്ന് ബന്ധുക്കൾ പറയുന്നു. മരണാനന്തര ചടങ്ങുകൾക്കു ശേഷം അജീഷിന്റെ ഫോണിലേക്ക് വന്ന സന്ദേശങ്ങളും കോളുകളും കണ്ടാണ് ബന്ധുക്കൾ പൊലീസിനു പരാതി നൽകിയത്. റൂബിക് മണി’ എന്ന ലോൺ ആപ്പിൽ നിന്ന് അജീഷ് പണം കടം വാങ്ങിയിരുന്നു. 6000 രൂപയാണ് അജീഷ് ലോൺ എടുത്തത്. എല്ലാ ആഴ്‌ചയും ആയിരം രൂപ വെച്ച് അടക്കണമെന്നാണ് ആവശ്യം. ഇതിനിടെ തിരിച്ചടവ് വൈകിയപ്പോഴാണ് ഭീഷണി വന്നുതുടങ്ങിയത്. അപരിചിതമായ ഒരു നമ്പറിൽ നിന്ന് ഭീഷണികൾ വന്നതായി ബന്ധുക്കൾ പറഞ്ഞു. അജീഷിൻ്റെ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ പറഞ്ഞു.
അജീഷിന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ല. തൊട്ട് മുമ്പ് 2025 നവംബറിലാണ് സമൂഹ മാധ്യമങ്ങളിലെ സിപിഎം പ്രചാരകനായിരുന്ന അബു അരീക്കോടിന്റെ അസ്വാഭാവിക മരണത്തിൽ ലോൺ ആപ്പിന്റെ ഇടപെടൽ കാരണമായി എന്ന വിവരങ്ങൾ പുറത്തു വന്നത്. സുഹൃത്തുക്കളുടെ സമൂഹമാധ്യമ പോസ്റ്റുകളും കമന്റുകളും ആരോപണത്തിന് സാധുത നൽകുന്നതായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചത്.
വെഞ്ഞാറംമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന് തൻ്റെ സാമ്പത്തിക ബാധ്യത തീർക്കാനായി ലോൺ ആപ്പുകളിൽ നിന്ന് പണം എടുത്തിരുന്നെന്ന് അമ്മ ഷെമി പറയുകുയുണ്ടായി. ലോൺ ആപ്പുകളിൽ ദിവസം 2,000 രൂപ വരെ അടയ്ക്കേണ്ടിയിരുന്നതായി അറിയാമെന്നും ഷെമി പറഞ്ഞു.
ലോൺ ആപ്പുകളിൽ അടയ്ക്കാനായി പലപ്പോഴും അഫാൻ പണം ചോദിച്ചിരുന്നു. കയ്യിലുള്ളതെല്ലാം കൊടുത്ത് പണം തീർന്നപ്പോൾ കുഞ്ഞുമ്മയുടെ അടുത്തുനിന്ന് പണം വാങ്ങാൻ പോയി എന്നും അവർ പറഞ്ഞു. ഇത്തരത്തിൽ ലോൺ ആപ്പുകൾ വഴി മരണത്തിലേക്ക് എത്തിയവരും കടം വീട്ടനായി അക്രമത്തിലേക്ക് മാറിയവരും ചുരുക്കമല്ല എന്നതാണ് സത്യം.
2024 ആഗസ്ത് മാസത്തിലാണ് ഓൺലൈൻ ലോൺ ഭീഷണിയിൽ മനംനൊന്ത എടപ്പാറ സ്വദേശിനി ആരതി ജീവനൊടുക്കിയത് . കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുവതിയുടെയും ഭർത്താവിന്റെയും ഫോണിലേക്ക് നഗ്ന ഫോട്ടോകൾ അയച്ചു നൽകുമെന്ന് ഓൺലൈൻ ലോൺ ദാതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.
പൊന്നാനി സ്വദേശിയായ പെൺകുട്ടി ആത്മഹത്യയുടെ വക്കിൽ എത്തിയത് ലോൺ ആപ്പിന്റെ ഞെട്ടിക്കുന്ന കഥകളിൽ മറ്റൊന്നാണ്. പെൺകുട്ടി കാമുകന് ഫോൺ വാങ്ങുന്നതിനായി 20,000 രൂപ ലോൺ ആപ്പിലൂടെ എടുക്കുകയായിരുന്നു. ലോൺ അടവ് തെറ്റിയതിനെ തുടർന്ന് ആദ്യം സൗമ്യ ഭാഷയിൽ തുടങ്ങിയ സംസാരം, തുടർന്ന് സ്ഥിരം അടവുകൾ പയറ്റിത്തുടങ്ങി. മോർഫ് ചെയ്ത നഗ്നചിത്രം കൂട്ടുകാർക്ക് അയച്ചു കൊടുക്കുമെന്നും, കാമുകനുമായുള്ള ഫോണിലെ ചിത്രങ്ങൾ പ്രചരിപിക്കുമെന്നുമായി. ഭീഷണിയുടെ സ്വരം കടുപ്പിച്ചതോടെ പെൺകുട്ടി മാനസികമായി തളരുകയും ജീവനൊടുക്കാൻ പോകുന്നുവെന്ന് കൂട്ടുകാരിക്ക് മെസേജ് അയക്കുകയുമായിരുന്നു. കൂട്ടുകാരി സഹോദരനോട് ഈ വിവരം പറയുകയും ആ രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തി മരണത്തിൽ നിന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു. 2023ൽ വയനാട് അരിമുളയിൽ യുവാവ് ആത്മഹത്യ ചെയ്തിരുന്നു. 2022ൽ പുനെയിൽ ലോൺ ആപ്പിന്റെ ചതിയിൽപെട്ട് കണ്ണൂർ സ്വദേശിയായ 22 വയസുകാരൻ ജീവനൊടുക്കി.
കേരളത്തിലെ മരണ കണക്കുകൾ അപ്പോഴും പൂർണമല്ല. പലപ്പോഴും ഇക്കാര്യങ്ങൾ തുറന്നു പറയാനോ പോലീസിൽ റിപ്പോർട്ട് ചെയ്യാനോ നാണക്കേട് കാരണമോ തെറ്റായ അഭിമാനബോധം കാരണമോ തയാറാവുന്നില്ല എന്നതാണ് ശരി. പാലക്കാട് ജില്ലയിൽ മാത്രം അഞ്ച് വർഷത്തിനിടെ സൈബർ തട്ടിപ്പിനിരയായ 16 പേരാണ് ജീവനൊടുക്കിയത്. അനധികൃത ലോൺ ആപ്പുകൾ മാത്രം ഒമ്പത് പേരുടെ ജീവനെടുത്തു. കേരളത്തിന് പുറത്തും മറിച്ചല്ല സ്ഥിതി.
2020 നവംബറിലെ ഒരു രാത്രിയിൽ,ചെന്നൈയിൽ നിന്നുള്ള ഐടി പ്രൊഫഷണലായ സായ് അരവിന്ദ് എന്ന 22കാരൻ ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ചു. രണ്ട് മണിക്കൂർ നീണ്ട സംഭാഷണത്തിനിടയിൽ,നിർത്താതെ കരഞ്ഞു. പിറ്റേന്ന് അരവിന്ദ് ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ടു. തന്റെ മുഴുവൻ കോൺടാക്റ്റ് ലിസ്റ്റിലേക്കും തന്നെക്കുറിച്ചുള്ള എസ്എംഎസ് സന്ദേശങ്ങൾ ലോൺ ആപ്പുകൾ സ്വന്തം ഫോൺ ആക്സസ് ചെയ്ത് അയച്ചതിനെത്തുടർന്ന് അസ്വസ്ഥനായിരുന്നു അവൻ.
അമ്മയെയും സഹോദരിയെയും കുറിച്ച് വരെ മോശമായ സന്ദേശങ്ങൾ ഫോണിൽ നിന്നും പലർക്കും പോയി. മരിക്കുന്നതിന് പതിനഞ്ച് ദിവസം മുമ്പ്, സ്നാപ്പ്ഇറ്റ് എന്ന ആപ്പ് ഉപയോഗിച്ച് 3,000 രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടയ്ക്കാൻ കഴിയാതെ വന്നപ്പോൾ, ആപ്പിന് പിന്നിലുള്ള സംഘം, അപമാനിക്കാൻ വേണ്ടി എല്ലാ കോൺടാക്റ്റുകളിലേക്കും സന്ദേശങ്ങൾ അയച്ചതായാണ് പറയുന്നത് .
അരവിന്ദിന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഓൺലൈനിൽ പോസ്റ്റ് ചെയ്യുമെന്ന് കമ്പനി ഭീഷണിപ്പെടുത്തിയതായി സുഹൃത്ത് ഒരു സ്വകാര്യ ന്യൂസ് ഓൺലൈനിനോട് പറഞ്ഞിരുന്നു. ലോൺ ആപ്പുകളുടെ ഭീഷണിക്കും അപമാനത്തിനും ഇരയായി ആ ഒരു വർഷത്തിനിടെ ഇന്ത്യയിലുടനീളമുള്ള ആത്മഹത്യ ചെയ്തത് കുറഞ്ഞത് 64 പേരിൽ ഒരാളാണ് അരവിന്ദ് എന്നായിരുന്നു കണക്ക്.
2024ൽ വിജയവാഡയിലെ നാലാം വർഷ എൻജിനീയറിങ് വിദ്യാർഥി എം. വംശി കൃഷ്ണ (22) സ്വകാര്യ ലോൺ ആപ്പ് ഏജന്റുമാരുടെ പീഡനം സഹിക്കവയ്യാതെ നദിയിൽ ചാടി മരിച്ചു . 2025ൽ ഫെബ്രുവരി 26ന് ലോൺ ആപ്പ് ഭീഷണിയിൽ അധ്യാപകൻ അടൽ സേതുവിൽ നിന്ന് ചാടി ജീവനൊടുക്കി.
2023 ഓഗസ്റ്റ് 12 ന്, ഭോപ്പാലിൽ ഒരു കുടുംബം അവരുടെ വീട്ടിൽ വെച്ച് ഒരു സെൽഫി എടുത്തു. ശേഷം, പിതാവ് ഭൂപേന്ദ്ര വിശ്വകർമ തന്റെ എട്ട് വയസും മൂന്ന് വയസും പ്രായമുള്ള രണ്ട് ആൺമക്കൾക്ക് വിഷം നൽകി, ശേഷം അയാളും ഭാര്യയും ജീവനൊടുക്കി.
2022ൽ തെലങ്കാനയിലെ ഗുണ്ടൂർ ജില്ലയിലെ ചിന്നകകാനി ഗ്രാമത്തിലെ പ്രത്യുഷ, ഒരു താൽക്കാലിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഒരു ലോൺ ആപ്പിൽ നിന്ന് 20,000 രൂപ കടം വാങ്ങി. നിരവധി തവണ തിരിച്ചടച്ചിട്ടും, അമിതമായ പലിശനിരക്ക് കാരണം കടം വീട്ടാൻ കഴിഞ്ഞില്ല.അതേസമയം, ലോൺ റിക്കവറി ഏജന്റുമാർ അവരെ നിരന്തരം ഉപദ്രവിക്കാൻ തുടങ്ങി, മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുമെന്നും ബന്ധുക്കൾക്ക് അയയ്ക്കുമെന്നും ഭീഷണിപ്പെടുത്തി. ജീവനിടുക്കുന്നതിനു മുമ്പ്, പ്രത്യുഷ മുഴുവൻ അനുഭവവും റെക്കോർഡ് ചെയ്തു . മരണശേഷവും, ലോൺ ആപ്പ് പ്രതിനിധികൾ ഫോണിലൂടെ ബന്ധുക്കളെ ഉപദ്രവിക്കുന്നത് തുടർന്നു.
ലോൺ ആപ്പിലെ തുക തിരിച്ചടക്കുന്നതിനായി മുത്തശ്ശിയെ കൊലപ്പെടുത്തിയ കുറ്റത്തിന് പൂനെയിൽ 24 വയസുള്ള ഒരു സ്ത്രീയെ അറസ്റ്റ് ചെയ്ത വാർത്ത വലിയ രീതിയിൽ നടുക്കം സൃഷ്ടിച്ചത് ആയിരുന്നു . ക്രെഡിറ്റ് ആപ്പുകളിൽ നിന്ന് എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ വേണ്ടിയാണ് സ്ത്രീ മുത്തശ്ശിയെ കയ്യിലെ പണം സ്വന്തമാക്കാൻ ശ്രമിച്ചത് എന്നായിരുന്നു സംശയം.
2022 ഓഗസ്റ്റിലെ ടെക് ക്രഞ്ച് റിപ്പോർട്ട് പ്രകാരം, ലോൺ ആപ്പ് ഓപ്പറേറ്റർമാരിൽ നിന്നുള്ള പീഡനം മൂലമുള്ള ഏകദേശം രണ്ട് ഡസനോളം ആത്മഹത്യ കേസുകൾ ഓൺലൈനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവയിൽ അര ഡസനിലധികം ഹൈദരാബാദിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്
അന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്ന 600 നിയമവിരുദ്ധമായ വായ്പാ ആപ്പുകൾകളെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തിരിച്ചറിഞ്ഞു. 2020 ജനുവരി മുതൽ 2021 മാർച്ച് വരെ ഓൺലൈൻ ലെൻഡിംഗ് ആപ്പുകൾക്കെതിരെ സെൻട്രൽ ബാങ്കിന് 2,500ലധികം പരാതികൾ ലഭിച്ചു.
ആപ്പുകൾ ആർബിഐയിൽ രജിസ്റ്റർ ചെയ്യുകയും ആപ്പ് സ്റ്റോറുകളിൽ ലിസ്റ്റ് ചെയ്യാൻ അനുവാദമുള്ള ലോൺ ആപ്പുകളുടെ വൈറ്റ് ലിസ്റ്റിൽ ഉൾപ്പെടുകയും വേണം എന്ന് കേന്ദ്ര നിർദേശം ഉണ്ടായിരുന്നു .മൂന്നാം കക്ഷി ഏജന്റുമാരെ ഇല്ലാതാക്കുന്നതിനായി, കടം വാങ്ങുന്നയാൾ വായ്പ വാങ്ങുന്നതിനും തിരിച്ചടവിനുമായി നേരിട്ട് ഒരു ബാങ്കുമായി ഇടപാട് നടത്തണമെന്ന് ഉറപ്പാക്കാൻ ആർബിഐ മാനദണ്ഡങ്ങളും രൂപപ്പെടുത്തി. പക്ഷെ എല്ലാം വെറുതെയായി ഇന്ന് അതേ ആപ്പുകൾ പുതിയ രൂപത്തിൽ എത്തി. 2023–24 വർഷങ്ങളിൽ പ്ലേസ്റ്റോറിൽ നിന്നു നീക്കം ചെയ്ത ആപ്പുകളിൽ പലതും വേഷം മാറി തിരികെയെത്തി.
ഗൂഗിൾ ഇന്ത്യയുടെ നയങ്ങളും ചട്ടങ്ങളും പാലിക്കാത്തതിനാൽ 2022-ൽ 3,500-ലധികം ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തതായി ഗൂഗിൾ ഇന്ത്യ ഒരു റിപ്പോർട്ടിൽ പറഞ്ഞു. ഈ ആപ്പുകൾ കോൺടാക്റ്റുകളും ഫോട്ടോകളും ഉൾപ്പെടെയുള്ള ഉപയോക്തൃ ഡാറ്റ നിയമവിരുദ്ധമായി ആക്‌സസ് ചെയ്യുന്നുണ്ടായിരുന്നു.
കഴിഞ്ഞ ആറ് വർഷത്തിനിടെ വിവിധ സൈബർ തട്ടിപ്പുകളിലൂടെയും വഞ്ചനാ കേസുകളിലൂടെയും ഇന്ത്യക്കാർക്ക് 52,976 കോടി രൂപ നഷ്ടപ്പെട്ടതായി ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) ശേഖരിച്ച ഡാറ്റ വെളിപ്പെടുത്തുന്നു.
2025ൽ സൈബർ തട്ടിപ്പ് കാരണം ഉണ്ടായ 19,812 കോടി രൂപയുടെ നഷ്ടത്തിൽ 77 ശതമാനം നിക്ഷേപ പദ്ധതികളുടെ പേരിലും , 8 ശതമാനം ഡിജിറ്റൽ അറസ്റ്റിലൂടെയും, 7 ശതമാനം ക്രെഡിറ്റ് കാർഡ് തട്ടിപ്പിലൂടെയും, 4 ശതമാനം സെക്‌സ്‌റ്റോർഷനിലൂടെയും , 3 ശതമാനം ഇ-കൊമേഴ്‌സ് തട്ടിപ്പിലൂടെയും, ഒരു ശതമാനം ആപ്പ്/മാൽവെയർ അധിഷ്ഠിത തട്ടിപ്പിലൂടെയുമാണ് നഷ്ടപ്പെട്ടതെന്ന് റിപ്പോർട്ടിൽ ഉദ്ധരിച്ച ഡാറ്റ വെളിപ്പെടുത്തുന്നു.
2024-ൽ ഏകദേശം ₹22,849.49 കോടി നഷ്ടവും 19,188,52 പരാതികളും ലഭിച്ചു, 2023-ൽ ഏകദേശം ₹ 7,463.2 കോടി നഷ്ടവും 13,103,61 പരാതികളും ലഭിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. അതുപോലെ, 2022-ൽ ഏകദേശം ₹ 2,290.23 കോടി നഷ്ടവും 69,44,46 പരാതികളും ലഭിച്ചു, 2021-ൽ ₹ 551.65 കോടി നഷ്ടവും 2,62,846 പരാതികളും ലഭിച്ചു.
ലോൺ ആപ്പ് കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ നിരവധി വെല്ലുവിളികൾ നേരിടുന്നു. അവയിൽ ചിലത് വിദേശ സെർവറുകളിൽ ഹോസ്റ്റ് ചെയ്യുന്ന ആപ്പുകളും അന്താരാഷ്ട്ര കുറ്റകൃത്യ സിൻഡിക്കേറ്റുകളും ഉൾപ്പെടുന്നു എന്നതാണ്.
അനധികൃതമായി വായ്‌പ നൽകുന്നതിന് നിയമവിരുദ്ധമായി നാലായരത്തിലധികം ഓൺലൈൻ ആപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ദിവസേന നാൽപ്പതിലധികം കേസുകൾ വായ്‌പ തട്ടിപ്പ് സംബന്ധിച്ച് രാജ്യത്ത് രജിസ്റ്റർ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ പരസ്യങ്ങളായും ഫോണുകളിൽ മെസേജുകളായുമാണ് ഓൺ ലൈൻ തട്ടിപ്പ് സംഘം ആവശ്യക്കാരെ തേടിയെത്തുന്നത്. ചില അത്യാവശ്യക്കാർ ആപ്പുകൾ ഡൗൺലോഡ് ചെയ്‌തും വായ്‌പയെടുക്കാറുണ്ട്. വായ്‌പയെടുത്ത് പണം കീശയിലാകുമ്പോൾ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ച് ആരും ചിന്തിക്കില്ല.
പെർമിഷനുകളിലൂടെയാണ് ചതിക്കുഴി ഒരുക്കുന്നതെന്ന് വിദഗ്‌ധർ പറയുന്നു. ഫോണിൽ സേവ് ചെയ്ത കോൺടാക്‌ടുകളിലേക്കും ഇവർക്ക് ആക്സസ് ലഭിക്കുന്നു. ഗാലറിയിലുള്ള ഫോട്ടോസ്, വിഡിയോസ് എന്നിവ പെർമിഷനിലൂടെ അവരുടെ സെർവറിലേക്ക് കോപ്പി ചെയ്യുന്നു.എസ്എംഎസും ട്രാക്ക് ചെയ്യുന്നതുവഴി നമുക്കു വരുന്ന ഒടിപികൾ വരെ അവർക്ക് ലഭിക്കും. ഇത്തരത്തിൽ തട്ടിപ്പിനും ഭീഷണിക്കും ആവശ്യമായ എല്ലാം അവർ കൈക്കലാക്കുന്നു എന്ന് പറയാം.
റിസർവ് ബാങ്ക് രാജ്യത്തെ അംഗീകൃത വായ്‌പ ആപ്പുകളുടെ വിശദമായ പട്ടിക പുറത്തിറക്കിയിട്ടുണ്ട്.
ഈ മേഖലയിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനുള്ള 2023ലെ ഡിജിറ്റൽ വായ്‌പ മാർഗനിർദേശങ്ങളുടെ ഭാ ഗമായാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 1600 അംഗീകൃത വായ്‌പ ആപ്പുകളുടെ വിവരങ്ങളാണ് റിസർവ് ബാങ്ക് www.rbi.org.in എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്.
സാധാരണക്കാർക്കും എളുപ്പത്തിൽ പരിശോധിക്കാവുന്ന വിധത്തിലാണ് വെബ്സൈറ്റ് ക്രമീകരണം. വായ്പയ്ക്ക് സമീപിച്ചിരിക്കുന്ന ആപ്പ് അംഗീകൃതമാണോ എന്നറിയാൻ വെബ്സൈറ്റ് തുറന്ന് മധ്യഭാഗത്തുള്ള മെനുവിൽ വലത്തേ അറ്റത്തുള്ള "സിറ്റിസൺസ് കോർണർ' എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന വിവിധ ഇനങ്ങളിൽ താഴെയുള്ള DLA's deployed by Regulated Entities എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ ആപ്പുകളുടെ പട്ടിക കാണാം. പേജിൻ്റെ താഴെയായി അടുത്ത പേജിലേക്ക് പോകാനും മുൻ പേജിലേക്ക് തിരികെ വരാനും ക്ലിക്ക് ചെയ്യുന്നതിന് < > ചിഹ്നങ്ങൾ നൽകിയിട്ടുണ്ട്. ആപ്പ് ഏത് സ്ഥാപനത്തിന്റെ കീഴിലുള്ളതാണെന്നും അത് ബാങ്കാണോ ബാങ്ക് ഇതര ധനസ്ഥാപന (എൻബിഎഫ്സി)മാണോയെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ നൽകുന്ന അനുമതികളിലൂടെയാണു തട്ടിപ്പു സംഘം ചതിക്കുഴി ഒരുക്കുന്നത്. ലോൺ ആപ്പുകളിലൂടെ കുടുങ്ങിയവർക്കു സൈബർ പട്രോൾ യൂണിറ്റ് സഹായം ലഭിക്കും. അതിനായി 1930ൽ വിളിക്കാം. ഇതിലൂടെ സ്പൈ സോഫ്റ്റ്‌വെയറുകൾ നീക്കം ചെയ്തു തരും. സാങ്കേതിക തെളിവുകൾ ശേഖരിച്ചു ബന്ധപ്പെട്ട സൈബർ പൊലീസ് സ്റ്റേഷനുകൾക്ക് പരാതി കൈമാറും. തട്ടിപ്പിനരായാൽ ഭീഷണിയിൽ വീഴാതെ നിയമപരമായ സുരക്ഷ ഉറപ്പാക്കുയാണ് പ്രധാനം. ആവശ്യമായ കൗൺസലിങും ഇവർ നൽകും.
Adjust Story Font
16
