അയ്യപ്പൻ, ഭാരതാംബ,ശ്രീരാമൻ; തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ സത്യപ്രതിജ്ഞകൾ നിയമവിരുദ്ധമെന്ന് പരാതി
സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് പരാതി നൽകിയത്

ഡൽഹി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചവരുടെ സത്യപ്രതിജ്ഞകളിൽ പലതും നിയമവിരുദ്ധമാണെന്ന് പരാതി. അയ്യപ്പൻ,ഭാരതാംബ,ശ്രീരാമൻ തുടങ്ങിയ നാമങ്ങളിലെ സത്യപ്രതിജ്ഞയാണ് പരാതിക്കിടയാക്കിയത്. ഈ നാമങ്ങളിലെ സത്യപ്രതിജ്ഞ അസാധുവാണെന്ന് ചൂണ്ടിക്കാട്ടി തദേശസ്വയം ഭരണവകുപ്പ് സെക്രട്ടറിക്കാണ് പരാതി.
സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് പരാതി നൽകിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല എന്നതാണ് പരാതി. ദൈവനാമത്തിൽ,അല്ലെങ്കിൽ ദൃഢപ്രതിജ്ഞ എന്നീ വാക്കുകളാണ് സത്യപ്രതിജ്ഞയ്ക്കായി ഉപയോഗിക്കേണ്ടത്. അയ്യപ്പനും ശ്രീരാമനുമെല്ലാം ഹിന്ദുദൈവങ്ങളുടെ പേരാണെങ്കിലും ദൈവനാമത്തിൽ എന്നല്ലാതെ ഓരോ ദൈവങ്ങളുടെയും പേര് പറയാൻ ചട്ടങ്ങൾ അനുവദിക്കുന്നില്ല. അതുകൊണ്ട് തന്നെ നിയമം പാലിക്കണമെന്നാണ് പരാതിയുടെ ഉള്ളടക്കം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെടുന്നു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതിയുടെ പകർപ്പ് അയച്ചിട്ടുണ്ട്. സംസ്‌കൃതഭാഷയിലെ സത്യപ്രതിജ്ഞയും ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടുന്നു.
നിയമവിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്തവരെ കൊണ്ട്,നിയമാനുസൃത സത്യപ്രതിജ്ഞ ചെയ്യിപ്പിക്കണമെന്നാണ് ആവശ്യം. 30 ദിവസത്തിനുള്ളിൽ ചട്ടപ്രകാരമുള്ള സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ അംഗത്വം നഷ്ടമാകുമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16

