എം മെഹബൂബിനെ സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്തു
ജില്ലാകമ്മിറ്റിയിൽ 47 പേരാണ് ഉള്ളത്, ഇതിൽ 13 പേർ പുതുമുഖങ്ങളാണ്
കോഴിക്കോട് : സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയായി എം. മെഹബൂബിനെ തെരഞ്ഞെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ മെഹബൂബ് നിലവിലെ കൺസ്യൂമർഫെഡ് ചെയർമാനാണ്.
കാലാവധി പൂർത്തിയായതിനെ തുടർന്ന് പി. മോഹനൻ സ്ഥാനമൊഴിഞ്ഞപ്പോൾ ഏകകണ്ഠമായി എം. മെഹബൂബിനെ ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മുതിർന്ന നേതാവ് എന്നതിനൊപ്പം ജില്ലയിലെ പ്രധാന ന്യൂനപക്ഷ മുഖം എന്നതുകൂടി മെഹബൂബിന് തുണയായി. എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തനരംഗത്ത് സജീവമായ മഹബൂബ് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സിപിഎം ബാലുശ്ശേരി ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. അത്തോളി പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്നു. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരളാ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.
പഴയ ജില്ല കമ്മിറ്റിയിൽ നിന്ന് 11 അംഗങ്ങളെ ഒഴിവാക്കി. പി.എസ്.സി കോഴ ആരോപണത്തിൽ നിലപാടെടുത്ത ഇ. പ്രേംകുമാറും ജില്ല കമ്മിറ്റിയിൽ നിന്ന് പുറത്തായിട്ടുണ്ട്. പുതുമുഖങ്ങളായ 13 പേരിൽ രണ്ട് വനിതകളുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് ദിവസവും മുഴുവൻ സമയം സമ്മേളനത്തിൽ പങ്കെടുത്തു. എഡിഎം നവീൻ ബാബു വിഷയത്തിൽ പി.പി. ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് മുഖ്യമന്ത്രി സമ്മേളനത്തിൽ പറഞ്ഞു. പി.പി. ദിവ്യയ്ക്ക് എതിരായ നടപടി മാധ്യമ വാർത്തകൾക്ക് അനുസരിച്ചാണെന്ന സിപിഎം ജില്ല സമ്മേളനത്തിലെ പ്രതിനിധികളുടെ വിമർശനത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എന്ന നിലയിൽ ദിവ്യ പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസത്തെ പ്രസ്താവനകളിൽ ഇപിയുടെ ഭാഗത്ത് പിശകുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചർച്ചയ്ക്ക് മറുപടി നൽകി.
Adjust Story Font
16

