Quantcast

മദ്റസ അധ്യാപകര്‍ക്കുള്ള പലിശ രഹിത ഭവനവായ്പ: ഇതുവരെ അപേക്ഷ ക്ഷണിച്ചില്ല

മുന്‍ വര്‍ഷത്തെ അപേക്ഷകര്‍ക്ക് വായ്പ കൊടുത്തുതീര്‍ക്കാനുള്ളതു കൊണ്ടാണ് പുതിയ അപേക്ഷ ക്ഷണിക്കാത്തതെന്നാണ് മന്ത്രി വി അബ്ദുറഹ്‍മാന്റെ വിശദീകരണം.

MediaOne Logo

Web Desk

  • Published:

    16 March 2023 1:37 AM GMT

Madrasa teachers housing loan
X

തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കുമ്പോഴും മദ്രസ അധ്യാപകർക്കുള്ള ഭവന വായ്പക്കുള്ള അപേക്ഷ ക്ഷണിച്ചില്ല. മുന്‍ വര്‍ഷത്തെ അപേക്ഷകര്‍ക്ക് വായ്പ കൊടുത്തുതീര്‍ക്കാനുള്ളതു കൊണ്ടാണ് പുതിയ അപേക്ഷ ക്ഷണിക്കാത്തതെന്നാണ് മന്ത്രി വി അബ്ദുറഹ്‍മാന്റെ വിശദീകരണം.

2020ലാണ് ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ വഴി മദ്റസാ അധ്യാപകര്‍ക്ക് പലിശരഹിത വായ്പാ പദ്ധതി ആരംഭിച്ചത്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതാകട്ടെ കേരള മദ്റസ അധ്യാപക ക്ഷേമനിധി ബോര്‍ഡും. നടപ്പു സാമ്പത്തിക വര്‍ഷം തീരാറായിട്ടും പദ്ധതിക്ക് അപേക്ഷ ക്ഷണിക്കാത്ത് എന്തുകൊണ്ടാണെന്ന് ലീഗ് എം.എല്‍.എ പി ഉബൈദുല്ലയുടെ ചോദ്യം. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ അപേക്ഷിച്ച 217 പേര്‍ക്കും വായ്പ അനുവദിക്കാത്തതിനാലാണ് പുതിയ അപേക്ഷ ക്ഷണിക്കാത്തതെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്റെ മറുപടി. 217 പേരില്‍ വായ്പ അനുവദിച്ചത് 13 പേര്‍ക്ക് മാത്രം.

2016ലെ ഒന്നാം പിണറായി സര്‍ക്കാറും 2021ലെ രണ്ടാം പിണറായി സര്‍ക്കാറും ന്യൂനപക്ഷ ക്ഷേമത്തിനായി ചെലവഴിച്ച തുകയുടെ വിവരങ്ങളും പുറത്തുവന്നു. ആദ്യ പിണറായി സര്‍ക്കാര്‍ 432 കോടി രൂപ അനുവദിച്ചെങ്കിലും ഇതില്‍ 125.41 കോടി രൂപ ചെലവാക്കിയിട്ടില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ആദ്യ വര്‍ഷം 124 കോടി രൂപ അനുവദിച്ചതില്‍ 105 കോടി രൂപയും ചെലവാക്കി. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 14 ദിവസം ബാക്കിനില്‍ക്കെ 22.95 കോടി രൂപ ഇനിയും ചെലവാക്കാനുണ്ട്. ന്യൂനപക്ഷ ക്ഷേമത്തിന് 76 കോടി രൂപയാണ് ഈ വര്‍ഷം ബജറ്റില്‍ സംസ്ഥാനം വകയിരുത്തിയത്.

സ്കോളര്‍ഷിപ്പ് അടക്കം ന്യൂനപക്ഷ ക്ഷേമത്തിന് സര്‍ക്കാര്‍ അനുവദിച്ച പദ്ധതികള്‍ക്ക് യഥാസമയം ഫണ്ട് അനുവദിക്കാത്തതിനെ പ്രതിപക്ഷവും വിവിധ മുസ്‍ലിം സംഘടനകളും വിമര്‍ശിച്ചിരുന്നു.



TAGS :

Next Story