Quantcast

50 മണിക്കൂർ നീണ്ട ദൗത്യം, എത്തിയത് ജീവനറ്റ ശരീരം; മഹാരാജനെ പുറത്തെടുത്തു

ശനിയാഴ്ച 9 മണിയോടെയാണ് മഹാരാജനടക്കം രണ്ടു പേർ കിണറ്റിൽ കുടുങ്ങിയത്

MediaOne Logo

Web Desk

  • Updated:

    2023-07-10 05:26:49.0

Published:

10 July 2023 10:10 AM IST

Maharajans body rescued from the well
X

തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണറിൽ കുടുങ്ങിയ മഹാരാജനെ (55) പുറത്തെടുത്തു. 50 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ അൽപസമയം മുമ്പാണ് മൃതദേഹം പുറത്തെത്തിച്ചത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റി.

കിണറിനുള്ളിലെ ശക്തിയായ ഉറവയും മണ്ണ് വീഴ്ചയും രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയിരുന്നു. പലപ്പോഴും വലിയ തോതിൽ മണ്ണും ചെളിയും നീക്കം ചെയ്യേണ്ടി വന്നത് തടസ്സം സൃഷ്ടിച്ചു.

മണ്ണ് നീക്കം ചെയ്ത് 80 അടിയോളം എത്തിയ രക്ഷാപ്രവർത്തകർ മഹാരാജന്റെ ഒരു കൈ കണ്ടെന്ന് അറിയിച്ചത് പ്രതീക്ഷ നൽകിയിരുന്നെങ്കിലും മണ്ണ് വീഴ്ചയും നീരൊഴുക്കും ഇത് അസ്ഥാനത്താക്കി. 85 അടിയോളം കുഴിച്ചാൽ മഹാരാജനെ കണ്ടെത്താം എന്ന് കരുതിയിരുന്നെങ്കിലും ഇവിടെയും മണ്ണുവീഴ്ച വില്ലനായി. തീരപ്രദേശമായത് കൊണ്ടു തന്നെ സാധാരണയിൽ കവിഞ്ഞ് ആഴമുള്ള കിണറായിരുന്നു മുക്കോലയിലേത്. ഇതും രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമാക്കി..

മഹാരാജന്റെ മൃതദേഹം രാവിലെ തന്നെ കണ്ടെത്തിയിരുന്നെങ്കിലും ഇത് മണ്ണിൽ പുതഞ്ഞു പോയിരുന്നതിനാൽ പെട്ടെന്ന് പുറത്തെത്തിക്കാൻ സാധിക്കുമായിരുന്നില്ല. കപ്പിയിൽ കെട്ടി മൃതദേഹം പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ മൂന്നു പേർ കിണറ്റിലിറങ്ങി വടമടക്കം കെട്ടി മൃതദേഹം പുറത്തെത്തിക്കുകയായിരുന്നു.

ശനിയാഴ്ച 9 മണിയോടെയാണ് മഹാരാജനടക്കം രണ്ടു പേർ കിണറ്റിൽ കുടുങ്ങിയത്. മുക്കോല സർവശക്തിപുരം റോഡിൽ സുകുമാരന്റെ വീട്ടിലെ 30 വർഷം പഴക്കമുള്ള കിണറ്റിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയായിരുന്നു അപകടം. ജോലി ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കൂട്ടത്തിലുള്ളയാൾക്ക്‌ രക്ഷപ്പെടാനായെങ്കിലും മഹാരാജൻ കുടുങ്ങി. 90 അടി താഴ്ചയിലാണ് മഹാരാജൻ കുടുങ്ങിക്കിടന്നതെന്നാണ് വിവരം. രണ്ട് കോൺക്രീറ്റ് റിംഗുകൾക്കും താഴെയാണിത്. ഇവയ്ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്

തമിഴ്‌നാട് പാർവതീപുരം സ്വദേശിയാണ് മഹാരാജൻ. കഴിഞ്ഞ 22 വർഷമായി ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം തിരുവനന്തപുരത്ത് വെങ്ങാനൂരിലാണ് താമസം. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മഹാരാജൻ. മുമ്പ് ചായക്കട നടത്തിയിരുന്ന മഹാരാജൻ കുറച്ചു നാൾ കൂലിപ്പണിക്കും പോയിരുന്നു. കോവിഡിന് ശേഷമാണ് കിണറു പണിക്ക് പോയിത്തുടങ്ങിയത്.

TAGS :

Next Story