മകളുടെ നിക്കാഹ് പന്തലില്‍ ചേതനയറ്റ ശരീരമായി മജീദ്; മഞ്ചേരി വാഹനാപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായി
അപകടത്തിൽ മരിച്ച മജീദിന്റെ ഏക മകളുടെ നിക്കാഹ് നിശ്ചയിച്ച ദിവസമായിരുന്നു ഇന്ന്

മലപ്പുറം: ഏക മകൾ റിൻഷ മറിയമിന്റെ നിക്കാഹ് ദിനത്തിനു തൊട്ടുതലേദിവസമാണ് കുടുംബത്തെ സങ്കടക്കടലിലാഴ്ത്തി പിതാവ് അബ്ദുൽ മജീദിന്റെ മരണവാർത്ത എത്തുന്നത്. സന്തോഷം അലയടിക്കേണ്ട വീട്ടിലിപ്പോൾ കരച്ചിലടങ്ങുന്നില്ല. പ്രിയപ്പെട്ട മകളെ വരന് കൈപ്പിടിച്ചുകൊടുക്കേണ്ട ദിനം, അവളുടെ നിക്കാഹിനായി തയാറാക്കിയ ചെറിയ പന്തലിലേക്ക് ചേതനയറ്റ ശരീരമായി മജീദ് അവസാനമായെത്തി.
മഞ്ചേരി ചെട്ടിയങ്ങാടിയിൽ ഓട്ടോയിൽ സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മജീദിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷം വീട്ടിലെത്തിച്ചു. വീട്ടിൽ പൊതുദർശനത്തിനുശേഷം മഞ്ചേരി സെൻട്രൽ ജുമാമസ്ജിദിൽ ജനാസ നമസ്‌ക്കാരവും ഖബറടക്കവും നടന്നു.
മജീദിന്റെ അഞ്ചു മക്കളിൽ ഏക മകളാണ് റിൻഷ. മക്കളിൽ ഇളയയാൾ കൂടിയാണ്. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ന് റിൻഷയുടെ നിക്കാഹ് നിശ്ചയിച്ചിരുന്നത്. ഇതിനായി വീട്ടിൽ ചെറിയ രീതിയിൽ പന്തലും ഒരുക്കിയിരുന്നു. നിക്കാഹിനുള്ള ഒരുക്കങ്ങൾക്കിടെയാണ് ബന്ധുക്കൾക്കു വേണ്ടി ഓട്ടം പോയത്. അതുപക്ഷെ അവസാനയാത്രയാകുമെന്ന് ആരും ഓർത്തില്ല.
അപകടത്തിൽ മരിച്ച മറ്റു നാലുപേരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്. ഓട്ടോ ഡ്രൈവർ മജീദിന്റെ കുടുംബാംഗങ്ങളായ മുഹ്സിന, സഹോദരി തസ്‌നീമ, മക്കളായ ഏഴുവയസ്സുകാരി മോളി, മൂന്നുവയസുകാരി റൈസ എന്നിവരുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. മഞ്ചേരി കിഴക്കേത്തല മദ്രസയിൽ പൊതുദർശനവും നടന്നു.
അതിനിടെ, അപകടം നടന്ന ചെട്ടിയങ്ങാടിയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. സ്ഥലത്ത് അപകടങ്ങൾ തുടർക്കഥയായിട്ടും ഒരുതരത്തിലുമുള്ള സുരക്ഷാനടപടികൾ കൈക്കൊണ്ടില്ലെന്ന് ആരോപിച്ചായിരുന്നു മഞ്ചേരി-അരീക്കോട്-താമരശ്ശേരി റോഡിൽ നാട്ടുകാരുടെ ഉപരോധം.
ഒടുവിൽ തഹസിൽദാറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി. ചർച്ച നടത്തമെന്ന് ഉറപ്പിന്മേൽ നാട്ടുകാർ ഉപരോധസമരം അവസാനിപ്പിക്കുകയായിരുന്നു.
Summary: Majeed's dead body at his daughter's nikah pandal; Post-mortem of Manjeri road accident victims completed
Adjust Story Font
16

