സ്വാധീനമേഖലകളിൽ അടിതെറ്റി; എറണാകുളത്ത് ട്വന്റി 20ക്ക് വൻ തിരിച്ചടി
കൊച്ചി കോർപറേഷനിൽ ഒറ്റ സീറ്റ് പോലും കിട്ടിയില്ല.

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് ട്വന്റി 20ക്ക് വൻ തിരിച്ചടി. വലിയ ഭൂരിപക്ഷത്തോടെ ഭരിച്ചിരുന്ന കുന്നത്തനാടും മഴുവന്നൂരും ട്വന്റി 20 കോട്ടകൾ യുഡിഎഫ് തകർത്തു. ഭരണമുണ്ടായിരുന്ന വടവുകോട് ബ്ലോക്ക് പഞ്ചായത്തും നഷ്ടമായി. ജില്ലാ പഞ്ചായത്തിലും കനത്ത തിരിച്ചടിയാണുണ്ടായത്. കൊച്ചി കോർപറേഷനിൽ ഒറ്റ സീറ്റ് പോലും കിട്ടിയില്ല.
സ്വാധീനമേഖലകളിൽ പലയിടത്തും ട്വന്റി 20ക്ക് അടിതെറ്റി. ഐക്കരനാട്, കിഴക്കമ്പലം പഞ്ചായത്തുകൾ മാത്രമാണ് ഇക്കുറി ട്വന്റി 20ക്ക് ഒപ്പം നിന്നത്. അതും കഴിഞ്ഞ തവണത്തെ മൃഗീയ ഭൂരിപക്ഷം കുറഞ്ഞു. എൽഡിഎഫ് ഭരിച്ചിരുന്ന തിരുവാണിയൂർ പഞ്ചായത്ത് പിടിച്ചെടുത്തത് തോൽവിക്കിടെയിലും ട്വന്റി 20ക്ക് ആശ്വാസമായി. ഐക്കരനാട് ഇക്കുറിയും മുഴുവൻ സീറ്റുകളും ട്വന്റി 20 പിടിച്ചു.
ഐരാപുരം, പാങ്ങോട്, കടയിരിപ്പ്, മഴുവന്നൂർ ഡിവിഷനുകൾ നിലനിർത്തിയപ്പോൾ വെമ്പിള്ളി ഡിവിഷൻ കൈവിട്ടു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലും വെങ്ങോല, കിഴക്കമ്പലം, പുക്കാട്ടുപടി ഡിവിഷനുകൾ ട്വന്റി 20 നിലനിർത്തിയപ്പോൾ കൈയിലുണ്ടായിരുന്ന ചേലക്കുളം ഡിവിഷൻ നഷ്ടമായി. യുഡിഎഫ് ആണ് ചേലക്കുളം ഡിവിഷനിൽ വിജയിച്ചത്.
ജില്ലാ പഞ്ചായത്തിൽ ആകെയുണ്ടായിരുന്ന വെങ്ങോല, കോലഞ്ചേരി ഡിവിഷനുകളും ട്വന്റി 20ക്ക് നഷ്ടമായി. എൽഡിഎഫും യുഡിഎഫും പണവും മദ്യവും ഒഴുക്കിയാണ് സീറ്റ് പിടിച്ചതെന്ന ആരോപണവുമായി ട്വൻറി 20 പ്രസിഡന്റ് സാബു എം. ജേക്കബ് രംഗത്തെത്തി. ട്വന്റി 20യുടെ ശക്തികേന്ദ്രമായ കിഴക്കമ്പലത്ത് എൽഡിഎഫും യുഡിഎഫും ഒരുമിച്ച് നിന്നാണ് 2020യുടെ ഭൂരിപക്ഷം കുറച്ചത്.
Adjust Story Font
16

