Quantcast

ഓടുന്ന ട്രെയിനിൽ തീയിട്ട അക്രമി രക്ഷപ്പെട്ടത് ബൈക്കില്‍; ഇയാളുടേതെന്ന് കരുതുന്ന ബാഗ് കണ്ടെത്തി

അക്രമി ചുവന്ന ഷര്‍ട്ടും തൊപ്പിയുമാണ് ധരിച്ചിരുന്നതെന്ന് ദൃക്സാക്ഷികള്‍

MediaOne Logo

Web Desk

  • Updated:

    2023-04-03 03:30:14.0

Published:

3 April 2023 1:53 AM GMT

ഓടുന്ന ട്രെയിനിൽ തീയിട്ട അക്രമി രക്ഷപ്പെട്ടത് ബൈക്കില്‍; ഇയാളുടേതെന്ന് കരുതുന്ന ബാഗ് കണ്ടെത്തി
X

കോഴിക്കോട്: ആലപ്പുഴ - കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിനില്‍ തീ കൊളുത്തിയ അക്രമിക്കായി അന്വേഷണം തുടരുന്നു. അക്രമി ചുവന്ന ഷര്‍ട്ടും തൊപ്പിയുമാണ് ധരിച്ചിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തുകയാണ്. അക്രമി ബൈക്കില്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ ലഭിച്ചെന്നാണ് സൂചന.

ഇന്നലെ രാത്രി 9.30ഓടെയാണ് ആലപ്പുഴ - കണ്ണൂർ എക്സിക്യുട്ടീവിൽ അക്രമി യാത്രക്കാരുടെ നേരെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ട്രെയിന്‍ എലത്തൂര്‍ പിന്നിട്ടപ്പോഴാണ് സംഭവം. ഒരു പ്രകോപനവുമില്ലാതെ പെട്ടെന്ന് അക്രമി പെട്രോളൊഴിക്കുകയായിരുന്നു. ഡി1 കമ്പാര്‍ട്ട്മെന്‍റിലാണ് അക്രമം നടന്നത്. തുടര്‍ന്ന് യാത്രക്കാര്‍ ചങ്ങല വലിച്ചതോടെ കോരപ്പുഴ പാലത്തിനു മുകളില്‍ ട്രെയിന്‍ നിന്നു. ഇതോടെ അക്രമി ട്രെയിനില്‍ നിന്നിറങ്ങി ബൈക്കില്‍ രക്ഷപ്പെട്ടുവെന്നാണ് നിഗമനം.

അക്രമം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് പൊലീസ്. അക്രമിയുടേതെന്ന് കരുതുന്ന ബാഗ് ട്രാക്കില്‍ നിന്ന് കണ്ടെത്തി. പെട്രോളും മൊബൈല്‍ ഫോണുമാണ് ബാഗിലുണ്ടായിരുന്നത്. തീവ്രവാദവിരുദ്ധ സ്ക്വാഡ് വിവരങ്ങള്‍ ശേഖരിക്കുകയാണ്.

തീ കൊളുത്തിയതിനിടെ കാണാതായ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. എലത്തൂരിലെ റെയിൽവെ ട്രാക്കിൽ രാത്രി ഒന്നരയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകൾ രണ്ട് വയസ്സുകാരി സഹ്‍റ, കണ്ണൂര്‍ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്. തീ കൊളുത്തുന്നതുകണ്ട് ഭയന്ന് പുറത്തുചാടിയവരാകാം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പൊള്ളലേറ്റ് എട്ട് പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടന്നപ്പോള്‍ യാത്രക്കാര്‍ പരിഭ്രാന്തരായി പല കമ്പാര്‍ട്‍മെന്‍റുകളിലേക്കും ഓടിയിരുന്നു. പിന്നീടാണ് മൂന്നു പേരെ കാണാനില്ലെന്ന വിവരം വന്നത്. തീ കൊളുത്തിയപ്പോൾ ട്രെയിൻ നിർത്തിയ കോരപ്പുഴ പാലത്തിനും എലത്തൂർ റെയിൽവെ സ്റ്റേഷനും ഇടയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. ട്രെയിനിലെ രണ്ട് ബോഗികൾ സീല്‍ ചെയ്തു. ഇന്ന് രാവിലെ ഫോറൻസിക് പരിശോധന നടത്തും.



TAGS :

Next Story