Quantcast

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: നേരിട്ട് ഹാജരാകാന്‍ കെ സുരേന്ദ്രന് കോടതിയുടെ നോട്ടീസ്

കേസിന്റെ വിചാരണ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായാണ് നോട്ടീസ്

MediaOne Logo

Web Desk

  • Updated:

    2023-06-09 01:48:56.0

Published:

9 Jun 2023 1:11 AM GMT

Manjeshwar assembly election case notice to k surendran
X

കെ സുരേന്ദ്രന്‍

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ നേരിട്ട് ഹാജരാകാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന് കോടതി നോട്ടീസയച്ചു. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നോട്ടീസ് അയച്ചത്. കേസിന്റെ വിചാരണ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായാണ് നോട്ടീസ്.

കെ. സുരേന്ദ്രനെ കൂടാതെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്‍റ് കെ. ബാലകൃഷ്ണ ഷെട്ടി, ബി.ജെ.പി നേതാക്കളായ സുരേഷ് നായിക്, കെ. മണികണ്ഠ റൈ, ലോകേഷ് നോണ്ട എന്നിവര്‍ക്കാണ് കോടതി നോട്ടീസയച്ചത്. കഴിഞ്ഞ മാസം കോടതി നിര്‍ദേശ പ്രകാരം സുരേന്ദ്രനുൾപ്പടെ മുഴുവൻ പ്രതികളും ഹാജരാകേണ്ടതായിരുന്നു. എന്നാൽ ഇവർ കോടതിയിൽ ഹാജരായില്ല. ഇതോടെയാണ് നേരിട്ട് ഹാജരാകാൻ കോടതി നോട്ടീസ് അയച്ചത്.

ആഗസ്ത് അഞ്ചിന് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് ജില്ലാ കോടതി പരിഗണിക്കും. കഴിഞ്ഞ ജനുവരിയിലാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് പ്രതികള്‍ക്കെതിരെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.


TAGS :

Next Story