നോവല്‍ പ്രസിദ്ധീകരിക്കാമെന്ന് ഉറപ്പ് ലഭിച്ചു; നിരാഹാരസമരം അവസാനിപ്പിച്ച് മാവോയിസ്റ്റ് രൂപേഷ്
നോവലിന് പ്രസിദ്ധീകരണ അനുമതി തേടി കഴിഞ്ഞ ആറുമാസക്കാലമായി വിവിധതരത്തിലുള്ള ഇടപടലുകൾ നടന്നിരുന്നു

തൃശൂര്‍: ജയിലില്‍വെച്ച് എഴുതിയ പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് നിരാഹാരസമരമിരുന്ന മാവോയിസ്റ്റ് രൂപേഷ് സമരം അവസാനിപ്പിച്ചു. പുസ്തകം പ്രസിദ്ധീകരിക്കാമെന്ന് മുഖ്യമന്ത്രി വീണ്ടും ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചതെന്ന് ജസ്റ്റിസ് ഫോർ പ്രിസോണേഴ്‌സ് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.
പത്തുവർഷക്കാലത്തെ ജയിൽ ജീവിതത്തിൽ നിന്നും രൂപപ്പെട്ടതാണ് 'ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ' എന്ന രൂപേഷിന്റെ പുതിയ നോവൽ. ഈ നോവലിന് പ്രസിദ്ധീകരണാനുമതി ലഭിക്കാത്തതിനെ തുടർന്ന് രൂപേഷ് ഒരാഴ്ചയിലധികമായി നിരാഹാര സമരത്തിൽ ആയിരുന്നു. നോവലിന് പ്രസിദ്ധീകരണ അനുമതി തേടി കഴിഞ്ഞ ആറുമാസക്കാലമായി വിവിധതരത്തിലുള്ള ഇടപടലുകൾ നടന്നിരുന്നു. കേരളത്തിലെ മുഖ്യധാരയിലുള്ള വിവിധ സാംസ്കാരിക, മനുഷ്യാവകാശ പ്രവർത്തകർ തുടർച്ചയായി സംസ്ഥാന സർക്കാരിനോട് നോവലിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. മേയ് 3 ന് തൃശൂര്‍ ആവിഷ്കാര സ്വാതന്ത്ര്യ കൺവെൻഷനും 'ജസ്റ്റിസ് ഫോർ പ്രിസണേഴ്സിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. അതിൽ രൂപേഷ് ജയിലിൽ വച്ചെഴുതിയെ നോവലിൻ്റെ പ്രസിദ്ധീകരണ അനുമതി പ്രമേയമായി സർക്കാരിനോട് അവതരിപ്പിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിക്ക് സാംസ്കാരിക പ്രമുഖർ നോവലിന് അനുമതി കൊടുക്കാൻ ആവശ്യപ്പെട്ട് നൽകിയ നിവേദനം ജസ്റ്റിസ് ഫോർ പ്രിസണേർസിൻ്റെ പ്രവർത്തകർ മാർച്ച് 22ന് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. എന്നാൽ ഇതിന് രണ്ടുമാസത്തിനു ശേഷവും അനുമതി ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് രൂപേഷ് നിരാഹാരം ആരംഭിക്കുന്നതെന്ന് ജസ്റ്റിസ് ഫോർ പ്രിസണേഴ്‌സ് കൺവീനർ ഷൈന പറയുന്നു.
Adjust Story Font
16

