Quantcast

നോവലിന് പ്രസിദ്ധീകരണാനുമതിയില്ല: മാവോയിസ്റ്റ് രൂപേഷ് വീണ്ടും നിരാഹാര സമരത്തിന്, മരണത്തിലേക്ക് തള്ളി വിടരുതെന്ന് ഭാര്യ ഷൈന

''നോവലുമായി ബന്ധപ്പെട്ട് ജയിൽ വകുപ്പിനെ സമീപിച്ചിട്ട് ആറുമാസത്തോളമായി. എന്നിട്ടും പ്രസിദ്ധീകരണാനുമതി നൽകാതിരിക്കുന്നത് ബോധപൂർവ്വമുള്ള സമീപനത്തിന്റെ ഭാഗമാണെന്നാണ് മനസ്സിലാകുന്നത്''

MediaOne Logo

Web Desk

  • Published:

    15 Jun 2025 4:34 PM IST

നോവലിന് പ്രസിദ്ധീകരണാനുമതിയില്ല: മാവോയിസ്റ്റ് രൂപേഷ് വീണ്ടും നിരാഹാര സമരത്തിന്, മരണത്തിലേക്ക് തള്ളി വിടരുതെന്ന് ഭാര്യ ഷൈന
X

തൃശൂര്‍: ജയിലില്‍വെച്ച് എഴുതിയ പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് മാവോയിസ്റ്റ് രൂപേഷ് വീണ്ടും നിരാഹാര സമരത്തിനൊരുങ്ങുന്നു.

ശാരീരികമായ കടുത്ത പ്രശ്നങ്ങളുടെ ഇടയിലും ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ രൂപേഷിന് പ്രേരകമായത് ഈ വിഷയത്തിൽ സർക്കാരിൻ്റെ ഭാഗത്തു നിന്നുള്ള വാഗ്ദാന ലംഘനമാണെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ഷൈന പി.എ പറയുന്നു. രൂപേഷിനെ മരണത്തിലേക്ക് തള്ളി വിടരുത് എന്ന തലക്കെട്ടിലാണ് ഷൈന ഇക്കാര്യം വ്യക്തമാക്കുന്നത്.

''രൂപേഷ് ഈ നോവലിന് പ്രസിദ്ധീകരണ അനുമതിക്കായി ജയിൽ വകുപ്പിന് സമീപിച്ചിട്ട് ഏതാണ്ട് ആറുമാസത്തോളമായി. ഇനിയും ഈ നോവലിന് പ്രസിദ്ധീകരണ അനുമതി നൽകാതിരിക്കുന്നത് ബോധപൂർവ്വമുള്ള ഒരു സമീപനത്തിന്റെ ഭാഗമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

നിരാഹാരത്തിനു ശേഷം രൂപേഷിന്റെ കരളിന്റെ അവസ്ഥ 30 കൊല്ലം തുടർച്ചയായി മദ്യപിച്ച ഒരു മദ്യപാനിയുടെ കരളിൻ്റേതിനു തുല്യമാണ് എന്നാണ് ഡോക്ടർ പറഞ്ഞത്. ഈ സാഹചര്യത്തിൽ രൂപേഷ് വീണ്ടും ഒരു നിരാഹാരം നടത്തുന്നത് അങ്ങേയറ്റം അപകടകരമായ ഒരു അവസ്ഥയിലേക്ക് എത്താം.

ആട് ആൻ്റണിക്കും റിപ്പർ ജയാനന്ദനും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ അനുമതി നൽകിയ സർക്കാർ രൂപേഷിന്റെ പുസ്തകത്തിന്റെ പ്രകാശനത്തിൽ വ്യത്യസ്തമായ ഒരു സമീപനം എടുക്കുന്നത് എന്തുകൊണ്ടാണ്? പത്തുവർഷത്തിലധികം ജയിലിൽ അടച്ചിട്ടും നിയമവിധേയമായ രീതിയിൽ രൂപേഷ് പുറത്തു കടക്കുന്നത് എങ്ങനെയെങ്കിലും തടയുക എന്നതാണ് ഭരണകൂട സമീപനം- ഷൈന പറയുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രൂപേഷിനെ മരണത്തിലേക്ക് തള്ളി വിടരുത്

പ്രിയ സുഹൃത്തുക്കളെ,

രൂപേഷിന്റെ "ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന പുസ്തകത്തിൻ്റെ പ്രകാശനവുമായി ബന്ധപ്പെട്ട് വീണ്ടും ഒരു അഭ്യർത്ഥനയുമായി നിങ്ങളെ സമീപിക്കാൻ ഞാൻ നിർബന്ധിതയായിരിക്കുന്നു. മുഖ്യമന്ത്രി വാഗ്ദാനം പാലിക്കാത്തതിനെത്തുടർന്ന് രൂപേഷ് വീണ്ടും ഒരു നിരാഹാരത്തിന് ഒരുങ്ങുകയാണ് എന്ന വാർത്തയാണ് ഇങ്ങനെ ഒരു കത്തെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.

ജയിലിൽ കഴിയുന്ന ഒരാളെ സംബന്ധിച്ച് അയാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനമായ സമരം മാർഗ്ഗമാണ് നിരാഹാരം. ശാരീരികമായ കടുത്ത പ്രശ്നങ്ങളുടെ ഇടയിലും ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ രൂപേഷിന് പ്രേരകമായത് ഈ വിഷയത്തിൽ സർക്കാരിൻ്റെ ഭാഗത്തു നിന്നുള്ള വാഗ്ദാന ലംഘനമാണ്.

പുസ്തക പ്രകാശനത്തിന് അനുമതി തേടി രൂപേഷ് കഴിഞ്ഞമാസം 22-ാം തീയതി മുതൽ 9 ദിവസം നിരാഹാരം അനുഷ്ഠിച്ചിരുന്നു. നിരാഹാരത്തിനിടയിൽ മഞ്ഞപ്പിത്തം അടക്കമുള്ള കടുത്ത ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രൂപേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായി വന്നിരുന്നു. ഇതുണ്ടാക്കിയ രാഷ്ട്രീയ സമ്മർദ്ദങ്ങളെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഡിജിപിയുടെ ഓഫീസിൽ നിന്നും നിയമപരമായ മറ്റ് തടസ്സങ്ങൾ ഇല്ലെയെങ്കിൽ പുസ്തകം പ്രകാശിപ്പിക്കാൻ അനുമതി നൽകുമെന്നും പ്രകാശനത്തിൻ്റെ കാര്യത്തിൽ ജൂൺ -2 നകം തീരുമാനം ഉണ്ടാകും എന്നും ഉറപ്പു നൽകിയതിനെ തുടർന്ന് രൂപേഷ് നിരാഹാരം പിൻവലിക്കുകയായിരുന്നു.

ബിനോയ് വിശ്വം, കെ. അജിത, ഗ്രോ വാസു അടക്കമുള്ള രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും സച്ചിദാനന്ദനും ടി ടി ശ്രീകുമാറും മീന കന്ദസാമിയും കെ ടി രാം മോഹനും പി എൻ ഗോപീകൃഷ്ണനും .... എന്നിങ്ങനെ വിവിധ സാംസ്കാരിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ എഴുത്തുകാരും ഈ നോവലിന് പ്രസിദ്ധീകരണാനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സർക്കാരിനെ സമീപിച്ചിരുന്നു. ഈ നോവലിന് അനുമതി നൽകാൻ യാതൊരുവിധ നിയമ തടസ്സങ്ങളും ഇല്ല എന്ന് നിരവധി കോടതി വിധികൾ ഉദ്ധരിച്ച് പലരും ചൂണ്ടിക്കാട്ടിയിരുന്നു.

ഏതൊരു തടവുകാരനും പുസ്തകം പ്രസിദ്ധീകരിക്കാൻ അനുമതി നൽകുന്നതിനുള്ള അതേ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് രൂപേഷിനും അനുമതി നൽകുമെന്നും യാതൊരുവിധ വിവേചനവും അക്കാര്യത്തിൽ ഉണ്ടാകില്ല എന്നും മുഖ്യമന്ത്രി അംഗങ്ങളായ ഞാനും സിപി റഷീദും ഇക്കാര്യത്തിനായി മുഖ്യമന്ത്രിയെ സമീപിച്ചപ്പോൾ അദ്ദേഹം ഉറപ്പു നൽകിയിരുന്നതാണ്. ഇതിനുശേഷം മൂന്നു മാസങ്ങൾ കഴിഞ്ഞിട്ടും ഈ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. രൂപേഷ് ഈ നോവലിന് പ്രസിദ്ധീകരണ അനുമതിക്കായി ജയിൽ വകുപ്പിന് സമീപിച്ചിട്ട് ഏതാണ്ട് ആറുമാസത്തോളമായി.

ഇനിയും ഈ നോവലിന് പ്രസിദ്ധീകരണ അനുമതി നൽകാതിരിക്കുന്നത് ബോധപൂർവ്വമുള്ള ഒരു സമീപനത്തിന്റെ ഭാഗമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഗവൺമെന്റിൽ നിന്നും ഡിജിപി ഓഫീസിൽ ഇതു സംബന്ധിച്ച് ഒരു ഉത്തരവും ലഭിച്ചിട്ടില്ല എന്നാണ് രൂപേഷിനോട് ജയിൽ അധികൃതർ വിവരാവകാശത്തിന് മറുപടിയായി അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് നിരാഹാരം പുനരാരംഭിക്കുന്നതിനെക്കുറിച്ച് രൂപേഷ് ആലോചിക്കുന്നത്.

രൂപേഷിന്റെ ഇപ്പോഴത്തെ ആരോഗ്യനില വീണ്ടും ഒരു നിരാഹാരത്തിന് അനുയോജ്യമാകുമോ എന്ന് സംശയമുണ്ട്. നിരാഹാരത്തിനു ശേഷം രൂപേഷിന്റെ കരളിന്റെ അവസ്ഥ 30 കൊല്ലം തുടർച്ചയായി മദ്യപിച്ച ഒരു മദ്യപാനിയുടെ കരളിൻ്റേതിനു തുല്യമാണ് എന്നാണ് ഡോക്ടർ പറഞ്ഞത്. ഈ സാഹചര്യത്തിൽ രൂപേഷ് വീണ്ടും ഒരു നിരാഹാരം നടത്തുന്നത് അങ്ങേയറ്റം അപകടകരമായ ഒരു അവസ്ഥയിലേക്ക് എത്താം.

രൂപേഷ് തൻ്റെ കേസുകൾ എല്ലാം സ്വയം വാദിക്കുന്നതിനാൽ അദ്ദേഹം നിരാഹാരം നടത്തിയാൽ വിചാരണയുടെ അവസാന ഘട്ടത്തിലുള്ള കേസുകൾ അടക്കമുളളവയുടെ നടത്തിപ്പ് മുടങ്ങി പോകാൻ സാധ്യതയുണ്ട്. രൂപേഷിന് ശിക്ഷ വിധിച്ച കേസിൽ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. തമിഴ്നാട്ടിലെ 16 കേസുകളിൽ ആണ് രൂപേഷിന് ഇനി ജാമ്യക്കാരെ നിറുത്തേണ്ടത്. എല്ലാ രേഖകളും ശരിയാക്കി ജാമ്യക്കാരെ ഹാജരാക്കിയിട്ടും കഴിഞ്ഞ ദിവസം ഉദുമൽപേട്ടൈ കോടതി വൈകീട്ട് ആറര വരെ എല്ലാവരേയും കാത്തു നിർത്തിയ ശേഷം ബോണ്ട് ഒപ്പിടുവിക്കാൻ സാധ്യമല്ല എന്നറിയിക്കുകയായിരുന്നു.

നികുതിച്ചീട്ട് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ഔദ്യോഗിക പരിഭാഷകൻ അല്ല എന്നതാണ് ഇതിനു കാരണമായി പറഞ്ഞത്. മറ്റെല്ലാ കേസുകളിലെ ജാമ്യക്കാരെ വിളിപ്പിച്ച് ജാമ്യം അനുവദിച്ചു പറഞ്ഞയച്ച ശേഷവും ഈ കേസിലെ ജാമ്യക്കാരെ കാണാൻ മജിസ്ട്രേറ്റ് തയ്യാറായില്ല. ജാമ്യം ലഭിച്ചാലും ഇത്തരം തൊടുന്യായങ്ങൾ പറഞ്ഞ് ജാമ്യ ബോണ്ട് ഒപ്പിടുവിക്കാതിരിക്കുന്നത് ഇത്തരം കേസുകളിലെ ഒരു സ്ഥിരം രീതിയാണ്. രൂപേഷിന്റെ കേസിൽ ഇനിയും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാനാണ് സാധ്യത. പത്തുവർഷത്തിലധികം ജയിലിൽ അടച്ചിട്ടും നിയമവിധേയമായ രീതിയിൽ രൂപേഷ് പുറത്തു കടക്കുന്നത് എങ്ങനെയെങ്കിലും തടയുക എന്നതാണ് ഭരണകൂട സമീപനം. ഈ അവസ്ഥയിൽ രൂപേഷ് പുറത്തിറങ്ങിയിട്ട് നോവൽ പ്രസിദ്ധീകരിക്കുക എന്നത് എളുപ്പമല്ല.

നിങ്ങൾ ജനാധിപത്യരീതിയിൽ സമരങ്ങൾ ചെയ്യൂ എന്ന് പറയുന്നവർ ഏറ്റവും ജനാധിപത്യപരവും അഹിംസാത്മകവുമായ ഗാന്ധിയൻ സമര രീതി അവലംബിച്ച രൂപേഷിനോട് സർക്കാർ എടുക്കുന്ന സമീപനത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?

ആട് ആൻ്റണിക്കും റിപ്പർ ജയാനന്ദനും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ അനുമതി നൽകിയ സർക്കാർ രൂപേഷിന്റെ പുസ്തകത്തിന്റെ പ്രകാശനത്തിൽ വ്യത്യസ്തമായ ഒരു സമീപനം എടുക്കുന്നത് എന്തുകൊണ്ടാണ്?

ഒരു അപകടത്തെ തുടർന്ന് രണ്ടു വാരിയെല്ലുകൾ ഒടിഞ്ഞ് വിശ്രമിക്കുന്ന എനിക്ക് രൂപേഷിനെ ഒന്നു പോയി കാണാൻ പോലും പരിമിതികൾ ഉണ്ട്. ഈ വിഷയത്തിൽ ശക്തമായ ക്യാമ്പയിൻ നടത്തിയ എല്ലാ സാമൂഹിക, സാംസ്കാരിക പ്രവർത്തകരോടും രൂപേഷിൻ്റെ ജീവൻ വീണ്ടും അപകടത്തിലാകാതിരിക്കാൻ ഇടപെടണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. മുഖ്യമന്ത്രിയുടെ വാഗ്ദാനം പാലിക്കാൻ സർക്കാരിന് മുകളിൽ സമ്മർദ്ദം ചെലുത്തണമെന്നും ഞാൻ അപേക്ഷിക്കുന്നു

TAGS :

Next Story