ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണ് മലപ്പുറം മാറഞ്ചേരിക്കാരന് ദാരുണാന്ത്യം
മാറഞ്ചേരി വടമുക്കിലെ പരേതനായ എളയിടത്ത് മാറാടിക്കൽ കുഞ്ഞിമൂസയുടെ മകൻ അലിഖാനാണ് (62) മരണപ്പെട്ടത്

മാറഞ്ചേരി: ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ എളയിടത്ത് മാറാടിക്കൽ കുഞ്ഞിമൂസയുടെ മകൻ അലിഖാനാണ് (62) മരണപ്പെട്ടത്.
ഡൽഹിയിലേക്കുള്ള യാത്രക്കിടയിൽ തെലുങ്കാനക്കടുത്തുള്ള വാറങ്കലിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. അപകടം നടക്കുമ്പോൾ അലിഖാൻ താഴത്തെ ബെർത്തിൽ ചരിഞ്ഞ് കിടക്കുകയായിരുരുന്നു. സെൻട്രൽ ബെർത്ത് പൊട്ടി വീണ് കഴുത്തിൽ വന്നിടിച്ച് പിരടിയിലെ മൂന്ന് എല്ലുകൾ പൊട്ടുകയും ഞരമ്പിന് ക്ഷതം വരികയുമായിരുന്നു. അതിനെ തുടർന്ന് കൈകളും കാലുകളും തളർന്ന് പോയി.
റയിൽവേ അധികൃതർ ഉടൻ തന്നെ വാറങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് വിദഗ്ദ ചികിത്സക്കായി ഹൈദരാബാദിലെ കിംഗ്സ് മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഓപ്പറേഷൻ കഴിഞ്ഞെങ്കിലും തിങ്കളാഴ്ച മരണപ്പെടുകയായിരുന്നു. പോസ്റ്റ് മാർട്ടത്തിന് ശേഷം മയ്യിത്ത് ചൊവ്വാഴ്ച വീട്ടിൽ കൊണ്ട് വന്നു. ഖബറടക്കം നാളെ( ബുധനാഴ്ച) കാലത്ത് 8 മണിക്ക് വടമുക്ക് കുന്നത്ത് ജുമുഅത്ത് പള്ളിയിൽ നടക്കും.
മരിച്ച അലിഖാൻ്റെ ഭാര്യ: ഷക്കീല (എറണാകുളം)മകൾ: ഷസ. സഹോദരങ്ങൾ: ഹിഷാം, അബ്ദുല്ലകുട്ടി, ഉമർ, ബക്കർ, ഹവ്വാവുമ്മ, കദീജ , മറിയു. പരേതനായ ചേകനൂർ മൗലവി സഹോദരി ഭർത്താവാണ്.
Adjust Story Font
16

