ഇഎസ്എ കരട് വിജ്ഞാപനം: ഇടുക്കിയിൽ പ്രതിഷേധം ശക്തം; 52 പഞ്ചായത്തുകളിൽ പ്രത്യേക ഗ്രാമസഭ
ഗ്രാമസഭയിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കും. ഈ പ്രമേയം കേന്ദ്രസർക്കാരിന് സമർപ്പിക്കാനാണ് തീരുമാനം

ഇടുക്കി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശ (ഇഎസ്എ) കരട് വിജ്ഞാപനത്തിനെതിരെ ഇടുക്കി ജില്ലയിൽ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാന സർക്കാറിന്റെ നിർദേശങ്ങളും ആവശ്യങ്ങളും കണക്കിലെടുക്കാതെ പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ ഇടുക്കിയിലെ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിലെ 52 പഞ്ചായത്തുകളിലും സ്പെഷ്യൽ ഗ്രാമസഭകൾ വിളിച്ച് ചേർക്കുകയാണ്. നിലവിലെ വിജ്ഞാപനം മൂലം ജനങ്ങൾക്കുണ്ടായിട്ടുള്ള ആശങ്കകളും ആശങ്കാജനകമായ നിയന്ത്രണങ്ങളും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമസഭകളിൽ പ്രമേയം പാസാക്കും. തുടർന്ന് ഈ പ്രമേയം കേന്ദ്ര സർക്കാരിന് ഔദ്യോഗികമായി സമർപ്പിക്കാനാണ് തീരുമാനം.
നിലവിൽ കേന്ദ്രം പുറപ്പെടുവിച്ച കരട് വിജ്ഞാപന പ്രകാരം സംസ്ഥാനത്തെ 131 വില്ലേജുകളാണ് പരിസ്ഥിതി ലോല നിയന്ത്രണ മേഖലയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 52 വില്ലേജുകളും ഇടുക്കി ജില്ലയിലാണ് വരുന്നത്. ജനവാസ മേഖലകളെ ഒഴിവാക്കിക്കൊണ്ട് 28 വില്ലേജുകളെ നിയന്ത്രണ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് കേരളം നേരത്തെ കേന്ദ്രത്തോടും പശ്ചിമഘട്ട വിദഗ്ധ സമിതിയോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ ആവശ്യം പൂർണമായും തള്ളിക്കൊണ്ടാണ് കേന്ദ്ര സർക്കാർ കരട് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ഇതിനെതിരെയാണ് മലയോര മേഖലയിൽ ജനരോഷം ശക്തമാണ്.
Adjust Story Font
16

