Quantcast

'രാഹുലിനെ വളർത്തിയവർ തിരുത്തിയില്ല, കോൺഗ്രസ് നിൽക്കേണ്ടത് സെലിബ്രിറ്റികളുടെയും ആരാധകരുടെയും ബലത്തിലല്ല'; പോസ്റ്റ് പങ്കുവെച്ച് മാത്യു കുഴൽനാടൻ

പാർട്ടിക്കും പ്രവർത്തകർക്കും ഇന്നത്തെ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലത്തിൽ ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട് എന്ന മുഖവുരയോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    5 Dec 2025 3:45 PM IST

രാഹുലിനെ വളർത്തിയവർ തിരുത്തിയില്ല, കോൺഗ്രസ് നിൽക്കേണ്ടത് സെലിബ്രിറ്റികളുടെയും ആരാധകരുടെയും ബലത്തിലല്ല; പോസ്റ്റ് പങ്കുവെച്ച്   മാത്യു കുഴൽനാടൻ
X

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് മാത്യു കുഴൽനാടൻ എംഎൽഎ. മിനിമോഹൻ മോഹൻ എന്ന വ്യക്തിയുടെ പോസ്റ്റാണ് കുഴൽനാടൻ പങ്കുവെച്ചത്. പാർട്ടിക്കും പ്രവർത്തകർക്കും ഇന്നത്തെ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലത്തിൽ ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട് എന്ന മുഖവുരയോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

'സെലിബ്രിറ്റി രാഷ്ട്രീയക്കാർ കൃത്രിമമായി നിർമ്മിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ യാഥാർഥ്യങ്ങളുടെയും പ്രസ്ഥാനമൂല്യങ്ങളുടെയും വില കുറഞ്ഞിരിക്കുകയാണ്. 'രാഹുൽ മാങ്കൂട്ടത്തിൽ' വിവാദം ഈ മാറിപ്പോയ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഏറ്റവും വ്യക്തമായ തെളിവാണ്. ഒരു പാർട്ടി 25-ലേറെ മുതിർന്ന നേതാക്കളുമായി ആലോചിച്ചു എടുത്ത ശിക്ഷാനടപടി തന്നെ, ചിലർക്ക് ദഹിക്കാനാവാതെ പോവുകയും അവർ പൊട്ടിത്തെറിച്ച പ്രതികരണങ്ങളിലൂടെ പ്രസ്ഥാനത്തിന്റെ നൈതികബലം തന്നെ ക്ഷയിപ്പിക്കുകയും ചെയ്തപ്പോഴാണ് ഈ വിവാദം ഒരു വ്യക്തിയുടെ തെറ്റിൽനിന്ന് ഒരു വലിയ സംഘടനാ-രോഗത്തിന്റെ ലക്ഷണമായി മാറിയത്. രാഷ്ട്രീയ പ്രവർത്തനം സെലിബ്രിറ്റികളുടെ കയ്യിൽ ഏൽപ്പിച്ചപ്പോൾ അവർ പ്രസ്ഥാനത്തെ സംരക്ഷിക്കാതെ വ്യക്തികളെ സംരക്ഷിക്കുന്ന ഒരു വാണിജ്യചിന്തയിലേക്ക് വഴുതിപ്പോയി. ഉമ്മൻ ചാണ്ടിയെപ്പോലുള്ള അപൂർവ രാഷ്ട്രീയപ്രതിഭയെ രാഹുൽ മാങ്കൂട്ടത്തിനോട് ഉപമിക്കുന്നതു പോലെയുള്ള അസംബന്ധ കാഴ്ചകൾ ഇതിന്റെ തെളിവാണ്. ഇത്തരം താരതമ്യങ്ങൾ ഉയരുന്നത് വ്യക്തിയോടുള്ള പ്രസക്തികെട്ട ആരാധനയുടെ അമിതവത്കരണമാണ്, രാഷ്ട്രീയത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തോടോ നേതാക്കളുടെ ജീവിതപരമായ അർഥത്തോടോ ഇതിനു ബന്ധമില്ല. രാഹുലിന്റെ അതിവേഗ പതനത്തിന് ഉത്തരവാദിത്തം ചോദിക്കേണ്ടതാകട്ടെ അദ്ദേഹത്തെ 'എന്തും ചെയ്യാനുള്ള ലൈസൻസ്' നൽകിയവരോടാണ്- അനന്തരഫലങ്ങളെ പരിഗണിക്കാതെ ആവേശപരമായ പ്രോത്സാഹനം നൽകിയവർ തന്നെ അദ്ദേഹത്തെ ഇപ്പോഴത്തെ പ്രതിസന്ധിയിലേക്കു തള്ളിയിരിക്കുന്നു.

അതോടൊപ്പം, സൈബർ മഹിളാ കോൺഗ്രസ് നേതാക്കളുടെ പങ്കും ഈ വിവാദത്തെ കൂടുതൽ ഗുരുതരമാക്കുന്നതിൽ നിർണായകമാണ്. പാർട്ടി നയതന്ത്രത്തെ സമ്മർദത്തിലാക്കാതെ, മാധ്യമങ്ങളെ കൂട്ടുപിടിച്ച് അവർ ഒരു 'ഡിജിറ്റൽ ധൈര്യപ്രകടനം' നടത്തുകയായിരുന്നു. ആക്ഷേപങ്ങളുടെ സാരമല്ല പ്രശ്നം, പ്രശ്‌നം അത് പാർട്ടി ഘടനയിൽനിന്ന് തെറിച്ച് പോയി, ഒരു പ്രസ്ഥാനത്തിന്റെ Scaffold അതായത് അതിന്റെ വിശ്വാസബന്ധങ്ങളും ആന്തരിക നീതിബോധവും- തകർത്ത് മെഗാഫോൺ രാഷ്ട്രീയത്തിലേക്ക് ചാടിയതാണ്. ധൈര്യം സ്ഥാപനം സംരക്ഷിക്കാനുള്ള തീരുമാനങ്ങളിൽ നിൽക്കുന്നതാണ്. പ്രസ്ഥാനം തകർത്ത് സെലിബ്രിറ്റി പദവി നേടുക എന്നത് ധൈര്യമല്ല, ദൗർബല്യമാണ്. പ്രവർത്തകർ ഈ വർഷങ്ങളിലുടനീളം അനുഭവിച്ച നിരാശ ഇതാണ്. തലനാരിഴയിൽ നിലകൊള്ളുന്ന പ്രതിസന്ധിയിലാണ് 'മോമെന്ററി ധൈര്യം' മാത്രം ഉയർന്നു വരുന്നത്. പ്രസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഉത്തരവാദിത്തബോധത്തേക്കാൾ 'വൈറൽ' ധൈര്യത്തെയും 'മീഡിയയിൽ നിന്നും സ്വീകാര്യതയെയും' അവർ മുൻഗണന നൽകി.

പാലക്കാട് കോൺഗ്രസിന്റെ രാഷ്ട്രീയ തർക്കങ്ങൾ ഇന്നലെയും ഇന്നും ഒന്നുമല്ല. എന്നാൽ സൈബർ സെലിബ്രിറ്റികളുടെ വരവും പ്രവർത്തന രീതിയും ഈ പഴയ പരിക്കുകൾക്ക് ഒരു പുതിയ അശ്ലീലതയുടെ മുഖമൂടി കെട്ടി. ഐഎഎസ് ഓഫീസർമാരും ഡോക്ടർമാരും ഐടി പ്രൊഫഷണലുകളും, ഇൻഫ്്‌ളുവൻസർമാരുംസോഷ്യൽ മീഡിയയിലേക്കു കടന്നപ്പോൾ അവർ രാഷ്ട്രീയത്തിന്റെ ഉള്ളടക്കത്തിലേക്കല്ല, അവതരണത്തിലേക്കാണ് ചേക്കേറിയത്. 'ലിബറേറ്റഡ്' സാംസ്‌കാരിക ഇടങ്ങൾ എന്ന പേരിൽ സബ്സ്റ്റൻസ് ഇല്ലാത്ത പ്രസ്താവനകൾ, പാർട്ടി പാരമ്പര്യത്തെ കളിയാക്കുന്ന പോസ്റ്റുകൾ, വ്യക്തിപരമായ ആക്രമണങ്ങൾ ഇതെല്ലാം ചേർന്ന് പ്രവർത്തകരെ അകറ്റിപ്പൊക്കി, പ്രസ്ഥാനത്തിന്റെ ആത്മാവിനെ ദുർബലമാക്കി. ഭാവനാപൂർണമായെങ്കിലും രാഷ്ട്രീയമായി ശൂന്യമായ ഒരു ലോകത്തിലേക്കുള്ള ഈ മറുകണ്ടം ചാടി, പാർട്ടിക്ക് കൂടുതൽ മുറിവുകളും കലഹങ്ങളും കൊണ്ടുവന്നു.

കാലത്തിന്റെ പ്രതികാരം പലപ്പോഴും മനുഷ്യരുടെ ശബ്ദത്തേക്കാൾ ശാന്തമായിരിക്കും. പക്ഷേ അത് കൂടുതൽ കഠിനവുമാണ്. കോൺഗ്രസിന്റെ ആന്തരിക ശുദ്ധികലശം ഇപ്പോൾ അനിവാര്യമാണ്. ശബ്ദമേറിയ സെലിബ്രിറ്റികളല്ല, ഉത്തരവാദിത്തമുള്ള പ്രവർത്തകരാണ് ഒരു പ്രസ്ഥാനത്തിന്റെ ഭിത്തി. സോഷ്യൽ മീഡിയ ശബ്ദമല്ല, പ്രവർത്തനത്തിന്റെ നിഷ്ഠയാണ് ഒരു സംഘടനയെ നിലനിർത്തുന്നത്. വ്യക്തി ആരാധനയുടെ സംസ്‌കാരം പാർട്ടിയുടെ പാരമ്പര്യം നശിപ്പിച്ചുവെന്ന് തിരിച്ചറിയണം. പ്രസ്ഥാനത്തിന്റെ ചരിത്രം വിഗ്രഹങ്ങൾ കൊണ്ടല്ല നിർമ്മിച്ചത്; ആശയങ്ങൾ കൊണ്ടാണ്. ഇപ്പോൾ കോൺഗ്രസിന് വേണ്ടത് വ്യക്തികളെ രക്ഷിക്കുന്ന രാഷ്ട്രീയമല്ല പ്രസ്ഥാനത്തെ വീണ്ടും ജീവിപ്പിക്കുന്ന രാഷ്ട്രീയമാണ്. പ്രസ്ഥാനത്തോടുള്ള വിശ്വാസം തിരിച്ചെടുക്കുക, തെറ്റുകൾ സമ്മതിച്ചുകൊണ്ട് തിരിച്ചുവരിക, ശബ്ദങ്ങളുടെ അഹങ്കാരത്തിൽ നിന്ന് വിമോചനം നേടുക ഇവയൊക്കെയാണ് യഥാർഥ ധൈര്യം.

കോൺഗ്രസ് ഒരു വ്യക്തിയുടെ പേരിൽ വളർന്നതല്ല. പക്ഷേ അതിനെ തകർക്കാനായി ചിലർ അത് തങ്ങളുടെ സ്വകാര്യ അജണ്ടകൾക്കായി ഉപയോഗിച്ചു. പ്രസ്ഥാനത്തെ രക്ഷിക്കേണ്ടത് ഇപ്പോൾ തന്നെ. ഈ പ്രസ്ഥാനം തല ഉയർത്തി നിലകൊള്ളേണ്ടത് ആരാധകരുടെയും സെലിബ്രിറ്റികളുടെയും ശബ്ദത്തിൽ അല്ല, തണുത്തതും ഉത്തരവാദിത്തപരവുമായ പ്രവർത്തകരുടെ സ്ഥിരതയിലൂടെയാണ്. പാർട്ടിയുടെ പൈതൃകം തിരിച്ചറിഞ്ഞ്, സ്വയം തിരുത്തി, ആത്മബലം വീണ്ടെടുക്കുന്ന ഒരു പുതിയ യാത്ര തുടങ്ങേണ്ടത് അനിവാര്യമാണ്.

TAGS :

Next Story