Quantcast

ഉപഹാരങ്ങള്‍ വേണ്ട, സാന്നിധ്യത്താല്‍ ചടങ്ങ് അനുഗ്രഹീതമാക്കണം: ആര്യ രാജേന്ദ്രന്‍

സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണം

MediaOne Logo

Web Desk

  • Published:

    1 Sep 2022 1:51 AM GMT

ഉപഹാരങ്ങള്‍ വേണ്ട, സാന്നിധ്യത്താല്‍ ചടങ്ങ് അനുഗ്രഹീതമാക്കണം: ആര്യ രാജേന്ദ്രന്‍
X

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എൽ.എ സച്ചിൻ ദേവും സെപ്തംബർ 4ന് വിവാഹിതരാകുകയാണ്. തിരുവനന്തപുരം എ.കെ.ജി. ഹാളിൽ വെച്ചാണ് വിവാഹം. വിവാഹത്തിന് ഉപഹാരങ്ങളൊന്നും സ്വീകരിക്കില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ക്ഷണക്കത്തില്‍ ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കി.

പരമാവധി ആളുകളെ നേരിൽ ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തിൽ സകുടുംബം പങ്കുചേരണമെന്നും ആര്യ രാജേന്ദ്രൻ അഭ്യർഥിച്ചു. സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണം. എല്ലാവരുടെയും സാന്നിധ്യം കൊണ്ട് വിവാഹ ചടങ്ങ് അനുഗ്രഹീതമാക്കണമെന്നും ആര്യ രാജേന്ദ്രന്‍ അഭ്യര്‍ഥിച്ചു.

സച്ചിൻദേവ് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയാണ്. ആര്യ രാജേന്ദ്രനാകട്ടെ രാജ്യത്തെ പ്രായം കുറഞ്ഞ മേയറും. കോഴിക്കോട് സ്വദേശിയാണ് സച്ചിൻ ദേവ്. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. നിയമ ബിരുദധാരിയാണ്.

എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം ചാല ഏരിയ കമ്മിറ്റി അംഗവുമായ ആര്യ 21ആം വയസ്സിലാണ് മേയറായത്. തിരുവനന്തപുരം ആൾ സെയിന്‍റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെയാണ് മേയറായത്. ബാലസംഘ കാലം മുതലേ പരിചയക്കാരാണ് ആര്യയും സച്ചിനും. മാർച്ച് ആറിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

ക്ഷണക്കത്തിന്‍റെ പൂര്‍ണരൂപം

പ്രിയരെ,

2022 സെപ്റ്റംബർ 4ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളിൽ വെച്ച് ഞങ്ങൾ വിവാഹിതരാവുകയാണ്.

പരമാവധിപേരെ നേരിൽ ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തിൽ സകുടുംബം പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ല. ഇതൊരു അഭ്യർത്ഥനയായി കാണണം.

അത്തരത്തിൽ സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.

എല്ലാവരുടെയും സാന്നിദ്ധ്യം കൊണ്ട് വിവാഹ ചടങ്ങ് അനുഗ്രഹീതമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

അഭിവാദനങ്ങളോടെ,

ആര്യ, സച്ചിൻ

TAGS :

Next Story