മീഡിയവണിന് ഇന്ന് പതിനൊന്നാം പിറന്നാള്‍
മലയാളിക്ക് പുതിയ മാധ്യമ സംസ്കാരം പകർന്നു നൽകിയ സാർത്ഥകമായ ഒരു പതിറ്റാണ്ടിനെയാണ് ഞങ്ങൾ പിന്നിടുന്നത്

കോഴിക്കോട്: മീഡിയവണിന് ഇന്ന് 11 വയസ്സ്. മലയാളിക്ക് പുതിയ മാധ്യമ സംസ്കാരം പകർന്നു നൽകിയ സാർത്ഥകമായ ഒരു പതിറ്റാണ്ടിനെയാണ് ഞങ്ങൾ പിന്നിടുന്നത്.
നേര് ,നന്മ മുറുകെപ്പിടിച്ച മൂല്യങ്ങളിൽ തെല്ലും പതറാതെ പ്രേക്ഷകനോട് ചെയ്ത പ്രതിജ്ഞ നിറവേറ്റിയാണ് മീഡിയവണിന്‍റെ അഭിമാനയാത്ര . മുഖ്യധാരയുടെ കോലാഹലങ്ങളിൽ അവഗണിക്കപ്പെട്ടുപോയ ദുർബലന്‍റെ ശബ്ദം ഉറക്കെ കേൾപ്പിക്കുക എന്ന ദൗത്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല മീഡിയവൺ .ഇന്ത്യൻ മാധ്യമ രംഗം ആകെ അധികാരവിധേയത്വം എന്ന ചളിക്കുണ്ടിൽ വീണു പോയപ്പോഴും ഒറ്റപ്പെട്ട തിരുനാളമായി മീഡിയ വൺ നിവർന്നുനിന്നു. ഭരണകൂട നിരോധനത്തിന്റെ ഇരുണ്ട നാളുകളിൽ പോലും പ്രേക്ഷക പ്രതീക്ഷയെ ഒറ്റുകൊടുത്തില്ല ഈ വാർത്ത സംഘം.
ഓരോ വാർത്താ സന്ദർഭത്തിലും ലോകമെങ്ങുമുള്ള മലയാളികളുടെ നിശ്വാസത്തിന്‍റെ ചൂട് മീഡിയവൺ നിറഞ്ഞുനിന്നു. കാമ്പും കരുത്തുമുള്ള റിപ്പോർട്ടിങ്ങിലൂടെ അർത്ഥവും ആഴവുമുള്ള പരിപാടികളിലൂടെ വേറിട്ട ശബ്ദമായി പ്രേക്ഷകന് വേറിട്ട കാഴ്ച നൽകുന്നു ഞങ്ങൾ . വിവിധ പ്ലാറ്റ്ഫോമുകളിലായി മീഡിയവണിനെ പിന്തുടരുന്ന മില്യണ്‍ കണക്കിന് കാഴ്ചക്കാർ ആ പ്രേക്ഷക വിശ്വാസത്തിന്‍റെ തെളിവാണ് . ഇന്ത്യൻ സാമൂഹ്യരംഗം അത് സങ്കീർണമായ സ്ഥിതിയിലൂടെ കടന്നുപോകുന്ന ഈ കാലത്ത് ഒരു മാധ്യമസംഘം എത്ര പ്രധാനമാണെന്ന് ഓരോ നിമിഷത്തിലും തിരിച്ചറിയുന്നുണ്ട് ഞങ്ങൾ .ആ ബോധ്യമാണ് മുന്നോട്ടുള്ള സഞ്ചാരത്തിലും ഞങ്ങളുടെ ഊർജ്ജം .
Adjust Story Font
16

