ചികിത്സ പിഴവ്; ഉഷ ജോസഫിന്റെ വയറിൽ കുടുങ്ങിയ ശസ്ത്രക്രിയ ഉപകരണം പുറത്തെടുത്തു
പുറത്തെടുത്ത ഉപകരണം അമ്പലപ്പുഴ പൊലീസിന് കൈമാറി

- Published:
21 Feb 2026 4:08 PM IST

കൊച്ചി: വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ പൂർത്തിയായി. ഉഷയുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയ ഉപകരണം പുറത്തെടുത്തു. ഉപകരണം അമ്പലപ്പുഴ പൊലീസിന് കൈമാറി. രോഗിയുടെ നില തൃപ്തികരം എന്ന് ഡോക്ടർമാർ അറിയിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. രാവിലെ 10.30 ഓടു കൂടിയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. പൊലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് പുറത്തെടുത്ത ഉപകരണം പൊലീസിന് കൈമാറിയത്.
പുന്നപ്ര സ്വദേശിനി ഉഷ ജോസഫിൻറെ വയറ്റിലാണ് കത്രിക കുടുങ്ങിയത്. അഞ്ച് വർഷം മുൻപ് വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്കിടെയാണ് കത്രിക കുടുങ്ങിയത്. സ്‌കാനിങ്ങിനിടെയാണ് വയറ്റിനുള്ളിൽ കത്രിക കണ്ടെത്തിയത്. വിദഗ്ധ ചികിത്സയ്ക്കായി ഉഷയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
2021 മേയിലാണ് പുന്നപ്ര സ്വദേശിനി ഉഷാ തോമസിന്റെ വയറ്റിലെ മുഴ വണ്ടാനം മെഡിക്കൽ കോളജിൽ നിന്ന് നീക്കം ചെയ്തത്. ശസ്ത്രക്രിയക്ക് ശേഷം നാളിതുവരെ കടുത്ത വേദനയാണ് അനുഭവിച്ചത്. അടുത്തുള്ള സ്വകാര്യ ക്ലിനിക്കുകളിൽ പോയി വേദനസംഹാരി കഴിക്കുകയായിരുന്നു പതിവ്. എന്നാൽ, കുറച്ച് ദിവസങ്ങൾക്ക് മുൻപ് വയറുവേദന കൂടുകയും മൂത്രത്തിലൂടെ രക്തം വരികയും ചെയ്തു. ഡോക്ടറുടെ നിർദേശപ്രകാരം വണ്ടാനം മെഡിക്കൽ കോളജിലേക്ക് പോയ ഉഷയോട് ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്താമെന്ന് ഉറപ്പ് നൽകി. പിഴവ് പുറത്ത് പറയരുതെന്ന് ഡോക്ടർമാർ പറഞ്ഞതായും കുടുംബം ആരോപിച്ചു.
Adjust Story Font
16
