Quantcast

ഓടയിൽ വീണ കുട്ടിയുടെ ചികിത്സാ ചെലവ് ഏറ്റെടുക്കും; സംഭവത്തെ അപലപിച്ച് കൊച്ചി മേയർ

സംഭവത്തിൽ ഹൈക്കോടതി രൂക്ഷ വിമർശനമാണ് കോർപറേഷനെതിരെ ഉന്നയിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-11-18 11:00:01.0

Published:

18 Nov 2022 10:27 AM GMT

ഓടയിൽ വീണ കുട്ടിയുടെ ചികിത്സാ ചെലവ് ഏറ്റെടുക്കും; സംഭവത്തെ അപലപിച്ച് കൊച്ചി മേയർ
X

കൊച്ചി: പനമ്പിള്ളി നഗറിൽ മൂന്നുവയസുകാരനെ കാനയിൽ വീണ സംഭവം ദുഃഖകരമെന്ന് കൊച്ചി മേയർ അനിൽ കുമാർ. കുട്ടിയുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്നും ഇനി ഇങ്ങനെയുള്ള അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ നഗരസഭ സ്വീകരിക്കുമെന്നും മേയർ പറഞ്ഞു.

സംഭവത്തിൽ ഹൈക്കോടതി രൂക്ഷ വിമർശനമാണ് കോർപറേഷനെതിരെ ഉന്നയിച്ചത്. കുട്ടികൾക്ക് പോലും വഴി നടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും ബാരിക്കേഡ് വെച്ചാൽ ഒഴിവാക്കാമായിരുന്ന അപകടമായിരുന്നു ഇതെന്നും ഹൈക്കോടതി പറഞ്ഞു. ഇതിന് പിന്നാലെ കോർപറേഷൻ കോടതിയിൽ മാപ്പ് പറഞ്ഞു.

നേരത്തെ തന്നെ കോർപറേഷനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. രണ്ടാഴ്ചക്കുള്ളിൽ കൊച്ചിയിലെ ഓടകൾ മുഴുവൻ അടക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, ഇത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് കോർപറേഷൻ കോടതിയെ അറിയിച്ചത്. പനമ്പിള്ളി നഗർ ഗ്രന്ഥപ്പുര ലൈബ്രറിക്ക് സമീപം വോക്ക് വേയിലെ കാനയിലാണ് കുട്ടി വീണത്. നടപ്പാതയുടെ വിടവിലൂടെ കുട്ടി ഓടയിലേക്ക് വീഴുകയായിരുന്നു. അഴുക്കുവെള്ളത്തിൽ പൂർണമായും മുങ്ങിപ്പോയ കുട്ടി ഒഴുകിപ്പോകാതിരുന്നത് അമ്മയുടെ അവസരോചിതമായ ഇടപെടൽ മൂലമാണ്. പൊടുന്നനെ കാനയിലേക്കിറങ്ങിയ അമ്മ കുട്ടിയെ കാലുകൊണ്ട് ഉയർത്തിപ്പിടിക്കുകയായിരുന്നു.

അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ ഓടയിൽ നിന്നും പുറത്തെടുത്തത്. വീഴ്ചയുടെ ആഘാതത്തിൽ പരിക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാനകൾ തുറന്നിട്ടിരിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി നാട്ടുകാരും രംഗത്തുണ്ട്.

TAGS :

Next Story