സംസ്ഥാനത്ത് ഏഴ് ദിവസം കൂടി മഴ തുടരും; ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി കേരള കർണാടക തീരത്തിന് സമീപം ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചതിനാൽ അടുത്ത ഏഴ് ദിവസം കൂടി മഴ തുടരുമെന്നാണ് പ്രവചനം

Photo: Special arrangement
തിരുവനന്തപുരം: തുലാം മാസത്തിലേക്ക് കടക്കാനിരിക്കേ സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ഏഴ് ദിവസങ്ങളിൽ കേരളത്തിൽ വ്യാപകമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി കേരള കർണാടക തീരത്തിന് സമീപം ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചതിനാൽ അടുത്ത ഏഴ് ദിവസം കൂടി മഴ തുടരുമെന്നാണ് പ്രവചനം.
മഴ കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് ഇടുക്കി,കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലേർട്ടും വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിൽ മഴ ശക്തമാകാനിടയുള്ളതിനാൽ കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടും വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒക്ടോബർ 24 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര മേഖലയിലുള്ളവർ കനത്ത ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാറി താമസിക്കണമെന്നും അധികൃതർ അറിയിച്ചു. ഒറ്റപ്പെട്ട മഴയാണ് പലയിടങ്ങളിലായി നിലവിൽ പെയ്തുകൊണ്ടിരിക്കുന്നതെങ്കിലും ഉച്ചയോടെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം.
അപകടകരമായ നിലയിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഇടുക്കിയിലും പാലക്കാടും വിവിധ ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ ആനയിറങ്ങൽ,കുണ്ടള ഡാമുകളിലും പാലക്കാടിലെ മീങ്കര,വാളയാർ,മലമ്പുഴ,ചുള്ളിയാർ ഡാമുകളിലുമാണ് അതീവ ജാഗ്രതാ നിർദേശം. തൃശൂർ ഷോളയാർ ഡാമിലും തിരുവനന്തപുരം നെയ്യാർ ഡാമിൽ ഓറഞ്ച് അലേർട്ടും ഇടുക്കിയിലെ മാട്ടുപ്പെട്ടി ഡാമിൽ ബ്ലു അലേർട്ടുമാണെന്ന് ഇറിഗേഷൻ വകുപ്പ് വ്യക്തമാക്കി. സമീപവാസികളോട് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂനമർദം ശക്തിപ്രാപിച്ചതിനെ തുടർന്നുള്ള കനത്ത മഴയിൽ ഇടുക്കിയിൽ പ്രളയസമാനമായ സാഹചര്യമാണുള്ളത്. ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണം. കടൽക്ഷോഭത്തിനുള്ള സാധ്യതയുള്ളതിനാൽ കേരളാതീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.
Adjust Story Font
16

