മിഹിറിന്‍റെ ആത്മഹത്യ; പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് അന്വേഷിക്കും
മിഹിർ മുൻപ് പഠിച്ചിരുന്ന ജെംസ് സ്കൂളിലെ വൈസ് പ്രിൻസിപ്പാളിനെ സ്കൂൾ മാനേജ്മെന്‍റ് സസ്പെൻഡ് ചെയ്തു

കൊച്ചി: തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർഥി മിഹിറിന്‍റെ ആത്മഹത്യ പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് അന്വേഷിക്കും. മിഹിറിന്‍റെ മാതാപിതാക്കളോടും സ്കൂൾ അധികൃതരോടും തെളിവെടുപ്പിനായി ഇന്ന് കലക്ട്രേറ്റിൽ ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മിഹിർ മുൻപ് പഠിച്ചിരുന്ന ജെംസ് സ്കൂളിലെ വൈസ് പ്രിൻസിപ്പാളിനെ സ്കൂൾ മാനേജ്മെന്‍റ് സസ്പെൻഡ് ചെയ്തു.
മിഹിറിന്‍റെ മരണം സഹപാഠികളുടെ റാഗിങ്ങിൽ മനംനൊന്താണെന്ന് ആരോപിച്ച് കുടുംബം പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതിനെത്തുടർന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി മിഹിറിന്‍റെ മാതാപിതാക്കളോടും സ്കൂൾ അധികൃതരോടും ഇന്ന് കലക്ട്രേറ്റിൽ ഹാജരാകാൻ നിർദേശം നൽകി. അതേസമയം മിഹിർ മൂന്നുമാസം മുൻപ് പഠിച്ചിരുന്ന ജെംസ് മോഡേൺ അക്കാദമി സ്കൂൾ വൈസ് പ്രിൻസിപ്പലിനെ അന്വേഷണ വിധേയമായി സ്കൂൾ മാനേജ്മെന്‍റ് സസ്പെൻഡ് ചെയ്തു.
മിഹിറിന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് നടപടി. മിഹിർ സ്കൂൾ മാറാൻ കാരണം വൈസ് പ്രിൻസിപ്പൽ ബിനു അസീസുമായി ഉണ്ടായ പ്രശ്നത്തെ തുടർന്നാണ് എന്നും കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ മാസം പതിനഞ്ചാം തീയതിയാണ് മിഹിർ ആത്മഹത്യ ചെയ്യുന്നത്. മിഹിറിന് ഉണ്ടായ ദുരവസ്ഥ ഒരു കുട്ടിക്കും ഉണ്ടാകരുതെന്നും മരണത്തിന് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എക്സിൽ പങ്കുവെച്ചു.
Adjust Story Font
16

