ലോക മാനസികാരോഗ്യ ദിനം: 'മൈൻഡ്ഫുൾ വേവ്‌സ് 2026' സംഗമം ഒക്ടോബർ 10ന് കോഴിക്കോട് ബീച്ചിൽ
ഒക്ടോബർ 10 ശനി രാവിലെ കോഴിക്കോട് ബീച്ചിൽ ഫ്രീഡം സ്ക്വയറിൽ രാവിലെ 8 മണിക്കാണ് പരിപാടി

കോഴിക്കോട്: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഏഷ്യൻ കൗൺസിൽ ഫോർ മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'മൈൻഡ്ഫുൾ വേവ്‌സ് 2026' ഒക്ടോബർ 10 ശനിയാഴ്ച കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്‌ക്വയറിൽ നടക്കും. രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ വിവിധ ക്യാമ്പസുകളിൽ നിന്നുള്ള മനഃശാസ്ത്ര വിദ്യാർഥികൾ, അധ്യാപകർ, മനഃശാസ്ത്രജ്ഞർ, മനോരോഗ വിദഗ്ധർ, സാമൂഹിക പ്രവർത്തകർ, എൻ.ജി.ഒ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവർ, ലഹരിക്ക് അടിമപ്പെട്ടവർ, സമൂഹത്തിൽ ഒറ്റപ്പെട്ടുപോയവർ എന്നിവരെ കേൾക്കാനും ആശ്വസിപ്പിക്കാനും പൊതുസമൂഹത്തിന് ഉത്തരവാദിത്തമുണ്ടെന്ന അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. കൂടാതെ, സാമൂഹിക പ്രതിബദ്ധതയുള്ള പ്രൊഫഷണലുകളെ വാർത്തെടുക്കാനും സംഘടന ലക്ഷ്യമിടുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മാനസികാരോഗ്യ എൻ.ജി.ഒ ആണിത്.
'ഏവർക്കും മാനസികാരോഗ്യം' എന്ന മുദ്രാവാക്യമുയർത്തി വിവിധ സർക്കാർ, ഇതര സംഘടനകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സമൂഹത്തിലെ മുഴുവൻ അവശവിഭാഗങ്ങൾക്കും പ്രൊഫഷണൽ സേവനങ്ങളും ചികിത്സാ അവബോധവും ഉറപ്പാക്കാൻ ഇതുകൊണ്ട് സാധിക്കും.
മാനസികാരോഗ്യ മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു വിശാലമായ കമ്മ്യൂണിറ്റി രൂപീകരിക്കപ്പെടുന്നത്. മനഃശാസ്ത്ര-മനോരോഗ ചികിത്സാ രംഗത്തെ വിദ്യാർഥികളെയും വിദഗ്ധരെയും ഒരു കുടക്കീഴിൽ അണിനിരത്താനും, മുതിർന്ന പ്രൊഫഷണലുകളുടെ അനുഭവസമ്പത്ത് പുതുതലമുറയ്ക്ക് പകർന്നു നൽകാനും ഈ ഒത്തുചേരൽ വഴിയൊരുക്കും. പരിപാടിയിലേക്ക് പൊതുജനങ്ങളെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Adjust Story Font
16

