Quantcast

'കുറ്റപത്രം വൈകുന്നത് ശിക്ഷ ഉറപ്പുവരുത്താന്‍, എത്ര പ്രഗത്ഭരായാലും കുറ്റവാളികള്‍ രക്ഷപ്പെടില്ല': മുട്ടില്‍ മരംമുറി കേസില്‍ വനംമന്ത്രി

'റവന്യു വകുപ്പ് ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് പ്രതികൾ മരം മുറിച്ചതെന്നത്. ശക്തമായ അന്വേഷണം നടക്കുന്നുണ്ട്. എത്ര പ്രഗത്ഭരായാലും കുറ്റവാളികൾ രക്ഷപ്പെടില്ല'

MediaOne Logo

Web Desk

  • Updated:

    2023-07-25 05:39:43.0

Published:

25 July 2023 4:34 AM GMT

AKSaseendran, Muttiltreefellingcase, muttiltreecase
X

കോഴിക്കോട്: മുട്ടിൽ മരംമുറിക്കേസിൽ പുതിയ വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് വനം മന്ത്രി എ.കെ ശശീന്ദ്രൻ. നഷ്ടപ്പെട്ടത് സർക്കാരിന്റെ മുതലാണെന്നും മരം മുറിച്ചത് എവിടെനിന്നാണെന്ന കാര്യത്തിൽ തർക്കമില്ലെന്നും മന്ത്രി വ്യക്തമാക്കി. പട്ടയ ഭൂമിയിൽനിന്നാണ് മരം മുറിച്ചതെന്നും എത്ര ഉന്നതരാണെങ്കിലും പ്രതികൾ രക്ഷപ്പെടില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.

റവന്യു വകുപ്പ് ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് പ്രതികൾ മരം മുറിച്ചതെന്നതിനു കൂടുതൽ തെളിവുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പ്രതികൾ രക്ഷപ്പെടാനുള്ള പഴുതുകൾ നോക്കും. ശക്തമായ അന്വേഷണം നടക്കുന്നുണ്ട്. എത്ര പ്രഗത്ഭരായാലും കുറ്റവാളികൾ രക്ഷപ്പെടില്ലെന്നും കുറ്റക്കാർക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മരം മുറിച്ചത് പട്ടയ ഭൂമിയിൽനിന്നാണെന്നത് സർക്കാരിന്റെ നേരത്തെ തന്നെയുള്ള നിലപാടാണ്. വനഭൂമിയാണെന്ന് നേരത്തെ പറഞ്ഞത് ചില മാധ്യമങ്ങളാണ്. സർക്കാരിനാണ് നഷ്ടമുണ്ടായത്. സർക്കാരിന്റെ സംരക്ഷണത്തിലാണ് മരം ഉണ്ടായിരുന്നത്. വലിയ കുറ്റമായതുകൊണ്ടാണ് കേസുമായി മുന്നോട്ടുപോയത്. സംഭവത്തിൽ ഫലപ്രദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റക്കാർക്ക് തക്കതായ ശിക്ഷ നൽകുമെന്നും മന്ത്രി അറിയിച്ചു.

കേസിലെ പ്രതിപ്പട്ടികയിൽ സാധാരണ കർഷകരുമുണ്ട്. അവരെയെല്ലാം ജയിലിലടക്കണമെന്ന താൽപര്യം സർക്കാരിനില്ല. കേസിലെ പ്രതികൾ തന്നെ വന്നു കണ്ടിട്ടില്ലെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു.

റോജി അഗസ്റ്റിൻ വഞ്ചിച്ചെന്ന് കർഷകത്തൊഴിലാളി

കേസിൽ പ്രതിയായ റോജി അഗസ്റ്റിൻ തന്നെ വഞ്ചിച്ചെന്ന് ആദിവാസി കർഷകത്തൊഴിലാളി 'മീഡിയവണി'നോട് വ്യക്തമാക്കിയിരുന്നു. വില്ലേജ് ഓഫീസിൽ തന്റെ പേരിൽ സമർപ്പിച്ച അപേക്ഷ വ്യാജമായി സൃഷ്ടിച്ചതാണെന്ന് വയനാട് വാഴവറ്റ വാളംവയൽ കോളനിയിലെ ബാലൻ പറഞ്ഞു. തന്റെയും സഹോദരിയുടെയും പേരിൽ റോജി അഗസ്റ്റിൻ വില്ലേജ് ഓഫീസിൽ വ്യാജ അപേക്ഷ സമർപ്പിച്ചെന്ന് ബാലൻ പറഞ്ഞു. താനോ സഹോദരിയോ ഒരിടത്തും മരം മുറിക്കാൻ അപേക്ഷ നൽകുകയോ ഒപ്പിട്ടുനൽകുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'കടലാസെല്ലാം ശരിയാക്കിക്കൊള്ളാം. നിങ്ങളൊന്നുമറിയേണ്ട മരം തന്നേക്ക് എന്നാണ് എന്നോട് പറഞ്ഞത്. 80,000 രൂപ തന്നു. എൻറെയും പെങ്ങളുടെയും പട്ടയത്തിലുള്ള ഓരോ മരങ്ങളാണ് എടുത്തത്'- ബാലൻ പറഞ്ഞു.

മരം മുറിച്ചു മാറ്റാനാണ് സർക്കാരിൻറെ ഉത്തരവ് എന്ന് വിശ്വസിപ്പിച്ചാണ് റോജി അഗസ്റ്റിൻ ആദിവാസികളെയും കർഷകരെയും പറ്റിച്ചതെന്ന് വഞ്ചിക്കപ്പെട്ടവർ പറയുന്നു. സർക്കാരിലേക്ക് വലിയ തുക നൽകണമെന്ന് പറഞ്ഞാണ് മരത്തിന് തുച്ഛമായ പണം നൽകിയതെന്നും പറ്റിക്കപ്പെട്ടവർ പറയുന്നു.

ഭൂവുടമകളുടെ പേരിൽ റോജി അഗസ്റ്റിൻ വ്യാജ അപേക്ഷ തയ്യാറാക്കിയതായി ഫോറൻസിക് പരിശോധനയിലും കണ്ടെത്തിയിരുന്നു. മരം മുറിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുട്ടിൽ വില്ലേജ് സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ ഏഴെണ്ണം വ്യാജമാണെന്നാണ് കയ്യക്ഷര പരിശോധനയിൽ കണ്ടെത്തിയത്. വർഷങ്ങൾ പഴക്കമുള്ള 104 മരങ്ങൾ മുട്ടിലിൽ നിന്ന് മുറിച്ചുകടത്തി എന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.

TAGS :

Next Story