Quantcast

ജാതിചിന്ത മനസിൽ പിടിച്ച കറ; ചന്ദ്രയാനെ ചന്ദ്രനിലേക്കു വിട്ടെങ്കിലും നമ്മുടെ മനസ് കിടക്കുന്നത് പിറകിൽ-മന്ത്രി രാധാകൃഷ്ണൻ

'കേരളത്തിൽ ഒറ്റപ്പെട്ട ചിലരുടെ മനസിൽ ഇപ്പോഴും ജാതിചിന്തയുണ്ട്. ഇവിടെ പുറത്തെടുക്കാൻ കഴിയാത്തതുകൊണ്ടാണ്.'

MediaOne Logo

Web Desk

  • Updated:

    2023-09-19 08:03:37.0

Published:

19 Sep 2023 7:14 AM GMT

minister K Radhakrishnan clarifies in temple cast discrimination
X

കെ. രാധാകൃഷ്ണന്‍

തിരുവനന്തപുരം: കണ്ണൂർ പയ്യന്നൂരിലെ ക്ഷേത്രപരിപാടിക്കിടെയുണ്ടായ ജാതിവിവേചനത്തിൽ കൂടുതൽ വിശദീകരണവുമായി മന്ത്രി കെ. രാധാകൃഷ്ണൻ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജാതിവ്യവസ്ഥയുടെ ദുരന്തങ്ങളിൽനിന്ന് ഏറെ മുന്നോട്ടുപോയ നാടാണ് കേരളമെങ്കിലും ഇപ്പോഴും ചിലരുടെ മനസിൽ ജാതിചിന്തയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജാതിചിന്ത മനസിൽ പിടിച്ച കറയാണ്. പെട്ടെന്ന് മാറ്റാൻ കഴിയില്ല. ക്ഷേത്രത്തിൽ നടന്നത് ഇവിടത്തെ പൊതുസമൂഹം അംഗീകരിക്കാത്തതു കൊണ്ട് അതു വലിയ വിവാദമാക്കാൻ നിന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സമ്മേളനത്തിൽ രാജ്യത്ത് വർധിച്ചുവരുന്ന ജാതി, മത ചിന്തകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു താനെന്നും അദ്ദേഹം വിശദീകരിച്ചു. സ്വാതന്ത്ര്യം കിട്ടി 76 വർഷം കഴിഞ്ഞിട്ടും ഇന്ത്യൻ സമൂഹത്തിൽ ജാതിവിവേചനങ്ങൾ വർധിക്കുകയാണെന്നു പറയുകയായിരുന്നു ഞാൻ. ജാതിവ്യവസ്ഥയുടെ ദുരന്തങ്ങളിൽനിന്ന് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നോട്ടുപോയ നാടാണ് കേരളം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംഭവിക്കുന്ന പോലെയുള്ള കാര്യങ്ങൾ ഇവിടെ ആവർത്തിക്കാൻ പൊതുസമൂഹം അനുവദിക്കുന്നില്ല. കേരളത്തിന്റെ പൊതുസമൂഹം ഇത്തരം ചിന്തകൾക്കെതിരെ പോരാടിയാണു മുന്നോട്ടുപോകുന്നത്. ജാതിക്കും മതത്തിനുമെല്ലാം അതീതമായി മനുഷ്യാവകാശങ്ങൾക്കും സാമൂഹികനീതിക്കും വേണ്ടി വലിയ പ്രക്ഷോഭങ്ങൾ നടന്ന മണ്ണാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

''ജാതിവ്യവസ്ഥയുണ്ടാക്കിയ മാനസികാവസ്ഥ പെട്ടെന്നൊരു ദിവസം ഇല്ലാതാക്കാൻ ആർക്കുമാകില്ല. മനസിൽ പിടിച്ചൊരു കറയാണത്. വസ്ത്രത്തിൽ പിടിച്ച കറ പോലെ പെട്ടെന്ന് അത് തുടച്ചുനീക്കാനാകില്ല. മനുഷ്യന്റെ അടിസ്ഥാനപ്രശ്‌നങ്ങളിൽനിന്നു നമ്മുടെ ശ്രദ്ധതിരിക്കുന്നത് ജാതിചിന്തയും മതചിന്തയുമാണ്. മനുഷ്യന്റെ അടിസ്ഥാനപ്രശ്‌നം ചർച്ച ചെയ്യാതെ കേവലം മത-ജാതി ചിന്തകളെ കുറിച്ച് സംസാരിക്കുകയാണ്.

കേരളത്തിൽ ഇതെല്ലാം മാറ്റാൻ നല്ല പോലെ കഴിഞ്ഞിട്ടുണ്ടെങ്കിലും എല്ലാവരുടെയും മനസിന്റെ ഉള്ളിൽനിന്ന് അതു മാറിയിട്ടില്ല. മനസിലുണ്ടെങ്കിലും കേരളത്തിലത് പ്രാവർത്തികമാക്കാൻ കഴിയില്ല. കാരണം പൊതുസമൂഹം അതു ശ്രദ്ധിക്കുന്നുണ്ട്. ഒറ്റപ്പെട്ട ചിലരുടെ മനസിൽ അത് ഇപ്പോഴുമുണ്ട്. കേരളത്തിൽ പുറത്തെടുക്കാൻ കഴിയാത്തതുകൊണ്ടാണ്.''

ക്ഷേത്രത്തിൽ നടന്ന സംഭവം വലിയ വിവാദമാക്കാൻ നിന്നില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു. ''അതു വിവാദമാക്കേണ്ട ആവശ്യമില്ല. കാരണം, കേരളത്തിന്റെ പൊതുസമൂഹം അതിനെ അംഗീകരിക്കില്ലെന്നു നല്ല പോലെ എനിക്ക് അറിയാം. പണ്ട് ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണാട്ടം അഭ്യസിക്കാൻ പാവപ്പെട്ട കുട്ടികളെ അനുവദിച്ചിരുന്നില്ല. ഞാൻ സ്പീക്കറായിരുന്ന സമയത്ത് അവിടെവച്ച് ഒരു പരിപാടിക്കിടെ പ്രതികരിച്ചിരുന്നു. കല എല്ലാവർക്കും അഭ്യസിക്കാനുള്ള അവസരമുണ്ടാകണം. അന്നു പരസ്യമായി പറഞ്ഞു, മാറ്റവുമുണ്ടായി. അങ്ങനെ പതുക്കെ മാറ്റാൻ കഴിയുന്ന കാര്യങ്ങൾ മാറ്റണം''-അദ്ദേഹം പറഞ്ഞു.

അയിത്തം കൽപിക്കുന്നതു മനുഷ്യനാണ്. എന്നാൽ, അതേ മനുഷ്യന്റെ പൈസയ്ക്ക് അയിത്തമില്ല. മനുഷ്യന് അയിത്തം കൽപിക്കുന്നത് അംഗീകരിക്കാൻ പറ്റില്ല. ചന്ദ്രനിലേക്കു ചന്ദ്രയാനെ വിട്ടെങ്കിലും നമ്മുടെ മനസ് കിടക്കുന്നത് പിറകിലാണ്. ഏതെങ്കിലും ഒരു വിഭാഗം മാത്രം വിചാരിച്ചാൽ ഇതു മാറ്റാൻ കഴിയില്ലെന്നും മന്ത്രി രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

അതേസമയം, പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് ജാതിവിവേചനമുണ്ടായതായി മന്ത്രി വെളിപ്പെടുത്തിയത്. ക്ഷേത്രചടങ്ങിൽ പൂജാരിമാർ വിളക്ക് കൊളുത്തിയ ശേഷം തനിക്കു തരാതെ നിലത്ത് വച്ചെന്നും അതേ വേദിയിൽ വച്ചു തന്നെ ജാതിവിവേചനത്തിനെതിരെ പ്രതികരിച്ചെന്നും മന്ത്രി പറഞ്ഞു. കോട്ടയത്ത് നടന്ന ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രി തുറന്നടിച്ചത്.

എന്നാൽ, ഓരോ അമ്പലങ്ങളിലും ഓരോ രീതിയാണെന്നും ജാതിവിവേചനം നിലനിൽക്കുന്നുവെന്ന് പറയാൻ കഴിയില്ലെന്നും ക്ഷേത്രത്തിലെ തന്ത്രി തെക്കിനേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് 'മീഡിയവണി'നോട് പ്രതികരിച്ചു. സംഭവം നടക്കുമ്പോൾ താൻ സ്ഥലത്തുണ്ടായിരുന്നില്ല. മന്ത്രിയോ എം.എൽ.എയോ ഇതുവരെ പരാതി പറഞ്ഞിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് മന്ത്രിയുടെ പരാതി അറിഞ്ഞതെന്നും തന്ത്രി പറഞ്ഞു.

Summary: ''Caste mentality is a stain on the mind; Even though Chandrayaan was sent to the moon, our mind lies way behind ages'': Kerala SC-ST minister K Radhakrishnan clarifies in temple cast discrimination

TAGS :

Next Story