'കത്തി കാട്ടി ഭീഷണിപ്പെടുത്തി നിശബ്ദരാക്കിക്കളയാം എന്നത് മൗഢ്യമാണ്'; എമ്പുരാൻ വേട്ടക്കെതിരെ മന്ത്രി പി.എ മുഹമ്മദ് റിയാസ്
'കത്രികവെക്കലുകൾ കൊണ്ടും പ്രതികാര റെയ്ഡുകൾ കൊണ്ടും മായ്ക്കാൻ കഴിയുന്നതല്ല ചരിത്ര യാഥാർത്ഥ്യങ്ങൾ'

കോഴിക്കോട്: കത്തി കാട്ടി കലാകാരന്മാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കിക്കളയാം എന്നത് മൗഢ്യമാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കത്രികവെക്കലുകൾ കൊണ്ടും പ്രതികാര റെയ്ഡുകൾ കൊണ്ടും മായ്ക്കാൻ കഴിയുന്നതല്ല ചരിത്ര യാഥാർത്ഥ്യങ്ങൾ എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
എമ്പുരാൻ സിനിമയുടെ നിർമ്മാതാക്കളിലൊരാളായ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ ഇന്നലെ ഇഡിയുടെ റെയ്ഡ് നടന്നിരുന്നു. ഇന്ന് ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പ് നോട്ടീസ് അയക്കുകയും ചെയ്തു. എമ്പുരാൻ സിനിമക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങൾക്കും ബഹിഷ്കരണാഹ്വാനങ്ങൾക്കും ശേഷം സംഘ്പരിവാർ സിനിമയ്ക്കു പിന്നിൽ പ്രവർത്തിച്ചവരെ വേട്ടയാടാൻ തുടങ്ങി എന്നാണ് മനസ്സിലാക്കേണ്ടതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് ആവിഷ്കാര സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുമെന്ന സംഘപരിവാർ ഭീഷണി ഈ നാടിനോടു തന്നെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു
പോസ്റ്റിന്റെ പൂർണരൂപം:
കത്തി കാട്ടി ഭീഷണിപ്പെടുത്തി നിശബ്ദരാക്കി കളയാം എന്നത് മൗഢ്യമാണ്….
എമ്പുരാൻ സിനിമക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങൾക്കും ബഹിഷ്കരണാഹ്വാനങ്ങൾക്കും ശേഷം സംഘപരിവാരം സിനിമയ്ക്കു പിന്നിൽ പ്രവർത്തിച്ചവരെ വേട്ടയാടാൻ തുടങ്ങി എന്നാണ് മനസ്സിലാക്കേണ്ടത്. സിനിമയുടെ നിർമ്മാതാക്കളിലൊരാളായ ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസുകളിലും വീട്ടിലുമുള്ള ഇ ഡി റെയ്ഡിനും ചോദ്യം ചെയ്യലിനും ശേഷം ഇപ്പോൾ സംവിധായകൻ പൃഥ്വിരാജിനെയാണവർ നോട്ടമിട്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ പൃഥ്വിരാജിന് ആദായ നികുതിവകുപ്പ് നോട്ടീസ് അയച്ച വാർത്തകളാണ് പുറത്തു വരുന്നത്. എമ്പുരാൻ സിനിമയിലെ ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള രംഗങ്ങൾ സംഘപരിവാരത്തെ അത്രമാത്രം പ്രകോപിപ്പിച്ചു എന്നാണ് ഈ പ്രതികാര നടപടികൾ വ്യക്തമാക്കുന്നത്. സെൻസർ നടപടികൾ കൊണ്ടൊന്നും ഗുജറാത്ത് വംശഹത്യയുടെ പാപക്കറയിൽ നിന്നും സംഘപരിവാറിന് മോചനമില്ല. കത്രികവെക്കലുകൾ കൊണ്ടും പ്രതികാര റെയ്ഡുകൾ കൊണ്ടും മായ്ക്കാൻ കഴിയുന്നതല്ല ചരിത്ര യാഥാർത്ഥ്യങ്ങൾ. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള സംഘപരിവാർ തിട്ടൂരങ്ങൾ ഒരു തരത്തിലും കേരള സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല. സിനിമയുടെ അഭൂതപൂർവ്വമായ ജനസമ്മതി അതാണ് കാണിക്കുന്നതും. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് ആവിഷ്കാര സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുമെന്ന സംഘപരിവാർ ഭീഷണി ഈ നാടിനോടു തന്നെയുള്ള വെല്ലുവിളിയാണ്. കത്തി കാട്ടി കലാകാരന്മാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കി കളയാം എന്നത് മൗഢ്യമാണ്. കേരള സമൂഹമാകെ ഈ വിഷയത്തിൽ കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പം നിൽക്കും. അതാണ് കേരളത്തിന്റെ ചരിത്രം
Adjust Story Font
16

